Saturday, January 21, 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും... ഇത്‌ ചാനലുകളില്ലാത്ത നാളുകള്‍...!

ജോലി കഴിഞ്ഞ്‌ റൂമില്‍ തിരിച്ചെത്തുമ്പോള്‍ ലൈറ്റിന്റെ സ്വിച്ചു തേടുന്നവിരലുകള്‍ അടുത്ത നിമിഷം T.V റിമോട്ടുലിലേയ്ക്കും നീളും.എത്ര ചൂടും ഹുമിഡിറ്റിയുമാണെങ്കില്‍പോലും ഏസി സ്വിച്ചിനെക്കുറിച്ച്‌ അതിനുശേഷം മാത്രമെ ഓര്‍ക്കുകയുള്ളു..വര്‍ഷങ്ങളായുള്ള ശീലമാണത്‌.വെള്ളംപോലെ, വായുപോലെ, പ്രിയതമയുടെ കത്തും ഫോണ്‍കോളും എന്നപോലെ ചിലപ്പോഴെങ്കിലും അതിലുമപ്പുറം കൗതുകത്തോടെ,മറ്റേതൊരു പ്രവാസിയേയുംപോലെ ഞാനും കാതോര്‍ക്കും,കണ്ണര്‍പ്പിയ്ക്കും ചാനലുകളിലൂടെ,പ്രത്യേകിച്ചും ഏഷ്യാനെറ്റിലൂടെ സ്വന്തം നാടു കാണാന്‍, നാടിന്റെ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിയാന്‍..ഈ 21ഇഞ്ച്‌ മാന്ത്രികസ്ക്രീന്‍ പ്രവാസ മനസ്സിലുണ്ടാക്കിയെടുത്ത സ്വാധീനം വാക്കുകള്‍ക്കധീതമാണ്‌..ആ ചാനലുകള്‍ പലതും ആദ്യമെ കൂടു മാറി പറന്നുപോയിരുന്നു ഇപ്പോഴിതാ ഏഷ്യാനെറ്റും.ആരോടും പറയാതെ ഒളിച്ചോടിയതൊന്നുമല്ല കെട്ടോ...മാസങ്ങള്‍ക്കുമുമ്പെ മുന്നറിയപ്പു തന്നിരുന്നു..തേടിപ്പിടിച്ചു തിരിച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളും വിലാസങ്ങളും പറഞ്ഞുതന്നിരുന്നു..ഫ്രീസറലിലെ തണുപ്പുകൂടി ഉറഞ്ഞുകട്ടിയായ ഐസ്‌ ക്രീം പോലെയായായെങ്കിലും ഇന്നും ഗുണനിലവാരം കാത്തു സൂക്ഷിയ്ക്കാന്‍ പരിശ്രമിയ്ക്കുന്ന ഇന്ത്യാവിഷന്‍.,ആംഗലേയഭാഷയില്‍ ബിബിസി, യൂറോന്യൂസ്‌, അല്‍ ജസീറ,.പിന്നെ...അയ്യേ,..!പറയാന്‍തന്നെ അറപ്പുതോന്നുന്നിയ്ക്കുന്ന ഒരു നാണവും മാനവുമില്ലാതെ ഫെമിനിസത്തിന്റെ അങ്ങേ അറ്റം വരെ ക്ലോസപ്പില്‍ തുറന്നു കാണിയ്ക്കാന്‍ മടിയില്ലാത്ത ബിലാത്തി ഭൂഖണ്ഡത്തിലെ മറ്റുചില ചാനലുകള്‍. അങ്ങിനെ അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കുന്നതുകൊണ്ട്‌ ഒന്നും ചെയ്തില്ല ഇതുവരെ..അവര്‍ നിര്‍ദ്ദേശിച്ച വഴിയ്ക്കൊന്നും പോയതേയില്ല.

പണ്ട്‌ ഇവിടെ മലയാളം ഉപഗ്രഹചാനലുകളുടെ ആരംഭക്കാലം ഓര്‍ത്തുപോകുന്നു..തീരെ ചെറുപ്പമായിരുന്നു അന്ന്‌, ഈ മണല്‍നഗരത്തില്‍ പുതുമുഖവും..ഒരു ഇലക്ഷന്‍ കാലമായിരുന്നു അത്‌..റിസള്‍ട്ടു അറിയാനുള്ള ആകാംഷയുമായി രണ്ടുകിലോമീറ്റര്‍ നടന്നുപോയാണ്‌ ആദ്യമായി എഷ്യനെറ്റു കാണുന്നത്‌.ഒരാഴ്ചയ്ക്കകം ആ പ്രിയചാനല്‍ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലും എത്തി.അന്നു തുടങ്ങിയ ഏഷ്യ നെറ്റ്‌ കാഴ്ചകള്‍ക്കാണ്‌ താല്‍ക്കാലികമായാണെങ്കില്‍പോലും ഒരു ഇടവേള വന്നിരിയ്ക്കുന്നത്‌!..ജന്മശനി,ഒപ്പം എട്ടില്‍ വ്യാഴവും കരുതിയിരിയ്ക്കണം എന്നൊക്കെ കഴിഞ്ഞയാഴ്ച ആറ്റുകാല രാധകൃഷ്ണന്‍ സര്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല...അറിയാം സര്‍ അങ്ങു പറയാന്‍ പോകുന്ന പരിഹാരമാര്‍ഗം..റിസീവര്‍ യന്ത്രം അതല്ലെ പറയാന്‍ പോകുന്നത്‌..!അങ്ങിനെ ധനനഷ്ടം ഉറപ്പായി.ഡിഷ്‌ ഫിക്സ്‌ ചെയ്യാനായി തണുത്ത കാറ്റേറ്റ്‌ ഏഴാംനിലയില്‍ ടെറസില്‍ ചിലവഴിയ്ക്കുന്ന നിമിഷങ്ങള്‍, തൊട്ടുതാഴെ,എത്ര നിയന്ത്രിച്ചാലും കണ്ണുകളെ വഴിതെറ്റിമേയാന്‍ പ്രേരിപ്പിയ്ക്കുന്ന അറബികുടുംബങ്ങളുടെ അകകാഴ്ചകളുടെ മനോഹാരിത.ധനനഷ്ടത്തിനു പുറമെ കണ്ഠത്തിനുമുകളില്‍ കഫരോഗാദികള്‍,എല്ലാറ്റിനുമുപരി മാനഹാനിയ്ക്കും സാധ്യത..എത്ര അച്ചട്ടമാണ്‌ ഈ ചാനലിലിലെ ഭാവിഫലപ്രവചനങ്ങള്‍ പോലും ! 

ഇടതുപക്ഷം, വലതുപക്ഷം,സൂര്യന്‍,ഐസ്ക്രീം,അമ്മ,അച്ചായന്‍.അങ്ങിനെ ചാനലുകള്‍ നിരവധി വന്നെങ്കിലും..ആദ്യ പ്രണയത്തിന്റെ ഓര്‍മ പോലെ ചാനല്‍ എന്നു പറയുമ്പോള്‍ ഇന്നും എന്റെയൊക്കെ തലമുറയിലുള്ള ഏതൊരു മലയാളിയുടേയും മനസ്സില്‍ എപ്പോഴും ആദ്യം ഓടിയെത്തുക ഏഷ്യാനെറ്റു തന്നെയായിരിയ്ക്കും.രാജശ്രീവാരിയരുടെ പുഞ്ചിരിയുടെ അഴകില്‍, പാര്‍വ്വതിയുടെ തറവാടിത്വം തുളുമ്പുന്ന മുഖകാന്തിയില്‍, പ്രസാദിന്റെ ശുദ്ധ മലയാളത്തിന്റെ അകമ്പടിയില്‍ പ്രവാസിയുടെ സുപ്രഭാതത്തിന്റെ മനം കുളിര്‍പ്പിച്ചുകൊണ്ടുള്ള ഉജ്വലതുടക്കം...നികേഷും,മായയും റാണിയും മാറി മാറി സ്ക്രീനില്‍ നിറസാന്നിധ്യമായി തിളങ്ങിനിന്ന രാക്ഷ്ട്രീയലക്ഷ്യങ്ങളുടെ അതിപ്രസരമോ,വിദഗ്ദരുടെ അകമ്പടിയോ ഇല്ലാതെ തീര്‍ത്തും ലളിതമായ വാര്‍ത്താവതരണനിമിഷങ്ങള്‍..തിളക്കം മങ്ങാത്ത പുത്തന്‍കണ്ണാടിയിലൂടെ ഗോപകുമാര്‍ ഒരുക്കിത്തരാറുള്ള സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളുടെ സത്യസന്ധത..,നമ്മള്‍തമ്മില്‍ യാതൊരു വ്യത്യാസുമില്ലെന്നോതുന്ന ആത്മാര്‍ത്ഥതയുമായി ചാടിത്തുള്ളി സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന ശ്രീകണ്ഠന്‍ നായര്‍.."ഇന്ദു,ഹരി,സുകു മുത്തശ്ശി..."ഇന്നും പേരു മറക്കാത്ത ആ കഥാപാത്രങ്ങളുമായി സീരിയലുകളുടെ കുലദേവതയായ "സ്ത്രീ സീരിയല്‍".നിമിഷ നേരംകൊണ്ട്‌ നിഷ്പക്ഷനര്‍മ്മം വിളമ്പി അതിശയിപ്പിച്ചിരുന്ന പഴയ മുന്‍ഷി.ശാലീന സൗന്ദര്യം വഴിഞ്ഞൊഴുകി, ലാളിത്യം തുളുമ്പിനിന്നിരുന്ന ഏഷ്യ നെറ്റിന്റെ ആദ്യകാലം ആ ചാനലിന്റെ വസന്തകാലം തന്നെയായിരുന്നു.പാരമ്പര്യത്തിന്റേയും പ്രതാപത്തിന്റേയും ഭാഗമായി ചില തറവാടുകളില്‍ മുടങ്ങാതെ വഴിപാടായി തുടര്‍ന്നുവരാറുള്ള ചടങ്ങുകള്‍പോലെ, ബാത്ത്‌റൂമിലെ ഈര്‍പ്പത്തില്‍ പുള്ളിക്കുത്തുവീണു മുഖം തെളിഞ്ഞു കാണാത്ത കണ്ണാടിയ്ക്കു സമാനം നിറംകെട്ടിട്ടാണെങ്കിലും മുടന്തി മുടന്തി മുന്നോട്ടുപോകുന്നു ഇന്നും ആ പ്രോഗ്രാമുകളില്‍ പലതും. 

അന്ന്‌ രാജശ്രീവാരിയര്‍...ഇന്ന്‌ രഞ്ജിനി ഹരിദാസ്‌.!.സ്വയം എടുത്തണിഞ്ഞ "നാട്യറാണി" കീരിടത്തിന്റെ തിളക്കത്തില്‍ വിരാജിയ്ക്കുന്ന ഏഷ്യാനെറ്റിന്റെ പുത്തന്‍ രൂപഭാവങ്ങളെക്കുറിച്ചു ഒറ്റ വാചകത്തില്‍ അങ്ങിനെ വിലയിരുത്താനെ കഴിയുന്നുള്ളു എനിയ്ക്ക്‌..പട്ടണത്തില്‍പോയി മുടിമുറിച്ചും ചുണ്ടില്‍ ചായം തേച്ചും പരിഷ്കാരിയായിമാറി മാതൃഭാഷ കുരച്ചു കുരച്ചു മാത്രം സംസാരിയ്ക്കുന്നത്‌ അന്തസ്സായി കരുതുന്ന ഒരു പെണ്‍കുട്ടിയെപോലെ, അണിയിച്ചൊരുക്കുന്നതിനിടയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ അമിതമായ ഉപയോഗംമൂലം സ്വാഭാവിക സൗന്ദര്യം കൂടി നഷ്ടപ്പെടുത്തി വിവാഹവേദിയിലെത്തുന്ന ഒരു മണവാട്ടിയെന്നപോലെ.എവിടയോ എന്തൊക്കയോ അപാകതകള്‍.!കാലികമായിരിയ്ക്കാം...ആധുനികതയുടെ രൂപഭാവങ്ങളിതായിരിയ്ക്കാം.പഴഞ്ചനായ ഞാനെന്റെ നിറം മങ്ങിയ കണ്ണുകളിലൂടെ നോക്കിക്കാണുന്നതിന്റെ കുഴപ്പവുമാകാം.

ഒരു ചാനലില്‍ന്റെ മാത്രം കാര്യമല്ലിത്‌..എങ്ങിനെയൊക്കെ ചിന്തിച്ചാലും ന്യായീകരിച്ചാലും മറ്റേതു രംഗത്തേക്കാളുമുപരി മാധ്യമരംഗത്തിന്‌ വല്ലാതെ അപചയം സംഭവിച്ചിരിയ്ക്കുന്നു.വിവാഹത്തിനുമുമ്പുള്ള അവിഹിതഗര്‍ഭത്തിന്റെ മൗനനൊമ്പരം പേറി ശിഷ്ടക്കാലജീവിതം കണ്ണീരോടെ തള്ളിനീക്കെണ്ടി വരുന്ന ഭാര്യ.സമാന്തരമായി ഭാര്യയറിയാതെ പരസ്ത്രീഗമനത്തൊനൊരുങ്ങുന്ന ഭര്‍ത്താവ്‌..ഇതൊക്കെ സമൂഹത്തില്‍ സര്‍വ്വസാധാരണം എന്ന സന്ദേശം നല്‍കുന്ന സീരിയലുകള്‍,സ്കൂള്‍ യുവജനോല്‍സവങ്ങളെ വെല്ലുന്ന പണക്കൊഴുപ്പിന്റേ വേദിയായി മാറുന്ന റിയാലിറ്റിഷോകള്‍, ആഭാസപ്രകടനങ്ങളുടെ,ധൂര്‍ത്തിന്റേയും കൂത്തരങ്ങായിമാറുന്ന അവാര്‍ഡുദാനച്ചടങ്ങുകള്‍...ഇതെല്ലാംകണ്ട്‌ കഥയും ജീവിതവും ഇഴതിരിച്ചു വേര്‍പ്പെടുത്താനാവാതെ നിലാവത്തഴിച്ചു വിട്ട കോഴികള്‍ക്കു സമാനം തളര്‍ന്നു ശൂന്യമായലയുന്ന പ്രേക്ഷകമനസ്സുകളിലേയ്ക്ക്‌ ഉപഭോഗസംസ്കാരത്തിന്റെ നീലവെളിച്ചവുമായി ഇരച്ചുകയറി ഇരുപ്പുറപ്പിയ്ക്കുന്ന വസ്ത്ര,രത്ന,വാഹനവ്യാപരികളും.!എല്ലാം ശുഭം.!.
തട്ടിപ്പുവാതം,ആഡംബരജ്വരം,മോഹപിത്തം,കാമജ്വരം,ക്രോധപനി,ആസക്തിചൊറി,പീഡനകടി,വിദ്വേഷചുമ,പ്രതികാരകാന്‍സര്‍. അങ്ങിനെയങ്ങിനെ എന്റെടൈന്‍മെന്റ്‌ചാനലുകള്‍ പ്രേക്ഷകമനസ്സുകളില്‍ അനുദിനം നിക്ഷേപിയ്ക്കുന്ന മാലിന്യങ്ങള്‍ സമൂഹമനസ്സില്‍ പടര്‍ത്തുന്ന എണ്ണിയിലാലൊടുങ്ങാത്ത ഇത്തരം മഹാരോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരം നഗരവാസികളുടെ താല്‍ക്കാലിക മാലിന്യപ്രശ്നങ്ങള്‍ എത്ര നിസ്സാരം.!
ആരെയും മനപൂര്‍വ്വം വിമര്‍ശിയ്ക്കാന്‍ മോഹിയ്ക്കുന്നതു കൊണ്ടല്ല ഇത്രയുമൊക്കെ കുറിയ്ക്കേണ്ടി വരുന്നത്‌...പലതും കാണുമ്പോള്‍ മൗനം പാലിയ്ക്കാന്‍ കഴിയുന്നില്ല.രാഷ്ട്രീയക്കാര്‍ ചാനലുകളെ വിലയ്ക്കു വാങ്ങി അവരുടെ കുഴലൂത്തുക്കാരാക്കി മാറ്റിയിരിയ്ക്കുന്നു.അതൊടെ അവര്‍ക്കു കാര്യങ്ങള്‍ എളുപ്പമായി..പോസ്റ്ററുകള്‍ ഒട്ടിയ്ക്കാന്‍ ഉറക്കമൊഴിയ്ക്കേണ്ട.തെരുവോരങ്ങള്‍ കയ്യേറിയുള്ള പ്രകടനങ്ങള്‍ വഴി നിയമവും ലംഘിയ്ക്കേണ്ട.കവലപ്രസംഗങ്ങള്‍ നടത്തി വെയില്‍ കൊണ്ടു തൊലിവെളുപ്പു കളയേണ്ട.തന്നെയുമല്ല ചാനല്‍ ക്യാമറയുടെ വെളിച്ചത്തില്‍ കുറെ നേരമിരുന്നാല്‍ തൊലിമിനുപ്പു കൂടുകയും ചെയ്യും അങ്ങിനെ സ്വയം പ്രദരശനത്തിന്റേയും, ഒപ്പം എതിരാളികളെ താറടിച്ചു കാണിയ്ക്കുന്നതിന്റേയും ക്വൊട്ടേഷന്‍ സ്ഥലത്തെ പ്രധാന ചാനലുകളെ എല്‍പ്പിച്ചാല്‍ എല്ലാം ഭദ്രം,.സംഗതി ഉഷാര്‍..!കുറച്ചു ഇന്ത്യന്‍ റുപ്പീസ്‌ ചിലവാക്കണം അത്രയല്ലേയുള്ളു. ദേശീയ ഗാനം ആലപിയ്ക്കുമ്പോള്‍ നെഞ്ചില്‍ കൈവെച്ചു പോക്കറ്റിലിലെ ഗാന്ധിത്തലകളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണമെന്നു ശാഠ്യം പിടിയ്ക്കുന്ന നേതാക്കന്മാരുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വാഭാവികമായും ഇന്ത്യന്‍ റുപ്പീസിനും ഡോളറിനുമൊന്നും യാതൊരു ക്ഷാമവുമുണ്ടാകില്ലല്ലോ.ചില പ്രസ്ഥാനങ്ങളെ തെരെഞ്ഞുപിടിച്ച്‌ അവരുടേ ഏതെങ്കിലുമൊരു ഓണംകയറാമൂലയില്‍ ഒരു വാര്‍ഡു സമ്മേളനത്തിലെ വിഭാഗീയതയെപോലും പെരുപ്പിച്ചു കാണിയ്ക്കാന്‍ ന്യൂസ്‌അവറിന്റെ പാതിഭാഗവും ചാനലുകള്‍ ചിലവഴിയ്ക്കുന്നതിന്റെ രഹസ്യം മറ്റെന്താണ്‌..!മൈക്രോ ചിപ്പുകള്‍ ഒളിപ്പിച്ചുവെച്ച്‌ അവരുടെ അന്തഃപുര രഹസ്യങ്ങള്‍ പരസ്യമാക്കി താറടിച്ചുകാണിയ്ക്കാന്‍ ശുഷ്ക്കാന്തി കാണിയ്ക്കുന്ന മാധ്യമക്കുട്ടികള്‍ എന്തേ ഈസ്റ്റേണ്‍ മുളകുപൊടി കൂടുതല്‍ ചുവന്നതിന്റെ കാരണമന്വേഷിച്ചു പോയില്ല.അതിലും എത്രയോ അധികം സാമൂഹ്യപ്രസക്തിയുള്ള ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്തയായിരുന്നില്ലെ അത്‌.അന്യദേശങ്ങളിലെ തൊഴില്‍മേഖകലകളില്‍ പീഡിയ്ക്കപ്പെടുന്ന നേര്‍സുമാരുടെ കഥകള്‍ അനുഭാവപൂര്‍വ്വം വിളിച്ചുപറയുന്ന മാധ്യമങ്ങള്‍ക്ക്‌ അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവറും അമൃതയുമൊക്കെ എങ്ങിനെയാണ്‌ വെറും ഏതോ ചില സ്വകാര്യാശുപത്രികള്‍ മാത്രമായി മാറിയത്‌.!

പോലീസുവകുപ്പിലെ ആ വലിയ തച്ചന്റെ കാര്യത്തില്‍ സംഭവിച്ചത്‌ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെങ്കില്‍.? ഒന്നോര്‍ത്തു നോക്കു.!തീവ്രവാദികള്‍ക്കൊത്താശ ചെയ്യുന്നു എന്നപേരില്‍ സര്‍ക്കാരിനെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍നിര്‍ത്തി ഒരുപാടു സായഹ്നങ്ങളില്‍ ആ വിഷയത്തില്‍ മാത്രം ഫോക്കസ്‌ ചെയ്ത്‌ കൂട്ടചര്‍ച്ചകളുടെ വെടിക്കെട്ടുമഹോല്‍സവം തന്നെ ആഘോഷിയ്ക്കില്ലായിരുന്നോ നമ്മുടെ ചാനലുകള്‍...അണികളില്ല്ലാതെ നല്ല നേതാക്കന്മാര്‍ മാത്രമുള്ള ഒരു ഇടതുപക്ഷപ്രസ്ഥാനത്തിലെ ശുദ്ധഗതിക്കാരാനായ ഒരു നേതാവ്‌ ഒരു ജില്ലാ സമ്മേളനത്തില്‍ അവിടുത്തെ പ്രാദേശിക നേതാക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തിയ ഒരു ചെറിയപ്രസ്തവാന പെരുപ്പിച്ചു കാട്ടി, ദേശീയവിഷയമാക്കി അതിന്റെ മറവില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട തച്ചനേയും ഒളിപ്പിച്ചുവെച്ച്‌ എത്ര ഭംഗിയായി അവരുടെ മുഖം രക്ഷിയ്ക്കാന്‍ കഴിഞ്ഞു നമ്മുടെ പ്രിയ മാധ്യമക്കുട്ടികള്‍ക്ക്‌ അന്നത്തെ ആ സുന്ദര വാര്‍ത്താസന്ധ്യയില്‍.! 

ഈ ജനാധിപത്യരാജ്യത്തില്‍ ഏതു വാര്‍ത്ത കേള്‍ക്കണം,കേള്‍ക്കാന്‍ പാടില്ല എന്നൊക്കെ നിശ്ചയിയ്ക്കാനുള്ള അധികാരം ജനങ്ങള്‍ക്കല്ല,സര്‍ക്കാരിനുമല്ല..!ഒരുകൂട്ടം ചാനല്‍ മുതലാളിമാര്‍ അത്‌ സ്വന്തമാക്കി കയ്യടക്കിവെച്ചിരിയ്ക്കുന്നു..മുതലാളിയുടെ സ്വന്തക്കാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ വാര്‍ത്തകള്‍ മെനഞ്ഞും,പെരുപ്പിച്ചും പൊലിപ്പിച്ചും ജനശ്രദ്ധ തിരിച്ചുവിട്ട്‌ അനുദിനം പ്രിയപ്പെട്ടവരുടെ അസംഖ്യം അപ്രിയ വാര്‍ത്തകള്‍ തമസ്കരിയ്ക്കാന്‍ ചാനല്‍ക്കുട്ടികള്‍ കാണിയ്ക്കുന്ന മിടുക്കിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. പൂര്‍ണ്ണമനസ്സോടേയായിരിയ്ക്കില്ല,.ഉള്ളില്‍ അമര്‍ഷം പുകയുന്നുമുണ്ടായിരിയ്ക്കാം, തൊഴിലുറപ്പിയ്ക്കലിന്റെ ഭാഗമല്ലെ, അനുസരിച്ചല്ലെ പറ്റു..ചോദിയ്ക്കുന്ന ശമ്പളം കിട്ടുന്നില്ലെ, ഒരു പാടു മല്‍സരം ഉള്ള ഫീല്‍ഡല്ലെ, സാമര്‍ത്ഥ്യം കാണിയ്ക്കാതെ നിലനില്‍പ്പില്ലല്ലൊ..ചാനല്‍ക്കുട്ടികളില്‍ പലരുടേയും മനസ്സ്‌ വായിച്ചെടുക്കാന്‍ കഴിയുന്നു ഇതു ടൈപ്പ്‌ ചെയ്യുന്ന നിമിഷങ്ങളില്‍ എനിയ്ക്ക്‌. എന്നിട്ടും ഞാന്‍...!

ക്ഷമിയ്ക്കു..ഓവറാവുന്നു, ബോറാവുന്നു..അറിയാം...എന്നാലും എത്ര നീണ്ടുപോയാലും പറയാനുള്ള കുറച്ചു കാര്യങ്ങള്‍കൂടി പറഞ്ഞീട്ടെ ഈ കുറിപ്പ്‌ എനിയ്ക്കവസാനിപ്പിയ്ക്കാന്‍ കഴിയു.തുടര്‍ച്ചയായ ചാനല്‍ക്കാഴ്ചകള്‍ ഏതൊരവിശ്വാസിയേയും അന്ധവിശ്വാസിയാക്കും "വിശ്വസിച്ചാലും ഇല്ലെങ്കിലും" ഇതൊരു പച്ചപരമാര്‍ത്ഥമാണ്‌.തിരിച്ചുവരവുകള്‍,വന്‍വീഴ്ചകള്‍.പേരുകള്‍പോലെത്തന്നെ വിചിത്രമാണ്‌ ഈ പ്രോഗ്രാമുകളും..ഏതെങ്കിലും ഒരു താരത്തിന്റെ, അത്‌ ഒരു ഹിന്ദി-തമിഴ്‌ മദാലസനടിയാണെങ്കില്‍ പറയുകയും വേണ്ട.!അവരുടെ കുറെ പരാജയചിത്രങ്ങളിലെ മസാല നൃത്തരംഗങ്ങള്‍.കാലു നീട്ടിയുള്ള ഒന്നു രണ്ടു വീഴ്ചകള്‍.ഒപ്പം സങ്കടം കലര്‍ത്തിയ കുറെ വാചകങ്ങളും..സംഗതി ഏശി എന്നുറപ്പു വന്നാല്‍ ഇതേ താരം വീണ്ടു വരും രണ്ടാഴ്ചയ്ക്കകം..!തിരിച്ചുവരവുകളിലൂടെ...വിജയചിത്രങ്ങളിലെ കുറെകൂടി തിളക്കമുള്ള ഐറ്റം നമ്പറുകള്‍......തറയില്‍ വീണുകിടന്നുരുണ്ടുമറിഞ്ഞുമുള്ള കറക്കത്തിനൊടുവില്‍ അല്‍പ്പവസ്ത്രത്തിനുള്ളിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ക്ലോസ്‌അപ്പ്‌ സീനുകള്‍,.ഇതെല്ലാം കണ്ട്‌ പാവം പ്രേക്ഷകന്‍..അവന്റെ മാസിക ശാരീരികാവസ്ഥകള്‍!.അതിലും രസകരമാണ്‌ രാഷ്ട്രീയരംഗത്തെ വന്‍വീഴ്ചകള്‍.റഷ്യയിലെ പുട്ടിന്‍,ഇറാനിലെ നെജാദ്‌ ഒന്നിനുപുറകെ ഇവരുടെയൊക്കെ വന്‍വീഴ്ചകള്‍ കാണേണ്ടി വന്നപ്പോള്‍ ഇവരൊക്കെ ഒരേ സമയം എവിടെ, എങ്ങിനെ തെന്നിവീണു എന്നോര്‍ത്ത്‌ അന്തംവിട്ടുപോയി. മന്ദബുദ്ധിയായ എനിയ്ക്ക്‌ കാര്യം മനസ്സിലാകാന്‍ കുറച്ചു.സമയമെടുത്തു...അമേരിക്കന്‍ വിരുദ്ധചേരിയിലുള്ള ഭരണാധികാരികളെല്ലാം ചില ചാനലുകളുടെ
  ദൃഷ്ടിയില്‍ ദുഷ്ടമാരാണ്‌,അനുദിനം ജനപ്രീതി നഷ്ടപ്പെടുന്നവരാണ്‌..പിന്തിരപ്പന്മാരായ സ്വേച്ഛാധിപതികളാണ്‌,.രാജ്യത്തെ പുറകോട്ടു നയിയ്ക്കുന്നവരാണ്‌.തെരെഞ്ഞെടുപ്പില്‍ കൃത്രിമം കാണിയ്ക്കുന്നവരാണ്‌.ഇടതടവില്ലാതെ, അരമണിക്കൂര്‍ നീളുന്ന ഈ ആരോപണമംഗളപത്രം നീട്ടിവായിച്ചുകഴിയുമ്പോഴേയ്ക്കും പാവം അവതാരക ക്ഷീണിച്ചവശയായിട്ടുണ്ടാവും,തളര്‍ന്നു വീഴാറായിട്ടുണ്ടാകും.

സാമ്പത്തികശാസ്ത്രലോകത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ മുടിചൂടാമന്നനായി വിരാജിച്ച്‌ ഒറ്റയടിയ്ക്ക്‌ രാഷ്ട്രീയപാതാളത്തിന്റെ അഗാധഗര്‍ത്തത്തില്‍ വീണുകിടന്നുരുണ്ട്‌ മണ്ണുകപ്പുന്ന നമ്മുടെ ലോകപാലനെ ഇവര്‍ ഏതു ഗണത്തില്‍ പെടുത്തും എന്ന്‌ കൗതുകത്തോടെ ഓര്‍ക്കുകയായിരുന്നു ഈ പ്രോഗ്രാം കാണുമ്പോള്‍ ഞാന്‍.. ഇല്ല, അദ്ദേഹത്തിനെ അങ്ങിനെ ഒരു ചീത്തഗണത്തിലുംപെടുത്താന്‍ കഴിയില്ല അവര്‍ക്ക്‌ ,പകരം ആ പ്രിയ ഭരണാധികാരിയെ നെഞ്ചിലേറ്റി താലോലിയ്ക്കും, വാഴ്ത്തിപാടും.അണ്ണാഹാസാരയുടെ അല്ലെങ്കില്‍ "അഴിമതിക്കാരനായ" അച്ചുതാനന്ദന്റെ വന്‍വീഴ്ചകളായിരിയ്ക്കും ഇനിയുള്ള എപ്പിസോഡുകളില്‍ വരാന്‍ പോകുന്നത്‌.പാപിയായ അച്ചുതാനന്ദനെ കല്ലെറിയാന്‍ നിരന്നു നില്‍ക്കുന്ന പാപം ചെയ്യാത്ത ശുഭ്രവസ്ത്രധാരികളുടെ നീണ്ട നിര..പാപം ചെയ്യാത്തവരുടെ എണ്ണം കണ്ട്‌ മണ്ണിനും വിണ്ണിനുമപ്പുറം സ്വര്‍ഗരാജ്യത്തിലിരുന്നു ദൈവപുത്രന്‍ ആദ്യം അമ്പരക്കും ,പിന്നെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പേര്‌ എത്ര അന്വര്‍ത്ഥമെന്നോര്‍ത്ത്‌ ആനന്ദിയ്ക്കും. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുതുപ്പള്ളിയില്‍ ഏതെങ്കിലും കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ ജനിയ്ക്കാന്‍ അവസരം ലഭിച്ചില്ലല്ലോ എന്നോര്‍ത്ത്‌ നെടുവീര്‍പ്പിടും..! ശാസ്ത്രീയമായി എങ്ങിനെ ഭൂമി കയ്യേറം എന്നതിനെക്കുറിച്ച്‌ തലമുറകളായി വയനാട്ടിലെ ആദിവാസികളുടെ ഭൂമി കൈവശം വെയ്ക്കുന്ന വീരപുത്രന്‍, കയ്യേറ്റത്തില്‍ ഒട്ടും മോശമല്ലാത്ത കോട്ടയം കുഞ്ഞച്ചായന്‍ തുടങ്ങിയ പത്രധര്‍മ്മം അറിയാവുന്ന കുറെ തലമുതിര്‍ന്ന വിശിഷ്ഠ വ്യക്തികളുടെ വീക്ഷണങ്ങളും കൂടിയായാല്‍ എപ്പിസോഡ്‌ കലക്കും, ചാനല്‍ റേറ്റിംഗ്‌ ആകാശത്തോളം ഉയരും.

മരാശാരിയ്ക്ക്‌ ചിതലെന്നപോലെ.,.ഒരു ചാനല്‍ പ്രവര്‍ത്തകന്റെ അന്നന്നത്തെ അന്നത്തിനുള്ള വകയാണ്‌ വിവാദങ്ങള്‍.അതുകൊണ്ടുത്തന്നെ വേട്ടക്കാരന്റെ മനസ്സുള്ള ചാനല്‍ പ്രവര്‍ത്തകര്‍ക്കുമുമ്പില്‍ ദൈവങ്ങള്‍ക്കുപോലും രക്ഷയില്ല.മകരവിളക്കിന്റെ തലേന്ന്‌ സന്ധ്യക്ക്‌ പൊന്നമ്പലമേട്ടില്‍ ഏതോ ടോര്‍ച്ച്‌ലൈറ്റ്‌ കമ്പനിക്കാരുടെ പരസ്യചിത്രീകരണത്തിനിടയിലോ മറ്റോ തെളിഞ്ഞ ദീപം ചുവന്നമഷിയില്‍ വട്ടം വരച്ചു കാണിച്ചും അതിലെ "ശാസ്ത്രീയത" വിശകലനംചെയ്ത്‌ നൂറ്റൊന്നാവര്‍ത്തിച്ചിട്ടും മതിയാവുന്നുണ്ടായിരുന്നില്ല പലര്‍ക്കും..യാതൊരു വിശദീകരണത്തിന്റേയും സഹായമില്ലതെതന്നെ എല്ലാം അറിയാമെല്ലാവര്‍ക്കും,വര്‍ഷങ്ങള്‍ക്കുമുമ്പെ അറിയാം.,അപ്പോഴും,.ദൈവത്തിന്റെ പേരില്‍ നടക്കുന്ന അത്ഭുതങ്ങള്‍ക്കു പുറകില്‍ മനുഷ്യകരങ്ങളുടെ സാന്നിധ്യമാണെന്നറിയുമ്പോഴും, അവിശ്വാസിയാകാന്‍ കഴിയില്ല പലര്‍ക്കും..അതങ്ങിനെയാണ്‌..ഒരിയ്ക്കലും ഒരുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലും നിര്‍ണ്ണയിക്കാന്‍ കഴിയാത്ത വിധം അത്രയും ശക്തമാണ്‌ മനുഷ്യമനസ്സിലെ വിശ്വാസങ്ങള്‍.പ്രത്യേകിച്ചും ഈശ്വരവിശ്വാസം,അത്‌ പലപ്പോഴും ആശ്വാസമാകുന്നു..ഭക്തി ശക്തിയാകുന്നു..പ്രാര്‍ത്ഥന രക്ഷയാകുന്നു..അങ്ങിനെ ആ മാന്ത്രിക നിമിഷങ്ങളില്‍ ചിലപ്പോഴെങ്കിലും അത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നു,.അസുഖങ്ങള്‍ വരെ സുഖപ്പെടുന്നു.എല്ലാം മനസ്സിന്റെ മായജാലങ്ങള്‍ ആയിരിയ്ക്കാം. മതപരമായ അനുഷ്ഠാനങ്ങള്‍,ആചാരങ്ങള്‍, ആരാധനക്രമങ്ങള്‍ ഇതൊക്കെ വന്‍ചൂഷണങ്ങള്‍ക്ക്‌ കാരണമായി,സമൂഹത്തിനു ശല്യമാകാത്തിടത്തോളം കാലം ഇഴപിരിച്ചെടുത്തുള്ള വിശകലനങ്ങള്‍ക്കും അതുവഴി വിവാദങ്ങള്‍ക്കും വഴിയൊരുക്കാതിരിയ്ക്കുന്നതാണ്‌ നല്ലത്‌,പ്രത്യേകിച്ചും സര്‍ക്കാരിന്റെ ഒരു വരുമാന സ്രോതസുകൂടിയാവുമ്പോള്‍..അമിതഭക്തിയും അതിവൈകാരികതയും കൈമുതലായുള്ള അന്യസംസ്ഥാനങ്ങളിലെ ഭക്തര്‍ ശബരിമലയില്‍ തെളിയുന്ന മകരദീപം കൃത്രിമമാണെന്ന തിരച്ചറിവില്‍ ശബരിമാലയാത്ര കൂട്ടത്തോടെ അവസാനിപ്പിച്ചാല്‍, നടവരവു കുറഞ്ഞാല്‍ തിരുവതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാനുള്ള അധികതുകകൂടി കണ്ടെത്തേണ്ടി വരില്ലെ നമ്മുടെ സര്‍ക്കരിന്‌.മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അടുത്തനിമിഷം വെള്ളത്തിലഞ്ഞു പോകുന്ന അഞ്ചു ജില്ലകളെക്കുറിച്ചുള്ള കഥകള്‍ പൊടിപ്പുംതൊങ്ങലുംവെച്ച്‌ പ്രചരിപ്പിച്ചതിന്റെ ഫലമായി നവവല്‍സരവേളയില്‍ സീസണില്‍ കേരളത്തിലേയ്ക്കുള്ള വിദേശവിനോദസഞ്ചാരികളുടെ ഒഴുക്കു കുറഞ്ഞതിന്റെ ക്ഷീണത്തിലാണ്‌ നമ്മുടെ വിനോദസഞ്ചരകേന്ദ്രങ്ങള്‍ എന്ന സത്യപോലും ഓര്‍ക്കാതെപോകുന്നു ഇവര്‍.

എഴുതിതുടങ്ങിയാല്‍ ഇങ്ങിനെ എത്രയെത്ര ഉദാഹരണങ്ങള്‍..അന്തിചന്തയില്‍ നാക്കിന്റെ ബലത്തില്‍ നടത്തുന്ന അഴുകാന്‍ തുടങ്ങിയ മത്തിക്കച്ചവടത്തെ അനുസ്മരിപ്പിയ്ക്കുംവിധം സായാഹ്നങ്ങളില്‍ പരസ്പരം മല്‍സരിച്ചു വിറ്റഴിയ്ക്കാന്‍ ശ്രമിയ്ക്കുന്ന അനവസരത്തിലിലുള്ളതും അനാവശ്യംപോലുമായ പല വാര്‍ത്തകളുടെയും അലകള്‍ ഏഴുസമുദ്രങ്ങളുംകടന്ന്‌ ഈരേഴുപതിനാലുലോകത്തിലും വിതറുന്ന നാടിന്റെ ചിത്രം, അതിന്റെ പ്രത്യാഘാതങ്ങള്‍...!ഓര്‍ക്കാറുണ്ടോ എപ്പൊഴെങ്കിലും.? ഇതൊക്കെ തിരിച്ചറിയാനുള്ള സമയവും, വിവേകവും പക്വതയും എന്നാണിനി ഇവര്‍ക്കുണ്ടാവാന്‍ പോകുന്നത്‌, കേരളം മുച്ചൂടും മുടിഞ്ഞിട്ടോ.. 

പണ്ട്‌ കൊട്ടരാരത്തില്‍ നിന്നും തന്നെ പുറത്തു ചാടിയ്ക്കാന്‍ ശ്രമിച്ച കൊട്ടാരംവൈദ്യനേയും ഉപജാപക സംഘത്തേയും വിരട്ടാന്‍ എടുത്ത അതെ തന്ത്രം കലിയുഗവരദനായ സാകഷാല്‍ അയ്യപ്പസ്വാമി വിവാദങ്ങളില്‍ കുടുക്കി തന്റെ ചൈത്യന്യത്തിനു മാറ്റു കുറയ്ക്കനൊരുങ്ങിയ ചാനല്‍പ്രവര്‍ത്തകര്‍ക്കു നേരേയും ഒന്നു പുറത്തെടുത്തിരുന്നെങ്കില്‍..!"ചാനല്‍ ആസ്ഥാനത്തു പുലിയിറങ്ങി" എന്നാവേശത്തോടെ ഫ്ലാഷ്‌ ന്യൂസൊഴുക്കി,ലൈവായി അതൊക്കെപ്രേക്ഷകനിലെത്തിയ്ക്കാനുള്ള മിടുക്കൊന്നും ഉണ്ടാകില്ല ആ സമയത്ത്‌ ആര്‍ക്കും..ഇറങ്ങി ഓടും കൂട്ടത്തോടെ കൂടും കുടുക്കയും ക്യാമറയും മൈക്കും എല്ലം ഉപേക്ഷിച്ച്‌.ആരാന്റെ ദുഃഖങ്ങളും ദുരിതങ്ങളും ഒരു വിളിപ്പാടകലെ സുരക്ഷിതമായിരുന്ന്‌ കണ്ടും രസിച്ചും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ത്രില്ലൊന്നുമുണ്ടാവില്ലല്ലോ സ്വന്തം കാര്യത്തിലാവുമ്പോള്‍..സമൂഹവും സര്‍ക്കാരും കല്‍പ്പിച്ചുകൊടുത്ത "ജേണലിസ്റ്റ്‌" എന്ന് കവചകുണ്ഡലം അഴിച്ചു വെയ്ക്കുന്നതു വരേയുള്ളു ഈ വീര്യവും ശൂരതയും പരാക്രമവുമൊക്കെ..അതിനപ്പുറം "സംയമനം പാലിച്ചു" എന്നൊക്കെയുള്ള മനോഹര പദങ്ങളില്‍ സ്വന്തം ഭീരുത്വം മറച്ചു വെയ്ക്കാന്‍ വെമ്പുന്ന നമ്മള്‍ ഏതൊരു സാധാരണ മലയാളിയേയുംപോലെ ഇവരും ഭീരുക്കളാണ്‌
......വെറും ഭീരുക്കള്‍.. 
കൊല്ലേരി തറവാടി 
21/01/2012

Wednesday, January 4, 2012

ബാല്യത്തിലെ മൂത്രത്തുള്ളികള്‍.... ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന്‍ ദിനം. (ഭാഗം-2)

ഒരുപാടു മാറിപോയിരിയ്ക്കുന്നു നാട്‌, തീര്‍ത്തും അന്യമായിരിയ്ക്കുന്നു..ഋതുഭേദങ്ങള്‍ക്കുപോലും നിറഭേദങ്ങള്‍വന്നു.കാലവര്‍ഷവും തുലാവര്‍ഷവും പെയ്തിറങ്ങി എണ്ണിയിലാടുങ്ങാത്ത മണല്‍ത്തരികളും ഒലിച്ചുപോയി.ടാറിന്‍ത്തുള്ളികള്‍ കോരിയൊഴിച്ചു ചെമ്മണ്‍പാതയെ പര്‍ദ്ദയണിയിച്ചതോടെ എന്റെ ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറി,ശരിയ്ക്കും പരിഷ്‌കാരിയായി...ജൂണിലെ ചെളിമഴയില്‍ കാവിയണിയുന്ന പുതുമണം മാറാത്ത "നീലയുംചന്ദനക്കളറും" വെളുപ്പിയ്ക്കാനുള്ള 501 ബാര്‍ സോപ്പിന്റെ അധികാരപരിധിയിലേയ്ക്ക്‌ സര്‍ഫ്‌ എക്സെല്‍ അധിനിവേശം നടത്തി.501 ബാര്‍ സോപ്പ്‌ വെറും ഓര്‍മ്മ മാത്രമാകാനും തുടങ്ങി.നീലയും ചന്ദനക്കളറും ധാരാളിത്വം തുളുമ്പുന്ന മറ്റനവധി വര്‍ണ്ണങ്ങളില്‍ മുങ്ങിപോയി..ലക്കും ലഗാനുമില്ലാതെ രാവിലേയും വൈകീട്ടും അങ്ങോട്ടുമിങ്ങോട്ടും പായുന്ന സ്ക്കൂള്‍ വാനുകളുടെ ഇത്തിരിവട്ടത്തില്‍ ഒരു കൊച്ചു ടിഫിന്‍ ബോക്സില്‍ കുത്തി നിറച്ച നൂഡില്‍സിനു സമാനം ചുരുണ്ടുകൂടി വീര്‍പ്പുമുട്ടിവിതുമ്പുന്നു ഇന്നത്തെ നോണ്‍ സ്റ്റിക്കി ബാല്യത്തിന്‌ പാതയോരത്തെ ജീവിത്തതിന്റെ തുടിപ്പുകള്‍, പിറന്ന മണ്ണിന്റെ ഗന്ധം എന്തിന്‌ സ്വന്തം അസ്തിത്വം പോലും ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കുന്ന നാളുകളില്‍ത്തന്നെ അന്യമാകുന്നു..അങ്ങിനെയങ്ങിനെ എല്ലാ അര്‍ത്ഥത്തിലും എന്റെ ഗ്രാമവും നാട്യപ്രധാനത്താല്‍ സമൃദ്ധമായി..എന്നിട്ടുമെന്നിട്ടും ഇന്നും നന്മകള്‍ വീണുറുങ്ങുന്ന ആ വഴിത്താരകളില്‍ പരിചതമായ ലാളിത്യത്തിന്റെ പഴയ ഏതോ കാലടിപ്പാടുകള്‍ വൃഥാ തിരയാന്‍ വെമ്പുന്നു ഒരു കുട്ടിക്കുരങ്ങിനെപോലെ ചഞ്ചലമായ എന്റെ മനസ്സ്‌.ഓരോ യാത്രയിലും. മനസ്സില്‍ താഴിട്ടു പൂട്ടി ഭദ്രമാക്കിയ ഭൂതക്കാലത്തിലെ അറകളെ മധുരനൊമ്പരത്തില്‍ പൊതിഞ്ഞ ഓര്‍മ്മത്താക്കോലുമായി ഒഴുകിയെത്തുന്ന നിളാക്കാറ്റ്‌ തഴുകിതുറക്കാനൊരുങ്ങുന്നതും ഇത്തരം അപൂര്‍വ്വനിമിഷങ്ങളില്‍തന്നെയാണ്‌..

നാട്ടിലെ യാത്രകള്‍ക്കിടയില്‍ പലപ്പോഴും സ്കൂളില്‍ കൂടെ പഠിച്ചവര്‍,പാരലല്‍ കോളേജില്‍ ഞാന്‍ പഠിപ്പിച്ച "കുട്ടികള്‍" അങ്ങിനെ ചിലരേയൊക്കെ യാദൃശ്ചികമായി കണ്ടുമുട്ടാന്‍ ഇടവരാറുണ്ട്‌.അവരാരും ഇന്നും കുട്ടികളല്ല..! മുതിര്‍ന്ന കുട്ടികളുടെ മാതാപിതാക്കളാണ്‌.പെണ്‍കുട്ടികളില്‍ പലരും അമ്മൂമ്മമാര്‍ വരെ ആയിരിയ്ക്കുന്നു.! ഓരോരുത്തരുടേയും കോലത്തില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ കൗതുകത്തോടെ വീക്ഷിയ്ക്കുമ്പോള്‍ അത്ഭുതം തോന്നും. എടാ മണ്ടാ, നീ ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണോ വിചാരം..! നിന്നെക്കുറിച്ചും അവരിപ്പോള്‍ ഇങ്ങിനെയൊക്കെത്തന്നെയായിരിയ്ക്കും ചിന്തിയ്ക്കുന്നതെന്ന്‌ മനസ്സോര്‍മ്മിപ്പിയ്ക്കുന്ന നിമിഷം ജാള്യത തോന്നും...

ഒന്നു മുതല്‍ എട്ടു വരെ ഒരേ ക്ലാസില്‍ ഒരേ ബെഞ്ചില്‍ ഒന്നിച്ചിരുന്നു പഠിച്ച ആശാരി കുമാരന്റെ മകളുടെ കല്യാണാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി ഈ വെക്കേഷനിടയില്‍.എട്ടാം ക്ലാസില്‍ രണ്ടുതവണ തോറ്റ്‌ പഠിപ്പു നിര്‍ത്തി പണിയ്ക്കിറങ്ങിയ അവനിപ്പോള്‍ വലിയ ബില്‍ഡറായി,കാശുകാരനായി,വിദേശനിര്‍മ്മിതകാറില്‍ പത്രാസില്‍ നാട്ടില്‍ വിലസുന്നു..മണ്ഡപത്തില്‍ ഒരച്ഛന്റെ ഗൗരവത്തോടെ,അതിലേറേ പക്വതയോടെ മേലാസകലം സ്വര്‍ണ്ണകൊണ്ടു പൊതിഞ്ഞ മകളുടെ കൈ പിടിച്ച്‌ പുതുമണവാളന്റെ കയ്യിലേല്‍പ്പിയ്ക്കുന്ന കുമാരനെ നോക്കി നില്‍ക്കുമ്പോള്‍ അമ്പരപ്പും അത്ഭുതവുമായിരുന്നു മനസ്സില്‍, ഈശ്വരാ, ഇവന്‌ ഇതിനൊക്കെത്തക്കവണ്ണം പ്രായമായോ..!അപ്പോള്‍ എനിയ്ക്കോ..? ഒരു നിമിഷം മാത്രം മനസ്സിനെ അലസോരപ്പെടുത്തുന്ന ഇത്തരം ചിന്തകള്‍ക്കപ്പുറം നാട്ടില്‍ വിവാഹവേദികളില്‍ കൊച്ചു ചെത്തു പെമ്പിളേരെ കണ്ടു കറങ്ങി നടക്കുമ്പോഴും,അവരറിയാതെ, ചന്തമുള്ള ആ മുഖങ്ങള്‍ മൊബയില്‍ ക്യാമറയിലേയ്ക്ക്‌ പകര്‍ത്തുമ്പോഴും പ്രായത്തിനു ഹിതമല്ലാത്ത എന്തോ ആണ്‌ ചെയ്യുന്നതെന്ന്‌ ഒരിയ്ക്കലും തോന്നാറില്ലെനിയ്ക്ക്‌..മുടിയിഴകള്‍ നേര്‍ത്തുനേര്‍ത്തുവരാന്‍ തുടങ്ങിയെങ്കിലും ഇനിയുംവെളുത്തു തുടങ്ങിയിട്ടില്ല.ചുളിവുകള്‍ വീഴാന്‍ തുടങ്ങിയ മുഖത്തിന്റെ കാന്തിയും കാര്യമായി മങ്ങിയിട്ടില്ല,.പിന്നെ എനിയ്ക്കെന്തിന്റെ കുറവാണെന്ന ചിന്തയോടെ,വാര്‍ധക്യത്തിലും ഇരുപതുകാരിതന്നെ നായികയായി വേണമെന്നു ശഠിയ്ക്കുന്ന സൂപ്പര്‍ താരത്തിന്റെ മനോഭാവത്തോടെ ചെത്തിനടക്കുക തന്നെയായിരുന്നു ഞാനവിടെയെല്ലാം..എല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തി കല്യാണച്ചിത്രങ്ങള്‍ അമ്മയ്ക്കു കാണാന്‍ വേണ്ടി മൊബയിലില്‍ നിന്നും കമ്പ്യൂട്ടറിലേയ്ക്കു ഡൗണ്‍ ലോഡു ചെയ്യുമ്പോള്‍ തെളിയുന്ന ചില സുന്ദര ക്ലോസ്‌ അപ്പ്‌ ദൃശ്യങ്ങള്‍ പലപ്പോഴും മാളുവിന്റെ കണ്ണില്‍ കരടാകും.

"എന്റെ മാളു, നമ്മുടെ മോളാകേണ്ട പ്രായമല്ലെ ഉള്ളു ആ കുട്ടികള്‍ക്കൊക്കെ.നമുക്ക്‌ പെണ്‍കുട്ടികളില്ലാത്തതു കൊണ്ടല്ലെ കുട്ടേട്ടന്‍ ഇങ്ങിനെ, നീ ഒരു മാതിരി..ഒന്നോര്‍ത്തു നോക്ക്യേ,കുറച്ചു വര്‍ഷങ്ങള്‍ കൂടി നേരത്തെ നമ്മള്‌ കല്യാണം കഴിച്ചിരുന്നെങ്കില്‍..കൃത്യം പത്താം മാസം തന്നെ ഒരു പെണ്‍കുട്ടിയെ നീ പെറ്റിരുന്നെങ്കില്‍.ഇപ്പോ ഇതുപോലെ വിവാഹമണ്ഡപത്തില്‍ സന്തൂര്‍ അച്ഛനായും,സന്തൂര്‍ അമ്മയായും ഷൈന്‍ ചെയ്യാമായിരുന്നു നമുക്ക്‌,..ങൂം.!.ഇനി പറഞ്ഞിട്ടെന്തിനാ അല്ലെ"..എല്ലാ വായ്‌നോട്ടങ്ങള്‍ക്കൊടുവിലും അവള്‍ കേട്ടു തഴമ്പിച്ച്‌ സ്ഥിരം വാചകങ്ങള്‍. എങ്കിലും അതു കേള്‍ക്കുമ്പോള്‍ പരിഭവത്തിന്റെ കാര്‍മേഘങ്ങള്‍ക്കിടിയിലും മെല്ലെ ഒരു ചെറുപുഞ്ചിരി വിടരും ആ മുഖത്ത്‌.അവിഹിത മോഹങ്ങളെല്ലാം പരമാവധി മൊബയില്‍ ചിത്രങ്ങളിലൊതൊക്കുന്ന ഒരു പാവം വായ്‌നോക്കി മാത്രമല്ലെ തന്റെ കുട്ടേട്ടന്‍ എന്നോര്‍ത്ത്‌ ആശ്വസിയ്ക്കുകയായിരിയ്ക്കും അപ്പോഴോക്കെ അവള്‍.

പഴയ സതീര്‍ത്ഥ്യരുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലായിരിയ്ക്കും കൂടെ പഠിച്ചിരുന്ന പലരും വെറും ഓര്‍മ്മ മാത്രമായി എന്ന വേദനിപ്പിയ്ക്കുന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത്‌..25+18 =43...ത്യാഗരാജര്‍ ഹൈ സ്ക്കൂളില്‍ 10-E ക്ലാസ്സില്‍ ബ്ലാക്ക്‌ ബോഡിന്റെ വലത്തെ മൂലയില്‍ ചോക്കുകൊണ്ട്‌ മോണിറ്ററയായിരുന്ന ഞാന്‍ എഴുതിയിടാറുള്ള "ക്ലാസ്‌ സ്ട്രെങ്ങ്ത്ത്‌" ഇന്നും ഓര്‍മ്മയില്‍ വരുന്നു.. ആ 43 പേരില്‍ ആറുപേര്‍ അര്‍ദ്ധസെഞ്ചുറി തികയ്ക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കിവെച്ച്‌, ഉറ്റവരേയും ഉടയവരേയും തനിച്ചാക്കി പാഡഴിച്ചുവെച്ച്‌ എന്നെന്നേയ്ക്കുമായി ക്രീസു വിട്ടുപോയി.റോഡപകടങ്ങള്‍,ആത്മഹത്യ, ഹാര്‍ട്ട്‌ അറ്റാക്ക്‌, കരള്‍-വൃക്ക രോഗങ്ങള്‍ കേരളത്തില്‍ ചെറുപ്പത്തിലെ വിധവകളാകാന്‍ വിധിയ്ക്കപ്പെടുന്ന സ്ത്രീകളുടെ, കുഞ്ഞുന്നാളിലെ പിതാവിനെ നഷ്ടപ്പെടുന്ന ബാലികബാലാന്മാരുടെ എണ്ണം ഭയാനകമാംവിധം വര്‍ദ്ധിയ്ക്കുന്നു.

വേണ്ടപ്പെട്ടവരുടെ അകാല മൃത്യുവിനുമുമ്പില്‍ വിധി,ദൈവനിയോഗം, എന്നൊക്കെ എണ്ണിപ്പെറുക്കിയും മനുഷ്യന്റെ കണക്കുക്കൂട്ടലുകള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ എന്നൊക്കെ കരുതിയും ആശ്വസിയ്ക്കാനല്ലെ എന്നും കഴിയാറുള്ളു മനുഷ്യര്‍ക്ക്‌. പക്ഷെ അതിനുമപ്പുറം അല്‍പ്പം കരുതലും കരുണയുമുണ്ടെങ്കില്‍ ഒഴിവാക്കാവുന്ന വിധത്തില്‍ പിന്നേയും അനാഥമാകുന്നു ഒരു പാടു കുരുന്നുകള്‍...ജീവനോടെ ഇരുന്നിട്ടും മനസ്സുകൊണ്ട്‌ ഇരു ധ്രുവങ്ങളില്‍ ജീവിയ്ക്കുന്ന മാതാപിതാക്കളുടെ ഇടയില്‍ തൃശ്ശങ്കുവില്‍ വളരേണ്ടിവരുന്നു ആ കുരുന്നുകള്‍ക്ക്‌.വ്യത്യസ്ഥ സാഹചര്യങ്ങളില്‍, വിഭിന്ന കാഴ്ചപ്പാടുകളുമായി ജീവിച്ച രണ്ടുപേരുടെ പെട്ടന്നുള്ള സംഗമം ഒരിയ്ക്കലും വിചാരിയ്ക്കുന്നതുപോലെ സുഖകരമായിരിയ്ക്കണമെന്നില്ല ആരുടെ കാര്യത്തിലായാലും.എന്തിന്‌ പ്രണയവിവാഹങ്ങളില്‍ പോലും.കൊച്ചുകൊച്ചു വിട്ടുവീഴ്ചകള്‍,സമര്‍പ്പണങ്ങള്‍,അംഗീകാരങ്ങള്‍.സ്വര്‍ഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കുമുള്ള പാതകള്‍ തിരഞ്ഞെടുക്കുന്നത്‌ നാം തന്നെയാണ്‌ എന്ന തിരിച്ചറിവ്‌ ഇതൊക്കെ മതി കുടുംബബന്ധങ്ങള്‍ ഭദ്രമാകാന്‍. എല്ലാം അവസാനിച്ചു എന്നു തോന്നുന്ന നിമിഷങ്ങളില്‍പോലും സ്വന്തം കുഞ്ഞുങ്ങള്‍ പിച്ചവെച്ചു നടക്കുന്നത്‌ കുടുംബകോടതി വരാന്തകളിലാവരുതെന്ന്‌ നിശ്ചയിച്ചുറപ്പിയ്ക്കാനുള്ള മനഃസാക്ഷിയെങ്കിലും കാത്തു സൂക്ഷിയ്ക്കാന്‍ ആ മാതാപിതാക്കള്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍..! വളരെ അടുപ്പുമുള്ള ഒരു കുടുംബത്തില്‍ ഇത്തരം ചില നാടകീയ രംഗങ്ങള്‍ക്കും സാക്ഷിയാവാനുള്ള നിയോഗവും ഈ വെക്കേഷനില്‍ ഉണ്ടായി...ആരെ പറഞ്ഞു മനസ്സിലാക്കാനാണ്‌,അല്ലെങ്കില്‍ത്തന്നെ എന്തു പറഞ്ഞു മനസ്സിലാക്കാനാണ്‌.?.എല്ലാവര്‍ക്കും എല്ലാം അറിയാം ,അത്രയേറെ വിദ്യാസമ്പന്നരാണ്‌ ഇന്നത്തെ തലമുറ.പക്ഷെ പലപ്പോഴും കിട്ടുന്നതില്‍ സംതൃപ്തി കാണാന്‍ കഴിയാതെ പോകുന്നു അവര്‍ക്ക്‌,ചടുലമായ ചലനങ്ങളും കടുംവര്‍ണ്ണങ്ങളുമായി വെറുതെ മോഹിപ്പിയ്ക്കുന്ന മാരിചനു പുറകെ ലക്ഷ്യമില്ലാതെ അലയുന്നു....ഒരു പക്ഷെ, ദാരിദ്രത്തിന്റെ രുചിയറിയാതെ വളരുന്നുതു കൊണ്ടാകാം.ഇല്ലായ്മയുടെ വല്ലായ്മ നല്‍കുന്ന കൂട്ടായ്മയ്ക്ക്‌ വല്ലാത്ത ശോഭയായിരിയ്ക്കും,.പ്രത്യേകിച്ചും കുടുംബ ബന്ധങ്ങളില്‍.

ഇല്ലായ്മയുടെ വല്ലായ്മയില്‍ വലഞ്ഞ്‌ ദുരിതക്കടലില്‍ അലയുന്ന പഴയ സഹപാഠിയെ കണ്ടുമുട്ടി യാത്രയ്ക്കിടയില്‍ .ഒരു ദിവസം മാളുവിനെ ബാങ്കില്‍ കൊണ്ടുവിട്ടശേഷമുള്ള കറക്കത്തിനൊടുവില്‍ റൂട്ടൊന്നു മാറി വെറുതെ മേടേപ്പാടം വഴി മടങ്ങുകയായിരുന്നു ഞാന്‍..പാടത്ത്‌ വഴിയരികില്‍ വാഴത്തോട്ടത്തിന്റെ തണലിലിരുന്ന്‌ പശുവിനെ തീറ്റുന്ന ഒരാള്‍ എന്നെ നോക്കി പരിചയം ഭാവിച്ചു..മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ ഒരു കൈലിമുണ്ട്‌ മാത്രം,വിളറി ദയനീയമായ മുഖം,കാഴ്ചയില്‍ ഒരറുപതു തോന്നിക്കുന്ന രൂപഭാവങ്ങള്‍.പള്ളിക്കാടന്‍ വിജയന്‍..!

"ആദ്യം നായരുട്ടിയ്ക്കെന്നെ മനസ്സിലായില്ലെ അല്ലെ.!.വയ്യാണ്ടായി നായരുട്ടി, വയറുവേദനയ്ക്കുള്ള രണ്ടോപ്പറേഷന്‍ കഴിഞ്ഞു..പണിയ്ക്കു പോവാനൊന്നും പറ്റാണ്ടായി.മരുന്നിനുതന്നെ വേണം ഒരുപാടു കാശ്‌...രണ്ടു മക്കള്‌..ഭാര്യ ഓട്ടുകമ്പനിയില്‍ പണിയ്ക്കു പോകുന്നതുകൊണ്ട്‌ പട്ടിണിയില്ല,അവക്കും വയ്യാണ്ടാവാന്‍ തുടങ്ങി,മോളെയാണെങ്കില്‍ കെട്ടിയ്ക്കാറായി.കുടുംബശ്രീ വഴി അവള്‍ക്കു ആഴ്ചയിലൊന്നോ രണ്ടോ പണി കിട്ടിയാലായി, മോനൊരുത്തനുണ്ട്‌,ചീട്ടുകളിയും വെള്ളമടിയുമായി നാടു തെണ്ടുന്ന അവനെക്കുറിച്ച്‌ ഒന്നു പറയാതിരിയ്കുന്നതാ നല്ലത്‌."

കൂടുതലായി ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ലായിരുന്നു,വിജയന്റെ ദയനീയമായ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു...ഈശ്വരാ, ..എന്റെ കൂടെ നാലാം ക്ലാസില്‍ പഠിച്ച വിജയന്‍ തന്നെയോ ഇത്‌.." അന്തം വിട്ടു പോയി ഒരു നിമിഷം.! വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല..ഒന്നു മുതല്‍തന്നെ ഓരോ ക്ലാസിലും രണ്ടു കൊല്ലം വീതം പഠിച്ച വിജയന്‍ ഞങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ കുട്ടിയായിരുന്നു.എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ..നാലു കിലോമീറ്റര്‍ ദൂരേയുള്ള പള്ളിസ്ക്കൂളിന്റെ എല്‍.പി നാലു ഡിവിഷനുകള്‍ മാത്രമുള്ള നാട്ടിന്‍പുറത്തെ ഒരു ബ്രാഞ്ച്‌ മാത്രമായിരുന്ന ആ സ്ക്കൂള്‍ ഇന്നും ഉണ്ട്‌ ഒരു മാറ്റവുമില്ലാതെ.!.

നാലു കൊച്ചു മുറികള്‍, ഒരു ഉപ്പുമാവു പുര, ഓലകൊണ്ടുമറച്ചു കെട്ടിയ പെണ്‍കുട്ടികളുടെ മൂത്രപ്പുര ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള സ്ഥലമെ ഉണ്ടായിരുന്നുള്ളു ആ കൊച്ചു കോമ്പൗണ്ടിനുള്ളില്‍.ഒന്നാം ക്ലാസിന്റെ പുറകുവശത്തെ ചുവരിനപ്പുറം ഒഴിഞ്ഞ കോണിലെ ഇത്തിരി സ്ഥലത്ത്‌,മുള്ളുവേലിയ്ക്കപ്പുറത്തെ ആള്‍താമസമില്ലാത്ത വിശാലമായ പറമ്പില്‍നിന്നും സ്കൂള്‍ അങ്കണം വരെ പടര്‍ന്നു നില്‍ക്കുന്ന വലിയ പുളിമരത്തിന്റെ തണലിലെ ഓപ്പണ്‍ എയറില്‍ ആയിരുന്നു ഞങ്ങള്‍ ആണ്‍കുട്ടികള്‍ മൂത്രശങ്ക തീര്‍ത്തിരുന്നത്‌..കൊഴിഞ്ഞു വീഴുന്ന പുളിയിലകളും മൂത്രവും കൂടികലര്‍ന്ന്‌ എപ്പോഴും നനഞ്ഞുകുതിര്‍ന്നിരിയ്ക്കുന്ന ആ മണ്ണിന്റെ ഗന്ധം ഇതെഴുതുന്ന ഈ നിമിഷം എന്റെ മൂക്കിന്‍തുമ്പില്‍ നിറഞ്ഞു നില്‍ക്കുന്നു..കൊച്ചുകുട്ടികളായിരുന്നിട്ടും, പതിനൊന്നേക്കാലിന്റെ ഇന്റര്‍വെല്ലില്‍ തൊട്ടപ്പുറത്തുള്ള പെണ്‍കുട്ടികളുടെ മൂത്രപ്പുരയിലെ ഓലപ്പഴുതിലൂടെ സുന്ദരികളായ സുലോചനയും,നന്ദിനിയും,ആലീസും,കുറുമ്പുക്കാരിയും വായാടിയുമായ ഗീതാകുമാരിയുമൊക്കെ ഒളിഞ്ഞു നിന്നു നോക്കുന്നുണ്ടാവുമോ എന്ന് ചിന്തയോടെ വളരെ ശ്രദ്ധയോടെ, ഇത്തിരി സ്റ്റയിലിഷായിത്തന്നെയാണ്‌ ഞങ്ങള്‍ ഒരോരുത്തരും അന്ന്‌ ആ കര്‍മ്മം നിര്‍വഹിച്ചിരുന്നത്‌.

മുള്ളുവേലിയ്ക്കു മുകളിലൂടെ അപ്പുറത്തെ പറമ്പില്‍ നില്‍ക്കുന്ന പുളിമരത്തില്‍ മൂത്രത്തുള്ളികള്‍ എത്തിയ്ക്കുക..! എല്ലാവരുടെയും സ്വപ്നമായിരുന്നു അത്‌..എത്ര ആഞ്ഞ്‌ ശ്രമിച്ചിട്ടും വിവിധ രീതികളില്‍ മുള്ളി നോക്കിയിട്ടും ഒരിയ്ക്കല്‍ പോലും എനിയ്ക്കതിനു കഴിഞ്ഞിട്ടില്ല.എനിയ്ക്കെന്നല്ല വിജയനൊഴികെ മറ്റാര്‍ക്കും..!അനായാസേന ഉയര്‍ന്നു പൊങ്ങുന്ന വിജയന്റെ മൂത്രത്തുള്ളികള്‍ അനുദിനം പുളിമരത്തില്‍ പുതിയ ഉയരങ്ങള്‍ തേടുന്നതു നോക്കിനിന്ന്‌ നിസ്സഹായതയോടെ നെടുവീര്‍പ്പിടാനെ കഴിഞ്ഞുള്ളു എല്ലാവര്‍ക്കും.വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ പാരലല്‍ കോളേജില്‍ പഠിപ്പിയ്ക്കന്ന സമയത്ത്‌ ഗണിതശാസ്ത്രം ക്ലാസില്‍ "പരാബോളയ്ക്കു" ഉദാഹരണം തേടുമ്പോള്‍ ഉയര്‍ന്നുപൊങ്ങി അതെ ക്രമത്തില്‍ താണിറങ്ങുന്ന മൂത്രത്തുള്ളികള്‍ ആണ്‌ ആദ്യം മനസ്സിലോടിയെത്തിയത്‌,അന്ന്‌ എന്റെ ക്ലാസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക്‌ ആ ഉദാഹരണം എത്രമാത്രം കൃത്യമായി മനസിലാകും എന്ന്‌ ഓര്‍ക്കാന്‍പോലും നിന്നില്ല ഞാന്‍.ഇന്നും ഏതെങ്കിലും സ്പോര്‍ട്‌സ്‌ മീറ്റുകളില്‍,എന്തിന്‌ ഒളിമ്പിക്സില്‍ പോലും ഉയര്‍ന്നുപൊങ്ങുന്ന ജാവലിനുകള്‍ കുറിയ്ക്കുന്ന പുത്തന്‍ റെക്കോഡുകള്‍ കാണുമ്പോള്‍ ഒരു പുതുമയും തോന്നാറില്ല,മനസ്സില്‍ ഒരിയ്ക്കലും തിരുത്താന്‍ കഴിയാത്ത അത്രയും ശക്തമായിരുന്നു അന്ന്‌ എന്റെ കുരുന്നു മനസ്സില്‍ വിജന്റെ കരുത്തില്‍ ഉയര്‍ന്നുപൊങ്ങിയ മൂത്രത്തുള്ളികള്‍ രചിച്ച റെക്കോഡുകള്‍. സുലോചനയും ഗീതാകുമാരിയുമൊക്കെ, ഇന്നത്തെ പെമ്പിള്ളേര്‍ ധോണിയേയെന്നപോലെ ആരാധനയോടെയും,അതിലേറേ മോഹത്തോടെയും വിജയനെ നോക്കിനില്‍ക്കുന്നതു കാണുമ്പോള്‍ അസൂയ തോന്നിയിട്ടുണ്ട്‌.ഒരു ദിവസമെങ്കില്‍ ഒരു ദിവസം വിജയനെ തോല്‍പ്പിയ്ക്കണമെന്ന മോഹവുമായി ഒരു പാടു വെള്ളം കുടിച്ച്‌ വീട്ടില്‍ വടക്കെ തൊടിയിലെ മാവിന്‍ചുവട്ടില്‍ ചാഞ്ഞും ചെരിഞ്ഞും വിവിധ ആങ്കിളുകളില്‍ നിന്ന്‌ മൂത്രമൊഴിച്ചു പരിശീലിച്ചിട്ടുണ്ട്‌ ഞാന്‍.വടക്കേതിലെ രമചേച്ചിയതു കയ്യോടെ കണ്ടുപിടിച്ച്‌ അമ്മയ്ക്ക്‌ റിപ്പോര്‍ട്ടു ചെയ്തു.

"മൊട്ടേന്നു വിരിഞ്ഞിട്ടില്ല അതിനു മുമ്പെ മോന്‍ മൊട്ടേ പിടിച്ചു കളിയ്ക്കുന്നതിന്റെ സുഖമറിയാന്‍ തുടങ്ങിയോ" എന്ന പേടി കൊണ്ടാവാം ശാസിച്ചു അമ്മ."എപ്പോഴും ഉണ്ണിപ്പൂവില്‍ തൊട്ടാല്‍ സൂക്കേടു വരും "എന്നു ഒരു കൊച്ചു കുട്ടിയെ എന്നപോലെ അടുത്തു വിളിച്ചിരുത്തി ഉപദേശിച്ചു..അമ്മയുടെ ആശങ്കയുടെ കാരണം,തെറ്റിദ്ധാരണയുടെ അര്‍ത്ഥം ഇതൊന്നും മനസ്സിലാക്കാന്‍ പോലും പ്രായമാകാത്ത ഒരു കൊച്ചുകുട്ടി തന്നെയായിരുന്നല്ലോ അന്ന്‌ ആ നാലാം ക്ലാസുകാരന്‍.!

"എന്താ നായരുട്ടി ആലോചിയ്ക്കണേ,.എന്നാ ഇനി തിരിച്ചുപോക്ക്‌.."

"ഇനി ഒരാഴ്ച കൂടിയേയുള്ളു..അതിനു മുമ്പ്‌വിജയന്‍ ഒരു ദിവസം വീട്ടില്‍ വരു.." ഞെട്ടിയുണര്‍ന്ന്‌ പോക്കറ്റില്‍ പെട്രോള്‍ അടിയ്ക്കാനും അത്യാവശ്യം വട്ടചെലവിനുമായി കരുതിവെച്ചിരിയ്ക്കുന്ന നോട്ടുകളെടുത്ത്‌ കയ്യില്‍ വെച്ചു കൊടുമ്പോള്‍, ചെയ്യുന്നതിലെ മര്യാദ,.അതിനോട്‌ അവനെങ്ങിനെ പ്രതികരിയ്ക്കും എന്നൊന്നും ചിന്തിയ്ക്കാന്‍ മിനക്കെട്ടില്ല എന്റെ മനസ്സ്‌..ഒന്നും പറയാതെ അതു വാങ്ങുമ്പോള്‍ ആ കണ്ണുകളിലാളിക്കത്തിയ തിളക്കത്തിന്റെ അര്‍ത്ഥം നിനച്ചെടുക്കാന്‍ എന്തോ എനിയ്ക്കു കഴിഞ്ഞതുമില്ല...പഴയ ഊര്‍ജ്ജസ്വലതയോടെ അവനൊന്നു ഏണീറ്റു നിന്നിരുന്നുവെങ്കില്‍, എന്നിട്ട്‌ പൊയ്‌പോയ ബാല്യത്തിലെ നിഷ്കളങ്കതയോടെ, വീര്യത്തോടെ അവനൊന്ന്‌.! സത്യമായും അങ്ങിനെത്തന്നെ മോഹിയ്ക്കുകയായിരുന്നു എന്റെ മനസ്സ്‌..!

കണ്ണുകളില്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ത്തുള്ളികള്‍ മറച്ച്‌ യാത്ര പോലും പറയാന്‍ നില്‍ക്കാതെ വണ്ടി സ്റ്റാര്‍ട്ടാക്കി..അതങ്ങിനെയാണ്‌,പ്രവാസലോകത്തെ അന്തഃപുരത്തില്‍ സിദ്ധാര്‍ത്ഥനെപോലെ സമൂഹം കാണാതെ ജീവിയ്ക്കുന്നതുകൊണ്ടാകാം മനസ്സു കലങ്ങുന്ന നിമിഷങ്ങളില്‍ പ്രായം മറന്ന്‌,പരിസരം പോലും മറന്ന്‌ നിയന്ത്രണം വിട്ടു ഇന്നും ചുരക്കും എന്റെ കണ്ണീര്‍ഗ്രമ്പ്ഥികള്‍...

ഇയര്‍ലി സാലറി ഇന്‍ക്രിമെന്റിലെ കുറവ്‌..മാളുവിന്റെ കൊച്ചുകൊച്ചു പിണക്കങ്ങള്‍..ക്വാര്‍ട്ടര്‍ലി പരീക്ഷയിലെ അപ്പുവിന്റെ പ്രതീക്ഷയ്ക്കൊത്തുയരാത്ത പെര്‍ഫോമന്‍സ്‌.,ബാത്‌റൂമില്‍ കണ്ണാടിയ്ക്കു മുമ്പില്‍ മീശയില്‍ തെളിയുന്ന ഒരു പുതിയ നര, കുളിച്ചു തോര്‍ത്തികഴിയുമ്പോള്‍ ടവലില്‍ വീണുകിടക്കുന്ന മുടിചുരുളുകളുടെ എണ്ണം..എത്രയൊക്കെ എഴുതിയിട്ടും നൂറു പേരു പോലും തികച്ചും ബ്ലോഗില്‍ കയറാനില്ലെന്ന തിരിച്ചറിവ്‌..ബ്ലോഗില്‍ എന്റെ അക്ഷരങ്ങളോടിഷ്ടം തോന്നി നിരന്തരം മെയിലുകള്‍ അയയ്ക്കാറുള്ള പെണ്‍കുട്ടിയുടെ അടുത്തകാലത്തുള്ള അവഗണന.ഇങ്ങിനെയിങ്ങിനെ കൊച്ചുകൊച്ചു കാര്യങ്ങളിലൊതുങ്ങുന്നു ഈ പ്രായത്തിലും എന്റെ ജീവിതത്തിലെ വര്‍ത്തമാനക്കാല മഹാദുഃഖങ്ങളുടെ ആഴവും വ്യാപ്തിയും..!.
അടുത്ത നിമിഷം അല്ലെങ്കില്‍ അടുത്ത ദിവസം ഒരു വലിയ ആക്സിഡന്റ്‌, ശരീരത്തില്‍ എവിടെയെങ്കിലും ഒളിച്ചിരിയ്ക്കുന്ന മഹാരോഗത്തിന്റെ മുളപൊട്ടാന്‍ തുടങ്ങുന്ന വിത്തുകള്‍ അങ്ങിനെ എതെങ്കിലും മുനമ്പില്‍ ചെന്നായിരിയ്ക്കുമോ സുഖിച്ചു ലയിച്ചുള്ള എന്റെ ഈ യാത്രകളുടെ അവസാനം.! ആ ചിന്തയില്‍ ഒരു നിമിഷം മനസ്സൊന്നു കാളി.! ..ഈശ്വരാ, അങ്ങിനെ എന്തെങ്കിലുമൊക്കെ എന്റെ ബാക്കിജീവിതത്തിന്റെ തിരക്കഥയില്‍ എഴുതിചേര്‍ത്തിട്ടുണ്ടെങ്കില്‍ പ്ലീസ്‌...അരുത്‌, അതിനു പകരം,ഒരു നിമിഷംപോലും വൈകാതെ ഈ ജീവനെടുത്ത്‌ കഥാന്ത്യത്തിലെത്തണം.! ഒപ്പിട്ട ഒരു ബ്ലാങ്ക്‌ ചെക്ക്‌ ആയി,അല്ലെങ്കില്‍ മുദ്രപത്രത്തിലെഴുതി ഇപ്പോഴെ ഞാനതു ഒരുപാധിയുംകൂടാതെ സമര്‍പ്പിയ്ക്കുന്നു...

പെട്ടന്നു മാളുവിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു...അവളെ മറന്ന്‌, അവളുടെ അനുവാദമില്ലാതെ,അവള്‍ക്കുമാത്രം സ്വന്തമായ എന്റെ ജീവന്‍ ഈശ്വരനാണ്‌ ചോദിയ്ക്കുന്നതെങ്കില്‍പോലും എങ്ങിനെ എഴുതി നല്‍കുവാന്‍ കഴിയും എനിയ്ക്ക്‌.! അപ്പുവിന്റെ കാര്യം, സാരമില്ല..അവന്‍ വലുതാവാന്‍ തുടങ്ങിയിരിയ്ക്കുന്നു.കൂട്ടുകാരുടെ എണ്ണം കൂടുന്നു,ഫോണ്‍വിളികളുടെ ദൈര്‍ഘ്യവും..സ്കൂളില്‍ ഒപ്പം ഹൈജമ്പ്‌ പ്രാക്റ്റീസ്‌ ചെയ്യുന്ന ബൃന്ദയുടേയും കൂട്ടുകാരികളുടെയും ഡയറി മില്‍ക്ക്‌ പ്രോമിസുകളില്‍ മയങ്ങി കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു അവന്‍..അതെല്ലാ വീട്ടില്‍ വന്ന്‌ മാളുവിനൊട്‌ വിവരിയ്ക്കുമ്പോള്‍ താടിരോമങ്ങള്‍ കുരുക്കാന്‍ തുടങ്ങിയ അവന്റെ മുഖത്തെ നുണക്കുഴികള്‍ക്ക്‌ കൂടുതല്‍ തിളക്കം കൈവരിയ്ക്കാന്‍
തുടങ്ങിയിരിയ്ക്കുന്നു.....
."സുന്ദരിയാണോ അപ്പു ഈ ബൃന്ദ..."തമാശയ്ക്ക്‌ മാളുവിനെ ഒന്നു ചൂടാക്കാനാണെങ്കില്‍പോലും ഒരു തറവാടിയായ അച്ഛന്‍ എന്ന നിലയ്ക്ക്‌ അങ്ങിനെ ചോദിയ്ക്കാതാരിയ്ക്കാന്‍ കഴിഞ്ഞില്ലെനിയ്ക്ക്‌.

"എനിയ്ക്കറിയാം,നന്നായിട്ടറിയാം, കുട്ടേട്ടന്‍ ഇതേ ചോദിയ്ക്കുവുള്ളുവെന്ന്‌..അച്ഛനായാല്‍ ഇങ്ങിനെത്തന്നെയാവണം.പൊയ്ക്കോളു എന്റെ മുമ്പില്‍ നിന്ന്‌,വന്നിരിയ്ക്കുന്നു ഒരു വായ്‌നോക്കി അച്ഛന്‍." എന്നെ നോക്കി മാളു കൊഞ്ഞനം കുത്തി.
മനസ്സിനെ മനപൂര്‍വ്വം കുടുംബ നിമിഷങ്ങളുടെ ചിന്താസരണിയിലേയ്ക്കു തിരിച്ചു വിട്ട്‌ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ച്‌ വീട്ടിലെത്തുമ്പോഴേയ്ക്കും വിജയനെ ഞാന്‍ പൂര്‍ണ്ണമായും മറന്നിരുന്നു.മാളു,..അപ്പു,ഞങ്ങളുടെ ലോകം..ആധുനിക കാലഘട്ടത്തിലെ മറ്റേതൊരു സാധാരണ മനുഷ്യനുമെന്നപോലെ സ്വാര്‍ത്ഥതയുടെ പുറംതോടിനുള്ളിലേയ്ക്ക്‌, എന്റെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലേയ്ക്കു ഉള്‍വലിഞ്ഞുപോകുകയായിരുന്നു ഞാനും എന്റെ ചിന്തകളും. ഉച്ചയൂണൊരുക്കി അക്ഷമയോടെ എന്നേയുംകാത്തിരിയ്ക്കുകയായിരുന്നു അമ്മയവിടെ...

( വല്ലാതെ ബോറാവുന്നില്ലല്ലോ അല്ല്ലെ,.ഊണിനുശേഷം ഒട്ടും വൈകാതെ യാത്ര തുടര്‍ന്നോട്ടെ...?..)


കൊല്ലേരി തറവാടി
04/01/12