Wednesday, February 23, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (രണ്ടാം ഭാഗം തുടര്ച്ച ..)


രും വായിക്കാനില്ലെന്ന വിലാപം കേട്ട്‌ " ഞങ്ങളുണ്ട്‌ കൂടെ... ധൈര്യമായെഴുതിക്കൊള്ളു " എന്നൊക്കയുള്ള ആശ്വാസ്സവാക്കുകളുമായി എവിടെയൊക്കെയോ ആരൊക്കയോ ഉണ്ടെന്നുള്ള തിരിച്ചറിവു നല്‍കുന്ന ആത്മവിശ്വാസവുമായി, ആ സന്മനസ്സുകളേയും ഒപ്പം ഈ യാത്രയില്‍ നിശബ്ദം പങ്കുചേരുന്ന എല്ലാവരേയും നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ട്‌ ഞാന്‍ ഈ യാത്ര തുടരുന്നു.. 

"ഇരിയ്ക്കട്ടെ രമേശാ ഒരു തറക്കഥകൂടി" എന്ന പ്രൊഫയിലിന്റെ രണ്ടാം ഭാഗത്തിന്റെ ഒരുനുബന്ധമാണ്‌ ഈ പോസ്റ്റ്... പ്രൊഫയിലിന്റെ പരിധികള്‍ക്കപ്പുറമാണ്‌ ഇതില്‍ പരാമര്‍ശിയ്ക്കുന്ന കാര്യങ്ങള്‍ എന്ന സംശയം തോന്നിയതിനാലാണ് ഇതൊരുനുബന്ധമായി അവതരിപ്പിയ്ക്കുന്നത്‌.. ഇനി വായിയ്ക്കുക...
-------------------------------------------------------------------------------------------------------

ഇന്നും വര്‍ഷങ്ങള്‍ എത്രയൊ കഴിഞ്ഞിട്ടും ഭാരതപ്പുഴ മുറിച്ചു കടന്ന്‌ ഇനിയും ഗ്രാമീണത കൈമോശം വരാത്ത പാലക്കാടിന്റെ തീരങ്ങളിലൂടെ യാത്രചെയ്യേണ്ടിവരുമ്പോള്‍ ഞാനറിയതെ മനസ്സൊന്നിടറും,.കണ്ണുകള്‍ കലങ്ങും..

ഇക്കഴിഞ്ഞ വെക്കേഷനിലെ ഒരു യാത്രക്കിടയില്‍ കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹം കണ്ട്‌ ലക്കിടി വഴി മടങ്ങുമ്പോള്‍ കൃത്യം പാമ്പാടിപാലത്തില്‍വെച്ച്‌ റോഡു ബ്ലോക്കായി... കണ്‍മുമ്പില്‍ ഒക്ടോബര്‍മഴയോടു കലഹിച്ചും കലമ്പിയും ഇനിയും പിണക്കം മാറാതെ കലങ്ങിയൊഴുകുന്ന നിളയിലൂടെ സെക്കന്‍ഡുകളായും മിനിറ്റുകളായും കാലം ഒഴുകിപോകുന്നത്‌ ആത്മനൊമ്പരത്തോടെ നോക്കികാണുകയായിരുന്നു ഞാനപ്പോള്‍.

പാലത്തിനുതാഴെ, അധികം അകലെയല്ലാതെ ഐവര്‍ മഠത്തില്‍ കത്തിയെരിയുന്ന ചിതകളുടെ ആകാശത്തോളമുയരുന്ന പുകച്ചുരുകള്‍. താഴെ പുഴയില്‍ ബലികര്‍മങ്ങള്‍ ചെയ്യുന്ന പിന്‍തലമുറക്കാര്‍... നൈമിഷികമായ ജീവിതത്തിന്റെ നശ്വരതയും പൊരുളും തിരിച്ചറിയുന്ന നിമിഷങ്ങളുടെ ഭാരം താങ്ങാനാകാതെ,. കത്തിയെരിയുന്ന ചിതയുടെ ഗന്ധം പേറി ഉയര്‍ന്നുപൊങ്ങുന്ന കറുപ്പും വെളുപ്പും ഇടകലര്‍ന്ന പുകച്ചുരുളുകളുടെ അനാര്‍ഭാടാന്തരീക്ഷത്തില്‍ നിന്നും ഓടിരക്ഷപ്പെട്ടു വീണ്ടും ഭൗതികതയുടെ വര്‍ണ്ണാരവങ്ങളിലേയ്ക്കും, ആഘോഷങ്ങളിലേയ്ക്കും ആണ്ടിറങ്ങാന്‍ തിരക്കുകൂട്ടുകയാവും അവരില്‍ പലരും. അതിനിടയില്‍ "ഇന്നു ഞാന്‍ നാളെ നീ" എന്ന സത്യം ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും നേരമുണ്ടാവുമോ.. 

കത്തിപടര്‍ന്നുയര്‍ന്നുപൊങ്ങുന്ന മോഹങ്ങളുടെ തീജ്വാലകളുണര്‍ത്തുന്ന ഉള്‍പ്രേരണകളുടെ കുത്തൊഴുക്കില്‍ മോഹിയ്ക്കുന്നതെല്ലാം സ്വന്തമാക്കാനുള്ള തത്രപ്പാടില്‍, അതിനായി ബലികൊടുക്കപ്പെടുന്ന ജീവിതങ്ങളെ അവഗണിച്ചു ചെയ്തുകൂട്ടുന്ന പാപകര്‍മങ്ങള്‍.. ! ഒടുവില്‍ സ്വന്തമാക്കിയതുപോലും ഉപേക്ഷിച്ച്‌, വീണ്ടും മോഹിയ്ക്കാനുള്ള മോഹംപോലും ഉപേക്ഷിച്ചു വെറുംകയ്യോടെ മടങ്ങേണ്ടിവരുന്ന മുഹൂര്‍ത്തത്തിനു തൊട്ടുമുമ്പ്‌ മാത്രം കണ്ണോടിയ്ക്കുന്ന പാപപുണ്യങ്ങളുടെ കണക്കുപുസ്തകം.! വൈകിപോയെന്ന തിരിച്ചറവിലും ആത്മാവിന്റെ മോചനത്തിനായി ദേഹിവെടിഞ്ഞ ദേഹത്തില്‍ അഗ്നിശുദ്ധി വരുത്തി ഒരു പിടി ചാരമായി നിളയുടെ പുണ്യജലത്തില്‍ അലിഞ്ഞുചേര്‍ന്ന്‌ മോക്ഷപ്രാപ്തിയ്ക്കായി അവസാനശ്രമം നടത്തുന്നു പാവം മനുഷ്യജന്മങ്ങള്‍..

വെറും വിശ്വാസങ്ങള്‍ മാത്രമായിരിയ്ക്കാം അതെല്ലാം.. ഒരര്‍ത്ഥത്തില്‍ എന്റെ ചിതയും കത്തിയെരിയേണ്ടത്‌ ഈ നിളാതീരത്തു തന്നെയാണ്‌.

"ഒരു പ്രായശ്ചിത്തം പോലെ പരിഹാരകര്‍മംപോലെ. അവസാനം നിളയുടെ നെഞ്ചില്‍, അമ്മയുടെ അമ്മിഞ്ഞപാലിന്റെ ചൂടില്‍ ഒരുപിടി ചാരമായി അലിഞ്ഞുചേരണം അല്ലെ,.. അതെ, അതാണ്‌ ശരി, അതുതന്നെയാണ്‌ വേണ്ടത്‌.." മനസ്സിലെ മണ്‍കൂനയില്‍ കാറ്റടിച്ചതുപോലെ ഒരു ചെറുമര്‍മ്മരം,. മൃദുമന്ത്രണം..!

ആരോടെങ്കിലും പറയാനായി മനസ്സു വെമ്പി... അപ്പുവിനോടു പറഞ്ഞാലോ,. കാറിന്റെ മുന്‍സീറ്റിലിരുന്ന്‌ പുഴയില്‍ കളിച്ചുമദിയ്ക്കുന്ന സമപ്രായക്കാരായ കുട്ടികളെ കൗതുകത്തോടെ നോക്കികാണുകയായിരുന്നു.അവന്‍.. എത്രയും പെട്ടന്ന്‌ തൃശ്ശൂരെത്തി "മെസി"യുടെ പേരെഴുതിയ, നീലയും വെള്ളയും ഇടകലര്‍ന്ന അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേര്‍സി സ്വന്തമാക്കാനുള്ള ആവേശത്തിലായിരുന്നു രാവിലെ മുതലെ അവന്‍.. അല്ലെങ്കിലും ഇതൊക്കെ പറഞ്ഞാല്‍ മനസ്സിലാവേണ്ട പ്രായമാണോ അവന്‌..!

തൊട്ടടുത്തിരുന്ന്‌ മാളു കുഞ്ചന്‍സ്മാരകത്തില്‍ നിന്നും റെക്കോഡ്‌ ചെയ്ത ഓട്ടന്‍തുള്ളലിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിയ്ക്കുകയായിരുന്നു..

സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്ന ഇവളുടെ മുഖത്തു നോക്കി മരണത്തെക്കുറിച്ച്‌ എങ്ങിനെ സംസാരിയ്ക്കാന്‍ കഴിയും എനിയ്ക്ക്‌.... പെട്ടന്ന്‌ അവളെ വല്ലാതെ ചേര്‍ത്തു പിടിച്ചു...

"എന്തുപറ്റി കുട്ടേട്ടാ. പെട്ടന്ന്‌.." " 

"ഒന്നുമില്ല മാളു എന്തോ വല്ലാത്ത തണുപ്പു തോന്നുന്നു...."

"ആ വിന്‍ഡൊ ഗ്ലാസ്സു കയറ്റിയിടാന്‍ ഞാനപ്പഴേപറഞ്ഞതല്ലെ കുട്ടേട്ടനോട്‌, പുറത്തു നല്ല തണുത്ത കാറ്റുണ്ട്‌.. മഴക്കോളുമുണ്ട്‌.. ആദ്യമായിട്ടല്ലല്ലൊ ഈ പുഴ കാണുന്നത്‌.! അല്ലെങ്കിലും കാണുന്നതിലെല്ലാം ആദ്യമായി കാണുന്നതുപോലെയുള്ള പുതുമയും വിസ്മയവും.! കുട്ടേട്ടന്റെ ഈ ശീലമെന്നാ ഇനി മാറാന്‍പോണത്‌. ഈശ്വരാ തോറ്റു ഞാന്‍..! 

അവള്‍ ചേര്‍ന്നിരുന്നു , നെറ്റിയിലും കഴുത്തിലും കൈവെച്ചുനോക്കി.

"കണ്ണു ചുവന്നിരിയ്ക്കുന്നു. പനിക്കോളുണ്ട്‌.... വീട്ടില്‍ ചെല്ലട്ടെ, പാടത്തുനിന്നും പഞ്ചോത്തിന്റെ ഇല പൊട്ടിച്ചോണ്ടുവന്ന്‌ രസം വെച്ചു തരാം... പിന്നെ അമ്മയോടു പറഞ്ഞു കടുകും മുളകും ഉഴിഞ്ഞിടാം.. കണ്ണു പറ്റിയുണ്ടാവും.. എന്തായിരുന്നു കുഞ്ചന്‍സ്മാരകത്തില്‍ വെച്ചുള്ള ഉത്സാഹം.. ആ ഓട്ടന്‍തുള്ളല്‍ പഠിപ്പിയ്ക്കുന്ന ടീച്ചറോടുള്ള സംസാരവും, തുള്ളലിന്റെ വീഡിയോപിടുത്തവും... അപ്പോളെ വിചാരിച്ചിതാ ഞാനിത്‌,.. ഇപ്പോഴും കൊച്ചുപയ്യനാണെന്നാ വിചാരം ".... 

"എന്റെ മാളു അതൊരു കൊച്ചുകുട്ടിയാ,.. പാവം, ഒറ്റപ്പാലത്തെ ഏതോ നാട്ടിന്‍പുറത്തുക്കാരി..... ഇപ്പോഴും കലാമണ്ഡലത്തിലെ സ്റ്റുഡന്റ്‌.. ഒരു നാലഞ്ചുകൊല്ലംകൂടിമുമ്പ്‌ നമ്മുടെ കല്യാണം കഴിഞ്ഞിരുന്നെങ്കില്‍, കൃത്യം പത്താംമാസം നീ ഒരു പെണ്‍കുഞ്ഞിനെ പെറ്റിരുന്നെങ്കില്‍ നമുക്കുമുണ്ടായേനെ ഈ പ്രായത്തില്‍ ഒരുമോള്‌.. അപ്പു വലുതാവുമ്പോള്‍ അവനെ നമുക്ക്‌ ഭാരതപുഴയുടെ തീരത്തുള്ള ഏതെങ്കിലുമൊരു ദേശത്തുനിന്നും കല്യാണം കഴിപ്പിയ്ക്കണം.."

"ഈ പിതൃസ്നേഹവും പുത്രീവാല്‍സല്യവുമൊന്നുമല്ലല്ലോ അവിടെവെച്ചു കണ്ടത്‌.... എല്ലാം എനിയ്ക്കു മനസ്സിലാവുന്നുണ്ട്‌.. കലാമണ്ഡലം, ഭാരതപുഴ,.. പിന്നെ തുള്ളല്‍ക്ലാസും.. ഇവിടയങ്ങു വല്ലാതെ പിടിച്ചു അല്ലെ കുട്ടേട്ടന്‌`."!

മാളുവിന്റെ കൊച്ചുകൊച്ചുപരിഭവങ്ങളുടെ ഈണത്തില്‍, അതുപകരുന്ന ഊര്‍ജ്ജത്തില്‍ ഞാന്‍ എല്ലാം മറന്നു.... ഐവര്‍മഠത്തിലെ പുകചുരുളുകള്‍ എങ്ങോ പോയ്‌മറഞ്ഞു..

അല്ലെങ്കിലും അതങ്ങിനെയാണ്‌.. അവളുടെ പരിചരണത്തില്‍, കരുതലില്‍ എല്ലാ വിമ്മിഷ്ടങ്ങളും അലിഞ്ഞുതീരും... ഇടതുകയ്യില്‍ തരിപ്പ്‌ , ക്ഷീണം.. പ്രായം കൂടി വരികയല്ലെ, .ഇത്തവണ നാട്ടില്‍ചെന്നല്‍ വിശദമായി മെഡിക്കല്‍ ചെക്കപ്പ്‌.. .ഓരോ വെക്കേഷനൊരുങ്ങുമ്പോഴും മനസ്സില്‍ പ്ലാന്‍ ചെയ്യും.. പക്ഷെ നാട്ടിലിറങ്ങി മാളുവിന്റെ സാമിപ്യത്തില്‍, മാന്ത്രികസ്പര്‍ശത്തില്‍ എല്ലാ രോഗങ്ങളും ശമിയ്ക്കും. ഇടതുകയ്യിനായിരുന്നോ വലതുകയ്യിനായിരുന്നൊ തരിപ്പുണ്ടായിരുന്നത്‌ ഓര്‍ത്തെടുക്കാനാവാതെ ഇതെന്തൊരു മായജാലം എന്നോര്‍ത്ത്‌ അത്ഭുതംകൂറും. 

തിരുവില്വാമലയും കഴിഞ്ഞ്‌ തൃശ്ശൂരും ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര തുടര്‍ന്നു.

ടൗണില്‍ ചെന്ന്‌ അപ്പുവിന്‌ അര്‍ജന്റീനയുടെ ജേര്‍സി വാങ്ങികൊടുക്കണം... അതു കഴിഞ്ഞിട്ടെ ഇനി ബാക്കിയെന്തും.. പാവം ഒരു പാടു നാളായി മോഹിയ്ക്കുന്നു.. 

"സോറി സര്‍,.. സ്റ്റോക്കുണ്ടായിരുന്നു തീര്‍ന്നുപോയി, വേള്‍ഡ്‌ കപ്പ്‌ കഴിഞ്ഞിട്ട്‌ മൂന്നാലുമാസമായില്ലെ,.. ഇനി ക്രിക്കറ്റിന്റെ സീസണല്ലെ.. ധോണിയുടെ ടീഷര്‍ട്ടു തരട്ടെ"

കടക്കാരന്റെ വാക്കുകളിലെ നിസ്സംഗത അപ്പുവിന്റെ കണ്ണുകളില്‍ നിരാശയായിപടര്‍ന്നു.. അതെന്റെ ഹൃദയത്തില്‍ കൊണ്ടു.... പണ്ട്‌ അമ്പലപ്പറമ്പില്‍ കളിപ്പാട്ടക്കടയുടെ മുമ്പില്‍ ഒരു കളിതോക്കിനായി മോഹിച്ചുനിന്നിട്ടുണ്ട്‌ , ആ പ്രായത്തില്‍തന്നെ അച്ഛന്റെ പേര്‍സിന്റെ കനവും ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടു തിരിച്ചറിയാനുള്ള വകതിരിവ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ ആരോടും പറയാതെ കണ്ണീരോടെ ആ മോഹം മറന്നുകളഞ്ഞിട്ടുണ്ട്‌.. ഇന്ന്‌ പേര്‍സ്‌ നിറയെ കാശുണ്ട്‌..! എന്നിട്ടും.

ഒരു പ്രവാസിയുടെ നാട്ടിലുള്ള കുടുംബത്തിന്റെ മാത്രം ദൗര്‍ഭാഗ്യമാണിത്‌.. മോഹങ്ങള്‍ പലതും പൂവണിയാതെപോകുന്നു.. അവസാനം പൂവണിയാന്‍ തുടങ്ങിയാല്‍തന്നെ വല്ലാതെ വൈകിയിരിയ്ക്കും, അപ്പോഴേയ്ക്കും സീസണ്‍ തീരാറായിട്ടുണ്ടാകും... കമ്പം കുറഞ്ഞിട്ടുണ്ടാകും.. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ..!

വെക്കേഷന്‍നാളുകളിലെ ഒന്നോ രണ്ടോ മാസങ്ങളിലെ അടിച്ചുപൊളികളില്‍ ആഘോഷങ്ങളില്‍ ഒതുങ്ങിപോകുന്നു അവരുടെ ആവശ്യങ്ങള്‍.. ജീവിതംതന്നെ.. പിന്നെ കാത്തിരിപ്പിന്റെ നീണ്ട മഞ്ഞുകാലം... അതിനിടയില്‍ കടന്നുപോകുന്ന ഉത്സവങ്ങള്‍.. ആഘോഷങ്ങള്‍ എല്ലാം അവര്‍ക്കന്യമായി കടന്നുപോകുന്നു.ഒരമ്മക്ക്‌ മകനില്‍ നിന്നും ലഭിയ്ക്കുന്ന കാരുണ്യം,. സ്പര്‍ശം.... മകന്‌ അച്ഛനില്‍ നിന്നു ലഭിയ്ക്കേണ്ട വാല്‍സല്യം... ഒരു ഭാര്യയ്ക്ക്‌ ഭര്‍ത്താവിനോടു മാത്രം പറയേണ്ട ഒരുപാടു കാര്യങ്ങള്‍.... ഭര്‍ത്താവില്‍ നിന്നും മാത്രം ലഭിയ്ക്കേണ്ട ഒരുപാടൊരുപാട്‌ അവകാശങ്ങള്‍.!.. ആരോടു ചോദിയ്ക്കും അവര്‍, ആരോടുപറയും ഈ സങ്കടങ്ങള്‍..!

20/20 കളിക്കാരന്റെ മാനസ്സികാവസ്ഥയിലൂടെയായിരിയ്ക്കും വെക്കേഷന്‍ നാളുകളില്‍ ഓരോ പ്രവാസിയും കടന്നുപോകുന്നത്‌.... തകര്‍പ്പന്‍ ബറ്റിങ്ങും, പ്രതിരോധിയ്ക്കാന്‍ കൃത്യതയാര്‍ന്ന ബൗളിങ്ങും, ചടുലതയാര്‍ന്ന ഉശിരന്‍ ഫീല്‍ഡിങ്ങുമായി ഇത്തിരിനേരംകൊണ്ട്‌ ഓടിനടന്നുചെയ്തുതീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍... ഈ നാളുകളിലെ നല്ല അനുഭവങ്ങളില്‍ സ്വപ്നത്തിന്റേയും സങ്കല്‍പ്പത്തിന്റേയും നിറങ്ങള്‍ ചേര്‍ത്ത്‌ അയവിറക്കി വേണം മുന്നില്‍ കാത്തിരിയ്ക്കുന്ന മരുഭൂമിയിലെ ഏകാന്ത വിരസ രാവുകള്‍ തള്ളിനീക്കാനെന്ന തിരിച്ചറിവ്‌ വെക്കേഷന്റെ അവസാന നിമിഷം വരെയും അവന്‌ കരുത്തു നല്‍കുന്നു. 

ഒരേ റൂമില്‍,.. ഒരേ കട്ടിലില്‍, ഒരു വ്യാഴവട്ടക്കാലത്തിനുമപ്പുറം.! കൂട്ടിനായി, വര്‍ഷങ്ങളായി റിമോട്ടില്‍ എന്റെ വിരല്‍ത്തുമ്പുകളുടെ ചലനങ്ങള്‍ക്കനുസരിച്ച്‌ പാട്ടുപാടുന്ന,. നൃത്തംചെയ്യുന്ന ,എന്റെ മൂഡനുസരിച്ച്‌ ചൂടും തണുപ്പുമുള്ള ഒളിമങ്ങാത്ത വിഭവക്കാഴ്ചകളൊരുക്കി വിളമ്പിതരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി "സോണിയും"...!

മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.. തളരാന്‍ തുടങ്ങിയിരിയ്ക്കുന്നു... വനവാവാസത്തിനുമപ്പുറം അജ്ഞാതവാസത്തിലെത്തിനില്‍ക്കുന്ന എന്റെ പ്രവാസം അതിരുകള്‍ വിടാന്‍ തുടങ്ങിയിരിയ്ക്കുന്നു.. "ഒന്നു വിളിയ്ക്കു" എന്നു പറഞ്ഞ്‌ പരിചയപ്പെടാന്‍ ശ്രമിയ്ക്കുന്ന അപരിചിതനായ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടില്ലെന്നു നടിച്ച്‌ മര്യാദയുടെ എല്ല സീമകളും ലംഘിയ്ക്കുന്നു ഞാന്‍.

"പണ്ടൊക്കെ ഒന്നുരണ്ടുമാസം കൂടുമ്പോഴെങ്കിലും നീ വിളിയ്ക്കുമായിരുന്നു.. ഇതിപ്പോള്‍ വന്ന്‌ വന്ന്‌ വര്‍ഷത്തിലൊരിയ്ക്കലായി... മാളുവിന്‌ ദിവസവും അഞ്ചും ആറും തവണ വിളിയ്ക്കുന്നതു ഞാനറിയുന്നുണ്ട്‌.." ന്യൂഇയറിനു വിളിച്ചപ്പോള്‍ തൊടുപുഴയില്‍നിന്നും ചേച്ചിയുടെ പരാതി.

"അതുപിന്നെ ചേച്ചി,. അവളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടൊന്നുമല്ല... ഭാര്യയായി പോയില്ലെ അവള്‌,.. വയസ്സായി വയ്യാണ്ടാവുമ്പോള്‍ നാഴിവെള്ളം ചൂടാക്കിതരാനും നാലു നല്ല വാക്കുകള്‍ പറയാനും അവളല്ലെ ഉണ്ടാകു.. അതിനുവേണ്ടിയല്ലെ ഇപ്പോഴത്തെ ഈ സോപ്പിടലെല്ലാം.." ചേച്ചിയുടെ പരിഭവം ഒരു തമാശയില്‍ അലിയിച്ചുകളയാന്‍ ശ്രമിയ്ക്കുമ്പോഴും മനസ്സില്‍ വിഷമം തോന്നി.. 

സത്യമാണ്‌ ചേച്ചി പറഞ്ഞത്‌,. ദിവസവും ഒരുപാടുതവണ മാളുവിനെ വിളിയ്ക്കും,.. അതില്‍ അമ്മയും അപ്പുവും കൂടി കവര്‍ ചെയ്തുപോകും.. .രാവിലെ, ഉച്ചയ്ക്ക്‌, സന്ധ്യക്ക്‌, വീണ്ടും ഉറങ്ങുന്നതിനുമുമ്പ്‌ ഇങ്ങിനെയിങ്ങിനെ കുറെ കൊച്ചുകൊച്ചു വിളികള്‍.. ഒരു ചാറ്റല്‍മഴപോലെ, ഒരു മൂളിപ്പാട്ടുപോലെ,.. ഒരു കുളിര്‍തെന്നലിന്റെ മൃദുസ്പരശംപോലെ കരുതലായി, കരുത്തായി.. അകലത്താണെങ്കില്‍ വോഡാഫോണിലൂടെ,.. അരികിലുള്ളപ്പോള്‍ നിറസാന്നിധ്യമായി, അവളുടെകൂടെ എപ്പോഴും ഞാനുണ്ടാകും അവസാനം വരെ..... 

അതെ, അവസാനം വരെ..! എന്നേക്കാള്‍ മുമ്പ്‌ മാളു മരിയ്ക്കണം.. പാവം അവളെ ഈ ഭൂമിയില്‍ അനാഥയാക്കി മൊബെയിലിനു റെയിഞ്ചില്ലാത്ത, ഇന്റര്‍നെറ്റ്‌ആക്സെസ്സില്ലാത്ത ആ അജ്ഞാതലോകത്തേയ്ക്ക്‌ അവസാന പ്രവാസത്തിനുപോകുന്ന കാര്യം ഓര്‍ക്കാന്‍പോലും കഴിയുന്നില്ലെനിയ്ക്ക്‌.!.. എന്നോടു കിണുങ്ങാതെ,കലമ്പാതെ, പിണങ്ങാതെ "ഈ കുട്ടേട്ടന്റെ ഒരു കാര്യം" എന്നു പറഞ്ഞു ഒരു കുട്ടിയെ എന്നപോലെ ഉപദേശിച്ചും ശാസിച്ചും അവസാനം "വിഷമമായോ കുട്ടേട്ടാ" എന്നാര്‍ദ്രസ്വരത്തില്‍ ചോദിച്ച്‌, ആനമുട്ട തന്ന്‌ കൊഞ്ചിച്ച്‌ പിണക്കം മാറ്റി, ഗുഡ്‌ നൈറ്റ്‌ പറഞ്ഞ്‌, എന്റെ നെഞ്ചില്‍ തലചായ്ച്ച്‌, വിയര്‍പ്പിന്റെ ഗന്ധമേല്‍ക്കാതെ പിന്നെ അവള്‍ക്കെങ്ങിനെ ഉറങ്ങാന്‍ കഴിയും.!.

എന്റെ കാര്യം,.! .ഏകാന്തത ശീലമായിരിയ്ക്കുന്നു എനിയ്ക്ക്‌.. മനുഷ്യവാസമില്ലാത്ത ദ്വീപില്‍ ഒറ്റപ്പെട്ടുപോയാലും മനസ്സിലെ നക്ഷത്രദ്യുതിയാര്‍ന്ന ഓര്‍മ്മകളോട്‌ കളിപറഞ്ഞും കഥ പറഞ്ഞും എത്രക്കാലം വേണമെങ്കിലും ജീവിയ്ക്കാന്‍ പ്രവാസം എന്നെ പഠിപ്പിച്ചിരിയ്ക്കുന്നു.

ഓര്‍മ്മകള്‍ ഓരോ കാലഘട്ടത്തിലേയും അനുഭവങ്ങളുടെ അവശേഷിയ്ക്കുന്ന സ്മാരകങ്ങളാണ്‌... നെഞ്ചില്‍ കത്തിപടര്‍ന്ന്‌ കനലായെരിഞ്ഞുകടന്നുപോയ മുഖങ്ങള്‍പോലും കാലക്രമേണ മനസ്സിലെ രക്തസാക്ഷിമണ്ഡപത്തില്‍ ചില്ലിട്ടുവെച്ച വെറും ചിത്രങ്ങളായി മാറുന്നു, .ഓര്‍ക്കുന്ന ആ ഒരു നിമിഷത്തെ നെടുവീര്‍പ്പില്‍, ഒരുകണ്ണുനീര്‍ത്തുള്ളിയില്‍ ഒതുങ്ങുന്നു സങ്കടങ്ങള്‍.!

ജീവിതം ഒരു തമാശയാണ്‌. ഹിതമല്ലാത്തതു സംഭവിച്ചാല്‍ വിധിയെ പഴിയ്ക്കുന്ന നമ്മള്‍ നേട്ടങ്ങളെ സ്വന്തം കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും തെളിവുകളായി വലുതാക്കി ഫ്രെയിംചെയ്ത്‌ ഹൃദയത്തിന്റെ സ്വീകരണമുറിയുടെമുമ്പില്‍തന്നെ നിറഞ്ഞ പുഞ്ചിരിയായി പ്രദര്‍ശിപ്പിയ്ക്കുന്നു... 

ഓര്‍ത്തുനോക്കിയാല്‍.. അദൃശ്യനായ ആരോ എഴുതി സംവിധാനം ചെയ്യുന്ന അജ്ഞാതമായ ഏതോ ഒരു ലോകത്ത്‌ പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തമായി നീണ്ടുപോകുന്ന ഒരു മെഗാസീരിയലിലെ കോടാനുകോടി ഉപകഥകളിലെ ഏതോ ഒരു കഥയിലെ ചെറിയ ചെറിയ കഥാപാത്രങ്ങള്‍ മാത്രമല്ലെ നമ്മളൊക്കെ...

റോളെന്താണെന്നറിയാതെ,. അടുത്ത സീനെന്താണന്നറിയാതെ, .എത്ര സീനുകള്‍ ബാക്കിയുണ്ടെന്നു പോലും അറിയാതെ വേഷംകെട്ടിയാടാന്‍ വിധിയ്ക്കപ്പെട്ടവര്‍.. എന്നിട്ടും സ്വയം ആരൊക്കയോ ആണെന്നു ധരിയ്ക്കുന്നു നാം,.. എന്തിനൊക്കയോ വേണ്ടി മോഹിയ്ക്കുന്നു.. ഉയരങ്ങളിലേയ്ക്കു പറക്കാന്‍ ശ്രമിയ്ക്കുന്നു.. കെട്ടുപൊട്ടിയ പട്ടം പോലെ അലഞ്ഞുതിരിഞ്ഞ്‌ എവിടെയോ ചെന്നുകുരുങ്ങുന്നു.. വൃഥാ വിലപിയ്ക്കുന്നു..

അല്ലെങ്കില്‍ എന്റെ കാര്യം തന്നെ നോക്കു.. ഒരു മാറ്റത്തിനുപോകാതെ പെണ്‍പ്പിള്ളേര്‍ക്കൊന്നും കയറാന്‍ കഴിയാത്ത വലിയ മതിലുകളുണ്ടായിരുന്ന സെന്തോമാസ്സില്‍തന്നെ ഋശ്യശൃംഗന്റെ മനസ്സോടെ, ആത്മാര്‍ത്ഥതയോടെ,. ശ്രദ്ധയോടെ രണ്ടുകൊല്ലംകൂടി പഠിച്ചിരുന്നെങ്കില്‍... UGC അനുശാസിയ്ക്കുന്ന ചട്ടങ്ങളൊന്നും പാലിയ്ക്കാതെ UGC സ്കെയിലില്‍ ശമ്പളം വാങ്ങിയ്ക്കുന്ന അലസനായ ഒരധ്യാപകനായി സുഖലോലുപതയോടെ അടിച്ചുപൊളിച്ചു ജീവിയ്ക്കാമായിരുന്നു...

ജീവിതം തന്നെ മാറിപോയേനെ...!

(പ്രൊഫയിലിന്റെ എല്ലാ പരിധികളും ലംഘിച്ചുള്ള ഈ പ്രൊഫെയില്‍ യാത്ര തുടരും....)

കൊല്ലേരി തറവാടി
23/02/2011

Friday, February 18, 2011

അമ്മ.. ഒപ്പം ഇത്തിരി പൊങ്കാലവിചാരങ്ങളും...



ആരും വായിയ്ക്കാനില്ല,..ആരും കമെന്റ്‌ ഇടാനുമില്ല... ഇതൊക്കെ അറിഞ്ഞിട്ടും ഞാനെന്തിനാണ്‌ ഇത്രയും ആവേശത്തോടെ. അതും ഈ അതിരാവിലെ ഈ ഓഫീസിലെ ഒട്ടും സ്വസ്ഥമല്ലാത്ത അന്തരീക്ഷത്തില്‍ അത്യാവശ്യമുള്ള പണികളൊക്കെ മാറ്റിവെച്ച്‌ ഈതൊക്കെ ടൈപ്പ്‌ ചെയ്തുകൂട്ടുന്നതെന്ന്‌ എനിയ്ക്കുതന്നെ മനസ്സിലാകാറില്ല പലപ്പോഴും..! ഫോണ്‍ ചെയ്യുമ്പോളൊക്കെ അമ്മ ഓര്‍മ്മിപ്പിയ്ക്കാറുണ്ട്‌ " ഏഴരശനിയാണു മോനെ നിനക്ക്‌... ഒപ്പം വ്യാഴം എട്ടിലും ...ആവശ്യമില്ലാത്ത കാര്യങ്ങളിലേയ്ക്ക്‌ മനസ്സു തിരിയും.. ഒപ്പം ജോലിയില്‍ അലസതയും..".

പലപ്പോഴും ഇത്തരം വിശ്വാസങ്ങളില്‍ സത്യമുണ്ടെന്നു തോന്നിപോകും.... അല്ലെങ്കില്‍ ഇതെല്ലാം മാറ്റിവെച്ച്‌ ബോസ്സിന്റെ വിശ്വസ്ഥനായി ജോലിയില്‍മാത്രം ഫോക്കസ്‌ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്നതിലും എത്രയൊ കൂടുതല്‍ ബോണസു കിട്ടുമായിരുന്നു.!... തോന്നില്ല...! കാലക്കേടുസമയത്ത്‌ നല്ലതൊന്നും തോന്നില്ല.!.

ഇത്രയും ദൂരെയിരുന്നിട്ടും ഇവിടെ ഞാനെന്തൊക്കയോ കുരുത്വക്കേടുകള്‍ ഒപ്പിയ്ക്കുന്നുവെന്ന്‌ എത്ര കൃത്യമായി ഊഹിച്ചെടുക്കുന്നു അമ്മ.. അതാണ്‌ ഒരമ്മയുടെ മനസ്‌., മക്കള്‍ എത്ര വലുതായാലും അവര്‍ക്കു നേരെ എപ്പോഴും നീളുന്നു ശ്രദ്ധയുടെ,കരുതലിന്റെ ആ നനുത്ത കരങ്ങള്‍.. അമ്മയ്ക്ക്‌ ഞാനിപ്പോഴും കൊച്ചുകുട്ടിയാണ്‌..എല്ലാ അമ്മമാരും ഇങ്ങിനെയൊക്കെത്തന്നെയായിരിയ്ക്കും.. എത്ര ദൂരത്തായിരുന്നാലും മക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആ ഹൃദയങ്ങളില്‍ നിന്നും അവരറിയാതെതന്നെ അമ്മിഞ്ഞപ്പാലു ചുരന്നൊഴുകും.

"ഈശ്വരാ,.. പാവം എന്റെ ഉണ്ണി,.. ഒരു മുന്‍പരിചയവുമില്ലാത്ത ലോകത്തേയ്ക്കാണല്ലോ അവന്‍ പോകുന്നത്‌.. വെപ്രാളം മൂത്ത്‌ എന്തൊക്കെ കാട്ടികൂട്ടുമോ ആവോ. കാത്തോളനേ ഭഗവാനെ.!" ആദ്യരാത്രിയില്‍ മണിയറയിലേയ്ക്കു പോകുന്ന മകനെനോക്കി ഉത്‌കണ്ഠപ്പെടുന്ന അമ്മ പാലിന്റെ ഗ്ലാസ്സെടുത്തു മരുമകളുടെ കൈകളില്‍കൊടുക്കുമ്പോള്‍ അറിയാതെ മനസ്സുകൊണ്ടെങ്കിലും മന്ത്രിച്ചുപോകും... "ഒരു ഈടുംമൂടുമില്ലാത്തവനാ അവന്‍,. എന്റെ ഉണ്ണി,.. ശുദ്ധന്‍,. എടുത്തുചാട്ടക്കാരന്‍.. നിനെക്കെങ്കിലും വേണം മോളെ ഒരു കരുതലും ഒപ്പം ഒതുക്കവും ".

അതാണ്‌ അമ്മ...., ആദ്യ കാലടി മുതല്‍ മക്കളുടെ ജീവിതയാത്രയിലെ ഓരോ ചുവടുവെപ്പിലും അമ്മയുടെ പ്രാര്‍ത്ഥനയും അനുഗൃഹവും എപ്പോഴും കൂടെയുണ്ടാകും, താങ്ങും തണലുമേകി വാല്‍സല്യത്തോടെ, കരുത്തോടെ കാത്തു രക്ഷിയ്ക്കും.. 

ജോലിയും രാഷ്ട്രീയവുമായി അച്ഛന്‍ കറങ്ങി നടക്കാറുള്ള നാളുകളില്‍ കുടുംബഭാരം പലപ്പോഴും അമ്മയുടെ ചുമലില്‍ മാത്രമാകുമായിരുന്നു.. അന്ന്‌ ആ കൊച്ചുപ്രായത്തിലും കൃഷി, മരാമത്ത്‌ തുടങ്ങി ഒരു കുടുംബത്തിനുവേണ്ട അല്ലറ ചില്ലറ കാര്യങ്ങളില്‍ അമ്മയ്ക്കൊരു താങ്ങായിരുന്നു ഞാന്‍.. സോണിയഗാന്ധിയ്ക്കു മന്‍മോഹന്‍ എന്നപോലെ അമ്മയുടെ വിശ്വസ്ഥന്‍.. ഇന്നും ഇത്രയും വര്‍ഷം ഇത്രയും ദൂരത്തിരുന്നിട്ടും ഞാന്‍ തന്നെയാണ്‌ അമ്മയുടെ പ്രിയപുത്രന്‍. 

"ഞാന്‍ മരിച്ചാലും എവിടേയും പോകില്ല,.. നിങ്ങളേനോക്കി, കാത്തുരക്ഷിച്ച്‌ അമ്മ, അമ്മയുടെ ആത്മാവ്‌ ഇവിടെത്തന്നെയുണ്ടാകും..".വയസ്സായി,..വയ്യാണ്ടായി എന്ന തോന്നല്‍ മനസ്സിലുണ്ടാവാന്‍ തുടങ്ങിയ കാലം മുതലെ എന്റെ അമ്മ കൂടെകൂടെ പറയുന്നതാണ്‌ ഈ വാചകം..അതു കേള്‍ക്കുമ്പോള്‍ സങ്കടംതോന്നും,.ഒരു കൊച്ചുകുട്ടിയായി മാറും ഞാനപ്പോള്‍.. "ശരിയല്ലെ അമ്മ പറയുന്നത്‌ എന്തൊക്കെയുണ്ടായാലും, ആരൊക്കെയുണ്ടായാലും അമ്മ പോയാല്‍ പിന്നെ മക്കള്‍ ശരിയ്ക്കും അനാഥരാവില്ലെ...! അല്ലെങ്കില്‍തന്നെ പെറ്റവയറിനു മക്കളെ ഉപേക്ഷിച്ച്‌ അങ്ങിനെ പോകാന്‍ കഴിയുമോ. 

എട്ടു മണിയാകാറായി..! ബോസ്സിപ്പോള്‍ കയറിവരും, ഓഫീസ്‌ സമയം കവര്‍ന്ന്‌, പരിസരം മറന്ന്‌ വരമൊഴിയില്‍ ഞാനിരുന്നു കളിയ്ക്കുന്നത്‌ എത്രയോ തവണ അദ്ദേഹം കണ്ടിരിയ്ക്കുന്നു.. ഒരുപാടു വര്‍ഷം സെര്‍വീസുള്ളതല്ലെ,.. ഇവിടെ വീടുംകുടിയും ഒന്നുമില്ലാത്തതല്ലെ എന്നൊക്കെ ഓര്‍ത്തു ക്ഷമിയ്ക്കുന്നു നല്ലവനായ ആ മനുഷ്യന്‍. എന്നാലും എല്ലാറ്റിനും ഒരു പരിധിയില്ലെ...! കട്ടുതിന്നുന്നതു പോലെ കട്ടെഴുതുന്നതും ഒരു സുഖമാണ്‌.. ഒരിയ്ക്കല്‍ ആ സുഖമറിഞ്ഞാല്‍ പിന്നെ എത്ര നിയന്ത്രിച്ചാലും, ഏതു പ്രതികൂല സാഹചര്യത്തിലും ചെയ്യാതിരിയ്ക്കാന്‍ കഴിയില്ല.. 

"ഇനി എന്നാ നീ വരിക,.. അമ്മയ്ക്കു തീരെ വയ്യാണ്ടായിരിയ്ക്കുണു... ഇനിയും മതിയായില്ലെ നിനക്ക്‌ അവിടത്തെ ജീവിതം.." രാവിലെ ഫോണില്‍ അമ്മയുടെ സ്വരമിടറി.. 

പ്രൊഫെയില്‍ യാത്ര തുടരണമെന്നു വിചാരിച്ചാണ്‌ വരമൊഴി തുറന്നത്‌,. പക്ഷെ അമ്മയുടെ വാക്കുകള്‍ നെഞ്ചില്‍ ഉടക്കിനില്‍ക്കുന്നു. "അമ്മമഴക്കാറിനു കണ്‍നിറഞ്ഞു.. ആ കണ്ണീരില്‍ ഞാനലിഞ്ഞു." ഒപ്പം സങ്കടം കൂട്ടാനായി ഓഫീസിലെ എന്റെ പാട്ടുപെട്ടിയും..

അമ്മയെക്കുറിച്ചല്ലാതെ,.അമ്മമാരെക്കുറിച്ചല്ലാതെ ഇന്ന്‌ എനിയ്ക്കിനി മറ്റെന്തെഴുതുവാന്‍ കഴിയും..!

ഇതു പൊങ്കാലനാളുകള്‍ ...അമ്മമാരുടെ കൂട്ടായ്മയൊരുക്കുന്ന പൊങ്കാല അടുപ്പുകളില്‍ ഐശ്വര്യത്തിന്റെ തീനാളങ്ങള്‍ കത്തിജ്വലിയ്ക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തത്തിന്റെ നാളുകള്‍....അതിനുപുറകിലെ വിശ്വാസങ്ങള്‍,.അവിശ്വാസങ്ങള്‍, അന്ധവിശ്വാസങ്ങള്‍, എല്ലാം തല്‍ക്കാലം മറക്കാം.. തര്‍ക്കങ്ങളും മാറ്റിവെയ്ക്കാം..

അഴിമതി, കള്ളപ്പണം, നിയമലഘനം.. വാണിഭങ്ങള്‍... വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു ഇത്തരം മടുപ്പിയ്ക്കുന്ന കാഴ്ചകള്‍ക്കു വിശ്രമം നല്‍കി നിറവിന്റെ ആ വിസ്മയദൃശ്യങ്ങളില്‍ കണ്ണും മനസ്സും അര്‍പ്പിയ്ക്കാം.. !

വളയിട്ട ലക്ഷക്കണക്കിനു കൈകള്‍ ഒത്തൊരുമിച്ച്‌ കത്തിച്ചൊരുക്കുന്ന അടുപ്പുകളിലെ കലങ്ങളില്‍ തിളച്ചു മറിയുന്ന പൊങ്കാലനേര്‍ച്ചയുടെ കാഴ്ചയില്‍, ഐശ്വര്യത്തിന്റെ സമൃദ്ധിയുടെ പ്രതീകമായ അന്നത്തിന്റെ നിറക്കാഴ്ചയില്‍ ലയിയ്ക്കാം..... ലാളിത്യത്തിന്റെ, നന്മയുടെ ഭൂതകാലത്തിലേയ്ക്ക്‌ ഒരല്‍പ്പനേരത്തേക്കെങ്കിലും തിരിച്ചുപോകാം...

നമുക്കു നാട്ടിന്‍പുറങ്ങളില്‍ പോയി താമസിയ്ക്കാം...സ്മാര്‍ട്ടായ സിറ്റികളുടെ, ടെക്‍നോപാര്‍ക്കുകളുടെ തിരക്കുകളില്‍നിന്നുമകന്ന്‌,..കുടുംബകോടതികളുടെ,ഡിവോര്‍സ്‌ പെറ്റീഷനുകളുടെ നൂലാമാലകളൊന്നുമില്ലാത്ത നാട്ടിന്‍പുറത്തെ നാലരയടിപോലും വീതിയില്ലത്ത ഒറ്റയടിപാതകളിലൂടെ നടക്കാം....നഗ്നപാദരായി തൊടിയിലിറങ്ങാം.എന്‍ഡോസള്‍ഫാന്‍ത്തുള്ളികള്‍ വീഴാത്ത കന്നിമണ്ണില്‍ കനകം വിളയിയ്ക്കാം...വിറകടുപ്പില്‍ മണ്‍കലത്തില്‍ പാചകംചെയ്തുടുത്ത കുത്തരിക്കഞ്ഞി അമ്മിയിലരച്ച ചമന്തിയുംകൂട്ടി കഴിയ്ക്കാം.. ചാറ്റിങ്ങും,ചീറ്റിംഗ്‌ കഥകളുടെ സീരിയലുകളുമൊഴിവാക്കി സായാഹ്നങ്ങളില്‍ വയലിനു നടുവിലെ ചിറവരമ്പിലൂടെ നടക്കാം... സന്ധ്യാനാമം ജപിയ്ക്കുന്നതിനിടയില്‍ ഉറക്കംതൂങ്ങുന്ന കളകളെ തൊട്ടുണര്‍ത്തിയും,. ചേക്കേറാന്‍ വൈകിപറക്കുന്ന കിളികളെ കളിയാക്കിയും,..വിടപറയാന്‍ മടിച്ചു ചുവന്നുതുടുത്തു കരഞ്ഞുനില്‍ക്കുന്ന സൂര്യനെ ആശ്വസ്സിപ്പിച്ചും അലയാം.. ഏ.സിയുടെ ഇരമ്പിലില്ലാത്ത നടുമുറ്റത്ത്‌ ഇളംകാറ്റേറ്റ്‌,.ആകാശത്ത്‌ തുള്ളിത്തുളുമ്പി മെല്ലെ ചലിയ്ക്കുന്ന നക്ഷത്രങ്ങളോട്‌ കളിപറഞ്ഞു വെറുതെ കിടക്കാം.. കൊളസ്ട്രോളിന്റെ, ഷുഗറിന്റെ,ഡിപ്രഷന്റെ, റ്റാബ്‌ലറ്റുകളുടെ സമ്മര്‍ദ്ദമില്ലാതെ,. രവിശങ്കറിന്റെ ബ്രീത്തിംഗ്‌ എക്സെര്‍സൈസും മറ്റെല്ലാവിധ ലഹരികളും ഒഴിവാക്കി എല്ലാം മറന്നുങ്ങാറുള്ള യാമങ്ങള്‍ തിരിച്ചുപിടിയ്ക്കാം..സുന്ദരസ്വപ്നങ്ങള്‍ പങ്കുവെച്ചുണരാം...! 

ഈ പുതിയയുഗത്തില്‍, .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടില്‍,. .ഇതെല്ലാം നമുക്ക്‌ വെറുതെ മനസ്സില്‍ താലോലിയ്ക്കുന്ന സ്വപ്നങ്ങള്‍ മാത്രമാകുന്നു... എങ്കിലും ഒരിയ്ക്കലും കൈമോശം വരാതെ ഈ ഗൃഹാതുരസ്മരണകള്‍ സമ്പാദ്യമായി കാത്തുസൂക്ഷിയ്ക്കുന്നു ഇന്നും നമ്മളില്‍ ഭൂരിഭാഗവും..

പക്ഷെ,. ഭൗതികഭ്രമത്തിന്റെയും സമ്പത്തിന്റേയും അതിപ്രസരത്തില്‍ ധാര്‍മ്മികതയും സദാചാരബോധവും ഭയാനകാമാംവിധം മലീമസമാക്കപ്പെടുന്നു ആധുനികസമൂഹത്തില്‍... ആഗോളവല്‍ക്കരണം സമ്മാനിച്ച അന്യസംസ്ക്കാരങ്ങളുടെ അരുതാപ്പുറങ്ങളിലേയ്ക്ക്‌ നിര്‍ലജ്ജം കാലെടുത്തുവെയ്ക്കുന്നു ചിലര്‍.. കാണാപ്പുറങ്ങള്‍ കാണുന്നു.. എഴുതാപ്പുറങ്ങള്‍ വായിയ്ക്കുന്നു.. മാതൃഭാഷ മറക്കുന്നു... അമ്മിഞ്ഞപാലിന്റെ രുചിയും ഗന്ധവും മറന്ന്‌ ഇംഗ്ലീഷ്‌ അറിയാത്ത അമ്മയെ പരിഹസിയ്ക്കുന്നു.. വേരുകള്‍ മുറിച്ചെറിയുന്നു.

സ്ത്രീശക്തി...! അതിന്റെ മഹത്വം.. വാക്കുകള്‍ക്കതീതമാണ്‌..! ഓരോ വീടുകളിലും അവര്‍ തെളിയിക്കുന്ന വിളക്കുകള്‍ ഒന്നിച്ച്‌ ലക്ഷാര്‍ച്ചനായി സമൂഹത്തെ പ്രകാശമാനമാക്കും. അവളുടെ സന്ധ്യാദീപത്തിനു മുമ്പില്‍ എത്ര ഉഗ്രപ്രതാപിയായ പുരുഷനും തൊഴുകയ്യുമായി നില്‍ക്കും..! ആ നാളങ്ങളുടെ ചെറുചലനങ്ങളില്‍ ഒതുങ്ങും അവന്റെ സ്വപ്നങ്ങളും,സാമ്രാജ്യമോഹങ്ങളും..! അവളൊരുക്കുന്ന അത്താഴം, അതെത്ര ലളിതമായാലും വിഭവരഹിതമായാലും അതിനായി അവന്‍ കൊതിയോടെ കാത്തിരിയ്ക്കും.. അവിടെ ഉത്തമ ദാമ്പത്യബന്ധങ്ങള്‍ പൂത്തുലയും...! എല്ലാം ശരിയാണ്‌, എല്ലാവര്‍ക്കും എല്ലാം അറിയുകയും ചെയ്യാം...! എന്നിട്ടും സമൂഹത്തില്‍.....!

അത്‌ നിയോഗമാണ്.. പറഞ്ഞുമടുത്ത കഥകളുടെ തനിയാവര്‍ത്തനമാണ്.. ആദിമമനുഷ്യന്‍ പിറക്കുമ്പോള്‍ ഈ ഭൂമി സ്വര്‍ഗ്ഗരാജ്യത്തിനു സമാനമായിരുന്നു... പാമ്പും ആപ്പിളുമായി പരീക്ഷണത്തിനിറങ്ങിയ ആദ്യദിനം തന്നെ ദൈവത്തിനു മനസ്സിലായി തന്റെ സൃഷ്ടിയുടെ മഹത്വം..! ഇനി അവരായി.. അവരുടെ പാടായി.. ദൈവം കൈവിട്ടു.!. പാമ്പുകള്‍ പെരുകി.. ആപ്പിള്‍തോട്ടങ്ങള്‍ പൂത്തുലഞ്ഞു.. അവ കാലികമായി ഐസ്‌ ക്രീം പാര്‍ലറുകളും മറ്റുപലതുമായും രൂപാന്തരം പ്രാപിച്ചു.. 

ഒരു കൈകുമ്പിളില്‍ ഒതുങ്ങുന്ന ആപ്പിളില്‍ തുടങ്ങിയ നമ്മുടെ മോഹങ്ങള്‍ മെല്ലെ കാളവണ്ടി കയറി കമ്പോളത്തിലെത്തി... പിന്നെ അതു ലോറികള്‍ക്കു വഴി മാറി.... ഇപ്പോള്‍ കണ്ടയിനറിനുമപ്പുറത്തേയ്ക്കു വളര്‍ന്നിരിയ്ക്കുന്നു അത്‌.! എല്ലാ ലക്ഷ്മണരേഖകളും ലംഘിച്ച്‌ മാരീചനു പുറകെ കാണാത്തീരങ്ങളും തേടിയുള്ള നമ്മുടെ മോഹങ്ങളുടെ യാത്രയ്ക്ക്‌, മുന്നില്‍ വാപിളര്‍ന്നുനില്‍ക്കുന്ന ചതിക്കുഴികള്‍ക്കു മുമ്പില്‍ മുമ്പില്‍ പെട്ടന്നു നിര്‍ത്താന്‍ പോലും കഴിയാത്ത അത്രയും വേഗത കൈവരിച്ചിരിയ്ക്കുന്നു ഇപ്പോള്... വികസനം ലക്ഷ്യമാക്കി അനുനിമിഷം അതിവേഗതയാര്‍ജിച്ചുകൊണ്ടിരിയ്ക്കുന്ന ഈ യാത്ര ഒരിയ്ക്കലും അവസാനിപ്പിയ്ക്കാന്‍ കഴിയില്ല നമുക്ക്‌.. കാരണം ആധുനികമനുഷ്യരാണ്‌ നമ്മള്‍..! പുരോഗമനവാദികള്‍.! 

ഭക്തിയും വിശ്വാസവും ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും നിമിഷങ്ങളില്‍ മാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന വികാരങ്ങളായി മാറിയിരിയ്ക്കുന്നു... ആചാരങ്ങള്‍ ആഘോഷങ്ങള്‍ക്കു വഴിമാറുന്നു... ആഘോഷങ്ങള്‍ ആര്‍ഭാടത്തിന്റെ, വിപണനത്തിന്റെ അരങ്ങുകളിലൊരുങ്ങുന്ന വെറും കെട്ടുകാഴ്ചകള്‍ മാത്രമായി ചുരുങ്ങുന്നു...

"രണ്ടുദിവസത്തെ വെയിലും, .അടുപ്പിലെ ചൂടും.. എല്ലാംകൂടി കറുത്ത്‌ ആകെ കോലം കെട്ടുപോയി. മടുത്തു ,.. ഇതൊക്കെ ഒന്നഴിച്ചുവെച്ചിട്ട്‌,. ആദ്യം തന്നെ ബ്യൂട്ടിപാര്‍ലറില്‍ പോകണം.".. ആചാരങ്ങള്‍ തീരുന്ന ആ നിമിഷം, .പൊങ്കാല അടുപ്പിലെ തീക്കനലിന്റെ ചൂടുതെല്ലുകുറയുംമുമ്പെ മടങ്ങുവാന്‍ തിടുക്കം കൂട്ടുന്നു ചിലര്‍.!. "തങ്ങളുടെ കടമ ഭംഗിയായി നിറവേറ്റി.. ഇനി അടുത്ത പൊങ്കാലനാള്‍ വരെ എല്ലാം കണ്ടും കേട്ടും കണ്ണടച്ചും ക്ഷമിച്ചും,പൊറുത്തും കാത്തുരക്ഷിയ്ക്കേണ്ടത്‌ ദേവിയുടെ ചുമതലയാണ്‌.." ആ വിശ്വാസത്തോടെ നിറഞ്ഞ മനസ്സുമായി മടങ്ങുന്നു അവര്‍..!

"അമ്മേ,.. ഭഗവതി..!...ദേവി..ഭഗവതി...!" നടതുറക്കുന്ന സമയത്ത്‌ ശ്രീകോവിലിനുമുമ്പില്‍ അലറിക്കരഞ്ഞു പ്രാര്‍ത്ഥിയ്ക്കുമ്പോളുതിരുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അടുത്ത നിമിഷം അമ്പലപ്പറമ്പില്‍ പാര്‍ക്കു ചെയ്ത കാറിനു മുമ്പിലെത്തുമ്പോഴേയ്ക്കും വറ്റിപോകുന്നു..! ആ കണ്ണുനീര്‍ വറ്റാതെ ഹൃയത്തിലേയ്ക്കുതന്നെ തിരിച്ചൊന്നൊഴുകിയിരുന്നെങ്കില്‍...! ദേവിയുടെ വിഗ്രഹത്തില്‍നിന്നും എറ്റു വാങ്ങിയ ചൈതന്യം ഒളിമങ്ങാതെ എപ്പോഴും മുഖത്തു തങ്ങിനിന്നിരുന്നുവെങ്കില്‍.!. ആ തിരുനടയില്‍നിന്നും ആവാഹിച്ചെടുത്ത നന്മയുടെ ഊര്‍ജം ഓരോ വാക്കിലും, നോക്കിലും, കര്‍മ്മത്തിലും പ്രസരിച്ചിരുന്നെങ്കില്‍..! 

പ്രാര്‍ത്ഥിയ്ക്കുന്നു.. നേരുന്നു നന്മകള്‍....


കൊല്ലേരി തറവാടി
19/02/2011

Monday, February 14, 2011

ഒരു പഴയ വാലന്റിയന്റെ ആശംസകള്‍ അഥവാ കണ്ണുനീര്ത്തു ള്ളികള്‍


ശ്രീ ഗിരീഷ്‌ പുത്തഞ്ചേരിയുടെ തെരെഞ്ഞെടുത്ത മെലഡികള്‍ കേട്ടുകൊണ്ട്‌ അവയുടെ താളത്തില്‍ ലയിച്ച്‌ ഓഫീസില്‍ ഇരുന്നുകൊണ്ടാണ്‌ "പ്രൊഫയിലിന്റെ രണ്ടാം ഭാഗം" മിക്കവാറും ഭാഗങ്ങളും ഞാന്‍ ടൈപ്പു ചെയ്തുതീര്‍ത്തത്‌.അതൊരു സുഖമാണ്‌. ആ കവിതകളില്‍നിന്നും എനിയ്ക്കറിയാത്ത, എഴുതാന്‍ കൊതിയ്ക്കുന്ന പല വാക്കുകളും ഞാനറിയാതെ എന്റെ കിനാവിന്റെ പടികടന്ന്‌ വിരല്‍ത്തുമ്പിലൂടെ വാചകങ്ങള്‍ക്കിടയില്‍ ഒഴുകിയെത്തി തിളങ്ങിനില്‍ക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നി..,. ആ മഹാനായ കലാകാരനെ മനസ്സുകൊണ്ടു നമിച്ചുപോയി..

പാട്ടു കേള്‍ക്കാനും കഥ എഴുതാനും ഓഫീസുകളൊ..!. അതും മരുഭൂമിയിലെ പ്രവാസലോകത്ത്‌... അതേതു വിസ...! സ്വദേശികളായ ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നുന്നു അല്ലെ... അങ്ങിനെ ഒരു വിസ ഒത്തുകിട്ടിയാല്‍ കൊള്ളാം അല്ലെ !.

അതൊന്നും എല്ലാവര്‍ക്കും പറഞ്ഞ കാര്യങ്ങളല്ല... അത്തരം ജോലികളൊക്കെ കിട്ടണമെങ്കില്‍ ഭാഗ്യം വേണം........ തലവര നന്നാകണം..

ഈ പ്രവാസലോകം എന്നു പറയുന്നത്‌ ഒരു മായാലോകമാണ്‌. ഭയങ്കര സംഭവങ്ങളല്ലെ ഇവിടെ നടക്കുന്നത്‌... കാണാറില്ലെ ടി.വിയില്‍ ഇവിടുത്തെ ഉത്സവ വിസ്മയകാഴ്ചകള്‍... അതൊക്കെകണ്ടുമോഹിച്ചിട്ടല്ലെ സ്വന്തം നാടിനെ കണ്ണില്‍കണ്ട ഏതെങ്കിലും ബംഗാളികളുടെയും നേപ്പാളികളുടേയും സുരക്ഷിതകരങ്ങളിലേല്‍പ്പിച്ച്‌ ലക്ഷങ്ങള്‍ മുടക്കി നമ്മളില്‍ പലരും ഇങ്ങോട്ട് വണ്ടികയറുന്നത്‌
,... ഇവിടെ വന്ന്‌ "ദില്‍ബാസുരന്റെ" ഭാഷയില്‍ പറഞ്ഞാല്‍ ദിര്‍ഹങ്ങള്‍ പെറുക്കികൂട്ടുന്നത്‌ ...

പോസ്റ്റുകളില്‍ മാളുവിനെപറ്റി ഇത്തിരി അതിശയോക്തികലര്‍ത്തി ഒരുപാടു നല്ല കാര്യങ്ങള്‍ തട്ടിവിട്ടുന്നു ഞാന്‍ അല്ലെ.. അതെല്ലാം ചുമ്മാ മുന്‍കൂര്‍ജ്യാമ്യത്തിനു പകരമുള്ള നമ്പറുകള്‍ മാത്രമാണ്‌ കേട്ടോ
, അല്ലാതെ എനിയ്ക്കവളോടു ഒരുപാടിഷ്ടമുണ്ടായിട്ടൊന്നുമല്ല.. ഒരു ഭര്‍ത്താവിനു ഭാര്യയോടു തോന്നുന്ന സാധാരണ ഇഷ്ടമില്ലെ.... കഷ്ടി അത്രയ്ക്കൊക്കെ മാത്രം.!.

എന്തായാലും ‘പ്രൊഫെയില്‍ രണ്ടാം ഭാഗം‘ "ആകെമൊത്തം" വായിച്ചു കഴിയുമ്പോള്‍
ജീവിതാനുഭവങ്ങള്‍ക്കൊപ്പം സാങ്കല്‍പിക കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും കൂട്ടിയോജിപ്പിയ്ക്കാന്‍ കുട്ടേട്ടന്‍ അനുഭവിച്ച പെടാപാടോര്‍ത്ത്‌ ഊറിച്ചിരിയ്ക്കും അവള്‍.

എന്നാലും എഴുത്തുകാരനൊന്നുമല്ലാത്ത കുട്ടേട്ടന്‍ ഇത്രയെങ്കിലുമൊക്കെ ഒപ്പിച്ചെടുത്തല്ലൊ എന്നത്ഭുതംകൂറും.. ഒപ്പം അഭിമാനിയ്ക്കും.. ആ അഭിമാനനിമിഷങ്ങള്‍ക്ക്‌ ആക്കംകൂട്ടാന്‍ ആളിപടര്‍ത്താന്‍ ഒരു പക്ഷെ ഈ വാചകങ്ങള്‍ ഉപകരിച്ചേയ്ക്കും.

ഫ്ലാഷ്‌ ന്യൂസ്‌...

ഇന്നലെ വൈകുന്നേരം മാളുവിനെ നെറ്റില്‍ കിട്ടി... "ഇരിയ്ക്കട്ടെ രമേശ ഒരു തറക്കഥകൂടി" വായിച്ചു അവള്‍... പക്ഷെ ഊറിചിരിയ്ക്കുന്നതിനു പകരം പൊട്ടിത്തെറിച്ചു.... "കഥയാണെങ്കില്‍പോലും നാണമാവില്ലെ കുട്ടേട്ടന്‌ ഇങ്ങിനൊയൊക്കെ എഴുതിപ്പിടിപ്പിയ്ക്കാന്‍." എന്നൊക്കെപറഞ്ഞ്‌ ഒരുപാട്‌ അട്ടഹസിച്ചു.. എന്റെ വാലന്റിയന്‍ ആഘോഷങ്ങള്‍ ധന്യമായി...!  ഭാഗ്യം.. ഇലക്ട്രോണിക്‍സ്‌ ജാലകത്തിനപ്പുറവും ഇപ്പുറവും ആയതുകൊണ്ട്‌ തടികേടാകാതെ കഴിഞ്ഞു..!

എനിയ്ക്കിതു വേണം... വല്ല കാര്യവുമുണ്ടായിരുന്നൊ ഇങ്ങിനെയൊക്കെ എഴുതിപിടിപ്പിയ്ക്കാന്‍...!  എന്നിട്ടാരെങ്കിലും വായിച്ചോ അതുമില്ല...!

ബിലാത്തിയുടെ കമെന്റ്‌സ്‌ വായിച്ച്‌ നാണകേടുകൊണ്ട്‌ അവളുടെ തൊലിയുരിഞ്ഞുപോയത്രെ...!  അതൊന്നും കാര്യാമാക്കെണ്ട ബിലാത്തിഇനിയും എഴുതു ഇതുപോലെ പുളിപ്പന്‍ കമെന്റുകള്‍.!...  അങ്ങിനെ ടെന്‍ഷന്‍ അടിച്ചെങ്കിലും അവളുടെ തടിയിത്തിരി കുറയട്ടെ.. തടിച്ചി.!.. മൂക്കുമുട്ടെതിന്നിട്ട്‌ ശരീരം മുഴുവന്‍ ലവണതൈലം പുരട്ടിയാല്‍ ആരുടെയെങ്കിലും തടി കുറയുമോ... ഈ ലവണതൈലം കണ്ടുപിടിച്ചവനയെങ്ങാനും എന്റെ കയ്യില്‍ കിട്ടണമായിരുന്നു..!. ആ വഴിയ്ക്ക്‌ എത്ര കാശാണെന്നോ പോകുന്നത്‌..

ആത്മഗതം:-  ഈശ്വരാ......! നാട്ടുകാരനല്ലെ എന്ന പരിഗണനവെച്ച്‌ ഇവിടെ മുടങ്ങാതെ വന്ന്‌ കമെന്റിട്ടുകൊണ്ടിരുന്ന ബിലാത്തിയേയും വെറുപ്പിച്ചു..!..... ഇനി ആരുണ്ടാവും എന്തെങ്കിലും നാലു നല്ലവാക്കുകള്‍ പറയാന്‍..! പോട്ടെ ആരുമില്ലെങ്കിലും അവളുണ്ടല്ലൊ ജീവിതാവസാനം വരെ (സഹിച്ചല്ലെ പറ്റു).. ബ്ലോഗില്‍ വന്നില്ലെങ്കിലും നെറ്റില്‍ വരുമല്ലൊ...! അതുമതി,.. അതുമതി എനിയ്ക്ക്‌.. അതുമാത്രം മതി! ... ഇനിപിന്നെ എഴുതാം.. രാവിലെ ഇതുവരെ അവളെ വിളിച്ചില്ല.. വാലന്റിയന്‍ ആശംസിച്ചില്ല... ഈശ്വരാ..! ഏതുമൂഡിലാണാവോ അവള്‌...! എന്തായാലും മൊബൈല്‍കോളല്ലെ.... ആ മുഖത്തെ ശൗര്യം കാണേണ്ടല്ലൊ.. അത്രയും ആശ്വാസം... !

ഇതുവഴി ഒരിയ്ക്കലെങ്കിലും കടന്നുവന്ന്‌ നാലു നല്ലവാക്കുകള്‍ പറഞ്ഞവര്‍ക്കും
,.. ഒന്നും മിണ്ടാതെ കടന്നുപോയവര്‍ക്കും... ഇനിയും ഈ വഴി ഇനിയും കടന്നു വരാത്തവര്‍ക്കും. കടന്നുവരാന്‍ ഒരുങ്ങുന്നവര്‍ക്കും...എല്ലാവര്‍ക്കും നന്ദി...നമസ്കാരം..

Saturday, February 12, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (രണ്ടാം ഭാഗം)


ഇരിയ്ക്കട്ടെ രമേശാ ഒരു തറക്കഥ കൂടി....

സീന്‍- രണ്ട്‌

മരുഭൂമിയിലെ ഒന്നര വ്യാഴവട്ടക്കാലത്തെ ബാച്ചിലര്‍ പ്രവാസജീവിതത്തേക്കാള്‍ ഏകാന്തവും വിരസവുമായിരുന്നു ഡിഗ്രിയ്ക്കായി സെന്തോമാസ്സില്‍തന്നെ ചിലവഴിച്ച മൂന്നു വര്‍ഷങ്ങള്‍..

പക്ഷെ ആ വിരസത സമ്മാനിച്ച മാര്‍ക്‌ക്‍ലിസ്റ്റിന്റെ കനത്തില്‍ തൊട്ടടുത്ത്‌ ഊട്ടിയിലെ താഴ്‌വരകളും കൊടൈക്കനാലിന്റെ ചാരുതയും സ്വന്തമായുള്ള
, "സ്വര്‍ഗം താണിറങ്ങി വന്നതോ..."! എന്നാരും പറഞ്ഞുപോകുന്ന കലാലയത്തില്‍ പോസ്റ്റുഗ്രാഡുവേഷനു ചുളുവില്‍ സീറ്റു തരപ്പെട്ടു..

"സോണിയ
,..ഷീബ,.. ജയ,..വലിയ മിനി,..ചെറിയ മിനി,.പ്രേമ. ലത,..മേഴ്‌സി... ശുഭ,..കാന്താരി എന്നു ഞങ്ങള്‍ ഓമനപ്പേരിട്ടുവിളിച്ചിരുന്നകൂട്ടത്തില്‍ പാവവും തടിച്ചിയുമായിരുന്ന ബിന്ദു..പിന്നെ എല്ലാവരുടെയും കാരണവത്തിയായി ഏക വിവാഹിത,ഗള്‍ഫുകാരന്റെ ഭാര്യ പുഷ്പ..

ഇങ്ങിനെ ഒരു ഡസന്‍ പെണ്‍പുലികളുടെ ഇടയില്‍ ഞങ്ങള്‍ പാവം അഞ്ചു മാന്‍കിടാങ്ങള്‍..നെല്ലായിക്കാരന്‍ പ്രകാശ്‌
,..വില്ലടത്തുനിന്നും മുരളി,.. കറുകുറ്റിയില്‍നിന്നും തോമസ്‌,..കണ്ണൂരിലെ ഇരിട്ടിയില്‍നിന്നും പ്രേംരാജ്‌,. പിന്നെ ഈ പാവം ഞാനും.

പ്രീഡിഗ്രിപൈതങ്ങളെ തോല്‍പ്പിയ്ക്കുന്നവിധം എല്ലാം മറന്ന്‌ ആര്‍മാദിയ്ക്കുകയായിരുന്നു ഞങ്ങള്‍..ആദ്യമായി മിക്സെഡ്‌ കോളേജിന്റെ സുഖമറിയുകയായിരുന്നു പലരും...ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടുവര്‍ഷങ്ങള്‍ കണ്ണടച്ചുതുറക്കുന്നതിന്ന വേഗത്തിലണ്‌ കടന്നുപോയത്‌.

ഇങ്ങിനെ വളരെ എളുപ്പത്തില്‍ അഞ്ചോ പത്തോ വരികളില്‍ ഈ വിവരണം ഒതുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..!

പക്ഷെ
, അതൊരു വലിയ പക്ഷെ..തന്നെ ആയിരുന്നു. അമ്മ പറഞ്ഞതുപോലെ ശുക്രദശയുടെ അവസാനകാലം..ആദിത്യന്റെ തുടക്കം..മനസ്സിടറി അലഞ്ഞുതിരിയുന്ന സമയം.

സത്യമായിരുന്നു അത്‌..അല്ലെങ്കില്‍ സ്വന്തം മുറ്റത്ത്‌ ഒരുപാട്‌ പൂക്കളും കുഞ്ഞികിളികളും നിറഞ്ഞ വലിയൊരു പൂന്തോട്ടമുണ്ടയിരുന്നിട്ടും.ജനലിനപ്പുറം നിലാമഴയില്‍ കുളിച്ചുനില്‍ക്കുന്ന നിളയുടെ ചന്തത്തില്‍ ആകര്‍ഷണം തോന്നണമായിരുന്നോ
,..മയങ്ങിപോകണമായിരുന്നോ..ഗണിതശാസ്ത്രവുമായി പുലബന്ധംപോലുമില്ലാതിരുന്ന,.അതുവരെ എനിയ്ക്കത്ര പരിചിതമല്ലായിരുന്ന മലയാളസാഹിത്യത്തിനോട്‌ ജീവിതത്തിലാദ്യമായി ഇഷ്ടം തോന്നണമായിരുന്നോ..

പാവമായിരുന്നു അവള്‍...വേനല്‍ച്ചൂടില്‍ തപിച്ചും
,തളര്‍ന്നും കേഴുന്ന ഭൂമിയ്ക്കു കുളിരുപകര്‍ന്നുമെലിഞ്ഞൊഴുകുന്നു നിളപോലെ ശാന്തമായിരുന്നു അവളുടെ ഓരോ ചലനങ്ങളും.ഒരിയ്ക്കല്‍പോലും അവള്‍ നിറഞ്ഞൊഴുകുന്നതുകണ്ടിട്ടില്ല,.. ഒന്നുറക്കെപൊട്ടിച്ചിരിച്ചു കണ്ടിട്ടില്ല...ഒരുപാടുകൂട്ടുകാരികളുമില്ലായിരുന്നു അവള്‍ക്ക്‌ ..ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച്‌ ആരുടെയും ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കാതെ ഹോസ്റ്റലിനും ക്ലാസുറൂമിനും ലൈബ്രറിയ്ക്കും ചുറ്റും ഒതുക്കത്തോടെ ഒഴുകിനടക്കുകയായിരുന്നു അവള്‍.

എപ്പോഴും സ്വപ്നങ്ങള്‍ വിടര്‍ന്നുപൂത്തുനില്‍ക്കുമായിരുന്ന ആ മിഴികള്‍ക്കുചുറ്റും അലകളുണര്‍ത്തിയും
,..മുല്ലപ്പൂവിന്റെ ഗന്ധമുതിരുന്ന ചുരുണ്ട മുടിച്ചുരുകള്‍ മറയ്ക്കുന്ന വിടര്‍ന്ന കാതിണകളില്‍ മന്ത്രിച്ചും,..നാണത്താല്‍ ചുവക്കുന്ന അവളുടെ കുറുകിയ ചുണ്ടുകളില്‍ കുസൃതിച്ചിരി പടര്‍ത്തിയും നര്‍മ്മത്തില്‍ പൊതിഞ്ഞ കളിവാക്കുകളുമായി ഒപ്പം ഒഴുകുന്ന ഒരു കുളിര്‍തെന്നലായിമാറാന്‍ തുടങ്ങിയ എന്റെ മനസ്സിലെ പ്രണയം എപ്പോഴോ അവളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു..

പിന്നെ ഒരൊഴുക്കായിരുന്നു.!.സൗഹൃദത്തിന്റെ തീരങ്ങളില്‍ നിന്നും തീരങ്ങളിലേയ്ക്ക്‌ എല്ലാം മറന്നുള്ള യാത്ര...ഇണക്കവും പിണക്കവും വേനലും വര്‍ഷവുമായി മാറി. അങ്ങിനെ ഋതുക്കള്‍ ഓരോന്നായി കടന്നുപോയി..ഒന്നരവര്‍ഷംകൊണ്ടു ഒരു യുഗാന്തരത്തിന്റെ ബന്ധം ഊട്ടിയുറപ്പിച്ച്‌ വെറുതെ പാവം രണ്ടുശുദ്ധാത്മാക്കള്‍ പുഴയും കാറ്റുംപോലെ ഒന്നിച്ചും പരസ്പരം കളിപറഞ്ഞും ഓളങ്ങളുയര്‍ത്തിയും ഒഴുകിനടന്നു.

എന്നെ മറക്കുമോ..-- മറക്കാനോ
,..ഒരിയ്ക്കലുമില്ല..-- എത്രവേഗത്തിലാണ്‌ കാലം കടന്നുപോയത്‌,.ഇത്രപെട്ടന്നു പിരിയേണ്ടിവരുമെന്നു കരുതിയില്ല അല്ലെ. -- ആരുപറഞ്ഞു പിരിയുകയാണെന്ന്‌ നീ എന്നും എന്റെ മനസ്സിലുണ്ടാകും..-- അതുമതി അതുമാത്രം മതിയെനിയ്ക്ക്‌...!...ആ വാക്കുകളുടെകൂടെയുതിര്‍ന്നുവീഴുന്ന ചുടുനിശ്വാസത്തിന്റെ ചൂടാറുംമുമ്പേ,..കവിളിലെ കണ്ണുനീര്‍പൂക്കളുടെ പാട്‌ മായുംമുമ്പെ,.ഉത്തരക്കടലാസിലെ മഷിയുണങ്ങുംമുമ്പെ എതെങ്കിലും ഗള്‍ഫുകാരന്റെ കുടയുടെ തണലിലേയ്ക്ക്‌, അവന്റെ പാസ്പോര്‍ട്ടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക്‌ കൂടുമാറ്റം നടത്തേണ്ടിവരുന്ന പാവം പൂത്തുമ്പിയെ നോക്കി അമ്പരന്നുനില്‍ക്കുന്ന ആണ്‍തുമ്പി.. ഇങ്ങിനെയായിരുന്നു അക്കാലത്തെ മിക്കവാറും നിര്‍ദോഷ കാമ്പസ്‌പ്രണയങ്ങളുടെ ശുഭാന്ത്യം..!

അറിയാമായിരുന്നു
,..യാഥര്‍ത്ഥ്യങ്ങള്‍ രണ്ടുപേര്‍ക്കും നന്നായിട്ടറിയാമായിരുന്നു..കാമ്പസ്സിനപുറം ഒന്നും മോഹിയ്ക്കാന്‍ പാടില്ല എന്നുതീരുമാനിച്ചുറപ്പിച്ചിരുന്നു..അതിനപ്പുറം സ്വപ്നങ്ങള്‍ നെയ്തുക്കൂട്ടി സാങ്കല്‍പ്പികലോകങ്ങളിലേയ്ക്കു പറന്നുപോകാന്‍ പ്രീഡിഗ്രികുഞ്ഞുങ്ങളുമായിരുന്നില്ലല്ലോ ഞങ്ങള്‍...അതിന്റെ കരുതലും മാന്യതയും പാലിയ്ക്കാനുള്ള പക്വതയും വിവേകവും ഉണ്ടായിരുന്നു ഇരുവര്‍ക്കും.

എന്നിട്ടും.
? അതൊരു നിയോഗമായിരിന്നിരിയ്ക്കാം.വിധി എനിയ്ക്കായി ഒരുക്കിയതാവാം.!

ചെയ്ത തെറ്റുകളെ ന്യായികരിയ്ക്കാന്‍ പലപ്പോഴും നാം വിധിയെ കൂട്ടുപിടിയ്ക്കാറില്ലെ..
,ഫിലോസഫി തേടിപോകാറില്ലെ..ഇല്ല,.! ഇനിയങ്ങോട്ടു കുറിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കുറെ വരികള്‍., ഹൃദയത്തില്‍ ഞാന്‍ കല്‍മതില്‍ കെട്ടി മറച്ചുവെച്ച എന്റെമാത്രം സ്വകാര്യങ്ങള്‍. എഴുതേണ്ടെന്നു കരുതിയതാണ്‌, ഒഴിവാക്കണമെന്ന്‌ തുടക്കത്തിലെ തീരുമാനിച്ചതാണ്‌....പക്ഷെ,..അപ്രശസ്തനായ,അധികം വായനക്കാരില്ലാത്ത അജ്ഞാതനായ ബ്ലോഗറാണെന്ന ധൈര്യം,.. ഇലക്ട്രോണിക്‍സ്‌ലിപികളില്‍ ആലേഖനംചെയ്ത്‌ ബൂലോകത്തിന്റെ സുരക്ഷിതമായ കരങ്ങളിലേല്‍പ്പിച്ചാല്‍ അതവിടെ അനശ്വരമായി സംരംക്ഷിക്കപ്പെടുമെന്നുള്ള തിരിച്ചറിവ്‌,..എല്ലാറ്റിനുമുപരി എന്റെ പ്രൊഫെയിലിന്റെ പൂര്‍ണ്ണത....ഈ ചിന്തകള്‍ കരുത്തേകുമ്പോഴും ഹൃദയത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ ഏറ്റുവാങ്ങാനാവാതെ വിറയ്ക്കുന്നു എന്റെ വിരല്‍ത്തുമ്പുകള്‍..അധികംവിസ്തരിയ്ക്കാതെ,.. ചുരുക്കം ചിലവാക്കുകളില്‍ അപൂര്‍ണ്ണമായിട്ടെങ്കിലും ഞാനതിവിടെ കുറിയ്ക്കട്ടെ.

എവിടെനിന്നാണ്‌ കാലംതെറ്റി ആ മഴ വന്നതെന്നറിയില്ല
,..എങ്ങിനെയാണ്‌ അപ്പോള്‍ അത്രയും ശക്തമായി കാറ്റുവീശിയതെന്നറിയില്ല. നനഞ്ഞുകുതിര്‍ന്ന്‌ തുള്ളിത്തുളുമ്പി ഒടിവും വളവും ചുഴികളുമായി ഒരു വിസ്മയശില്‍പ്പംപോലെ നിറഞ്ഞുനില്‍ക്കുകയായിരുന്നു എന്റെ മുമ്പില്‍ അവളപ്പോള്‍...ആ കാഴചയില്‍ ഞാനുണര്‍ന്നു,..സ്വയം മറന്നു. ആ പുഴയുടെ കയങ്ങളിലേയ്ക്കെടുത്തുചാടി,അഗാധഗര്‍ത്തങ്ങള്‍തേടി നീന്തിത്തുടിച്ചു..

അവിചാരിതമായി അഭിനിയിക്കാനിറങ്ങിയ രണ്ടുപേരുടെ ആദ്യറിഹേഴ്‌സല്‍ പോലെ കടന്നുപോയ ആ നിമിഷങ്ങളില്‍ പരസ്പരം പങ്കുവെച്ചും
,പകുത്തുനല്‍കിയും സമര്‍പ്പണത്തിന്റെ സുഖം ശരിയ്ക്കും അനുഭവച്ചറിയുകയായിരുന്നു ഞങ്ങള്‍.

അരുതാത്തതായിരുന്നു
,.ഒരിയ്ക്കലും സംഭവിയ്ക്കാന്‍ പാടില്ലെന്നുറപ്പിച്ചതുമായിരുന്നു...എന്നാലും ഉള്ളിന്റെയുള്ളില്‍ ഒരിക്കെലെങ്കിലും സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ ഈ നിമിഷങ്ങള്‍ അവളും മോഹിച്ചിരുന്നില്ലെ,.സ്വപ്നം കണ്ടിരുന്നില്ലെ..! അല്ലെങ്കില്‍ എല്ലാം കഴിഞ്ഞനിമിഷങ്ങളില്‍ അവളുടെ പാതികൂമ്പിയടഞ്ഞ മിഴികളില്‍ ഇത്രയേറെ നിര്‍വൃതി നിറഞ്ഞുതുളുമ്പിതിളങ്ങുമായിരുന്നോ.!

പക്ഷെ തൊട്ടടുത്ത നിമിഷം
,.തിരിച്ചറിവിന്റെ ആ നിമിഷത്തില്‍ അതു കണ്ണുനീര്‍ത്തുള്ളികളായിമാറുകയായിരുന്നു...സ്വയം ശപിച്ച്‌ വറ്റിവരളുകയായിരുന്നു നിളാപുത്രി... ചുട്ടുപൊള്ളുന്ന വേനലിന്റെ തപ്തനിശ്വാസം മുഴവന്‍ ആവഹിച്ചെടുത്ത ഒരുകൂന മണല്‍ത്തരികള്‍ എന്റെ ഹൃദയത്തില്‍ അവശേഷിപ്പിച്ചുകൊണ്ട്‌ ഒരു യാത്രമൊഴിയ്ക്കുപോലും നില്‍ക്കാതെ, വീണ്ടുമൊരുകൂടിക്കാഴ്‌ചക്കവസരം നല്‍കാതെ ഒരു നാള്‍ അവള്‍ എങ്ങോ പോയ്‌മറഞ്ഞു.

കലാലയജീവിതത്തിന്റെ അന്ത്യഘട്ടത്തിലെ ആ ദിവസം നിഷകളങ്കമായി പുഞ്ചിരിയ്ക്കാന്‍ മാത്രമറിയാമായിരുന്ന എന്നിലെ "കുട്ടന്‍" മരിച്ചു.പെട്ടന്ന്‌ ഞാനൊരു മുതിര്‍ന്ന ഒരു പുരുഷനായി മാറി.

ശോകാന്ത്യനാടകത്തിനൊടുവില്‍ കണ്ണുതുറക്കുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരുന്നു.എല്ലാം കഴിഞ്ഞ്‌ ഒന്നിനുകൊള്ളാത്ത സര്‍ട്ടിഫിക്കറ്റുമായി മടങ്ങുമ്പോളും ദുഃഖം തോന്നിയത്‌ അതിനായിരുന്നില്ല..പരസ്പരം പിരിയുന്നതിനോ
,.ഇത്രയും മനോഹരമായ കലാലയത്തിനോട്‌ വിടപറയുന്നതിനുമായിരുന്നില്ല..മരവിച്ച മനസ്സില്‍ ഒരു മുഖം മാത്രമെ ഉണ്ടായിരുന്നു.ജീവിതത്തില്‍ നിന്നും ആ ശപിയ്ക്കപ്പെട്ട ആ നിമിഷങ്ങള്‍ മായ്ച്ചുകളയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.ആ ആശ മാത്രമെ ബാക്കിയുണ്ടായിരിന്നുള്ളു... .!

ഇന്നും വര്‍ഷങ്ങള്‍ എത്രയൊ കഴിഞ്ഞിട്ടും ഭാരതപ്പുഴ മുറിച്ചു കടന്ന്‌ ഇനിയും ഗ്രാമീണത കൈമോശം വരാത്ത പാലക്കാടിന്റെ തീരങ്ങളിലൂടെ യാത്രചെയ്യേണ്ടിവരുമ്പോള്‍ ഞാനറിയാതെ മനസ്സൊന്നിടറും,.കണ്ണുകള്‍ കലങ്ങും..
(തുടരും....)