Saturday, June 19, 2010

ഖുശ്‌ബുയിസത്തിന്‌ അംഗീകാരം... ബാലകൃഷ്ണന്‍ ഇനി പാപിയല്ല...

ഒരു വാരന്ത്യംകൂടി,..പക്ഷെ,വ്യാഴാഴ്ചയുടെ ആലസ്യമൊന്നും പ്രകടമാക്കാതെ വാഹനവ്യൂഹത്തില്‍ തിങ്ങിഞ്ഞെരുങ്ങുകയാണ്‌ പാതിയും പണിയ്ക്കായി കെട്ടിയൊതുക്കിയ പ്രധാനവീഥി...

പത്തു വര്‍ഷത്തിലധികമായിരിയ്ക്കുന്നു ഈ വെളുത്ത കൊറോള എന്റെ യാത്രകള്‍ക്കകമ്പടി സേവിയ്ക്കാന്‍ തുടങ്ങിയിട്ട്‌...ഭാരം കയറ്റി, വണ്ടിക്കാരാനുംകൂടി കയറിക്കഴിഞ്ഞുവെന്നുറപ്പുവന്നാല്‍ ഒരു നിര്‍ദ്ദേശത്തിനും കാത്തു നില്‍ക്കാതെ ചന്തയിലേയ്ക്കു കുതിയ്ക്കുന്ന കാളക്കുട്ടന്മാരെപോലെ ലകഷ്യം തെറ്റാതെ സെക്കന്‍ഡ്‌ ഇന്‍ഡസ്റ്റ്രിയല്‍ ഏരിയായയും ലക്ഷ്യമാക്കി നീങ്ങുകയാണ്‌ എന്റെ പ്രിയപ്പെട്ട സാരഥി..

"ബാലേട്ടാ,.. നമുക്കീ വണ്ട്‌ വിറ്റ്‌ ഒരു കാമ്രി വാങ്ങാന്നെ,...ഇതു വല്ലാതെ പഴതായില്ലെ..ഇതില്‍ എവിടെയെങ്കിലുമൊക്കെ ഫങ്ക്ഷനു പോകുമ്പൊള്‍ കൂട്ടുകാരുടെ മുമ്പില്‍ നാണക്കേടു തോന്നാന്‍ തുടങ്ങീല്ലെ ബാലേട്ടന്‌...ഇതൊക്കെയല്ലെ ബാലേട്ട സമൂഹത്തില്‌ പ്രൗഡ്‌ഠിയുടെയും അന്തസ്സിന്റേയും ഒരോ അടയാളങ്ങള്‌.."

"നിനക്കോര്‍മ്മയില്ലെ നിഷെ, നമ്മള്‍ ഈ വണ്ടി വാങ്ങിയ നാളുകള്‍....അന്ന്‌ ഉണ്ണി രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്‌.. .ബഹറിന്‍ ബ്രിഡ്ജിലേയ്ക്കാണ്‌ ഈ വണ്ടിയില്‍ നമ്മളൊന്നിച്ചാദ്യമായി പോയത്‌...ഡിസംബറിലെ നല്ല തണുപ്പുള്ള ഒരു വെള്ളിയാഴ്ച ആയിരുന്നു അത്‌...പിന്നെ എത്രയെത്ര യാത്രകള്‍.ലക്ഷ്യസ്ഥാനങ്ങള്‍.ഒരു പോറലുപോലുമേല്‍ക്കാതെ ..ഒരുപോറലുപോലുമേല്‍പ്പിയ്ക്കാതെ നമ്മുടെ മനസ്സറിഞ്ഞ്‌ എവിടെയ്ക്കൊക്കെ നമുക്കകമ്പടി സേവിച്ചു.. .അതൊക്കെ മറന്നുകൊണ്ട്‌..

"ഒന്നും എനിയ്ക്കോര്‍മ്മയില്ലാഞ്ഞിട്ടില്ല ബാലേട്ടാ,...ഇത്തരം കാര്യങ്ങളിലുള്ള ബാലേട്ടന്റെ സെന്റി എനിയ്ക്കറിയാഞ്ഞിട്ടുമല്ല..ഒരു പഴയ വണ്ടി വിറ്റു പുതിയതു വാങ്ങുക ഇതൊക്കെ തികച്ചും സ്വാഭാവികമായ കാര്യങ്ങളല്ലെ .ഒന്നിനോടും ഒരു പരിധിവിട്ട്‌ അടുപ്പം പുലര്‍ത്തരുത്‌,. വല്ലാത്ത അറ്റാച്ച്‌മെന്റും അരുത്‌...അപ്രതീക്ഷിതമായുണ്ടാകുന്ന വേര്‍പ്പാടിന്റെ നിമിഷങ്ങളില്‍ താങ്ങാന്‍ കഴിയാതെ തകര്‍ന്നുപോകും."

"എല്ലാറ്റിനോടും...?,,,നിന്നോടുപോലും ഒരറ്റാച്ചുമെന്റും വേണ്ടാ....!

"ഈ ബലേട്ടന്റെ ഒരു കാര്യം..തര്‍ക്കിച്ചു ജയിയ്ക്കാന്‍ ഞാനില്ല".നിഷ പരിഭവിച്ചു..

പക്ഷെ,അവള്‍ പറഞ്ഞതിലും കാര്യമുണ്ട്‌ വര്‍ഷങ്ങള്‍ കഴിയുന്തോറും വല്ലാത്ത വരുന്നു മാറ്റങ്ങള്‍ എന്റെ മനസ്സിന്‌ കട്ടി കുറയുന്നു...ആര്‍ദ്രഭാവങ്ങള്‍ക്കു കരുത്തേറുന്നു..

പണ്ട്‌,..കുലച്ചുനില്‍ക്കുന്ന വാഴയുടെ കുടപ്പന്‍ ഒടിച്ചെടുത്ത്‌ ഇതളുകളടര്‍ത്തി തേനുകര്‍ന്നു വലിച്ചെറിയുന്ന ലാഘവത്തോടെ ബന്ധങ്ങളേ കാണാന്‍ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു...

ജീവിതവസന്തത്തിലെ ആവേശത്തിമര്‍പ്പിനിടയില്‍ മനോഹരമായ ഒരു പൂവിന്റെ വിശുദ്ധിയുടെ ഇതളുകളാണ്‌ കൊഴിഞ്ഞു വീഴുന്നത്‌ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സ്വയം മറന്ന ആ വിസ്മയനിമിഷങ്ങളില്‍ കഴിയാതെ പോയി.

മുന്നിലെ വാഹനങ്ങള്‍ പതുക്കെ അനങ്ങാന്‍ തുടങ്ങുന്നു.....ഒരിയ്ക്കലും പണിതീരാത്ത ദമ്മാം റോഡുകളിലെ ട്രാഫിക്‌ ജാം ആദ്യമൊക്കെ മനസ്സില്‍ വല്ലാതെ അസ്വസ്ഥത ഉണര്‍ത്തുമായിരുന്നു,...ക്ഷമ നശിയ്ക്കുമായിരുന്നു...പിന്നെ പിന്നെ അതൊരു ശീലമായി, ഇപ്പോഴതു അനുഗൃഹമായി തോന്നാന്‍ തുടങ്ങിയിരിയ്ക്കുന്നു...മനസ്സിനെ ഇഷ്ടമുള്ള മേച്ചില്‍പുറങ്ങളിലേയ്ക്കു മേയാന്‍ വിട്ട്‌ മെല്ലെ ഒഴുക്കിനനുസരിച്ച്‌ നീന്തുക..അതില്‍ വല്ലാത്ത സുഖം കണ്ടെത്താന്‍ തുടങ്ങിയിരുക്കുന്നു ഞാന്‍....

.കാറിനകത്തെ പുതിയ എയര്‍ ഫ്രഷ്‌ണറില്‍ നിന്നും പടര്‍ന്നിറങ്ങുന്ന മുല്ലപ്പൂവിന്റെ നനുത്ത ഗന്ധം...ഇന്നലെ സന്ധ്യക്ക്‌ നവീകരിച്ചലങ്കരിച്ചൊരുക്കിയ "നെസ്റ്റോവില്‍" നിന്നും നിഷ എന്റെ ഇഷ്ടമറിഞ്ഞു സെലെക്റ്റു ചെയ്തതാണ്‌....

"മാഷക്ക്‌ മുല്ലപ്പൂവിന്റെ മണം ഭയങ്കര ഇഷ്ടാണല്ലെ..." ഭൂതക്കാലത്തിന്റെ മച്ചകത്ത്‌ ഒരമ്പലപ്രാവ്‌ വല്ലാത്ത ഇഷ്ടത്തോടെ മെല്ലെ കുറുകാന്‍ തുടങ്ങുന്നു..ഓര്‍മ്മയുടെ സ്വനഗ്രാഹിയില്‍ ഒരിയ്ക്കലും മായ്ച്ചു കളയാനാവാത്ത വിധം ലേഖനം ചെയ്തതിരിയ്ക്കുന്നു ആ സ്വരം..

പുറത്ത്‌ പൊടിക്കാറ്റിനു ശക്തികൂടി.. മനുഷ്യമനസ്സിലെ വികാരവിചാരങ്ങള്‍ പോലെ, കടലിലെ ഓളങ്ങള്‍പോലെ,.. മരുഭൂമിയിലെ കാറ്റും വിവിധ ഭാവങ്ങളില്‍, താളങ്ങളില്‍ ഒരിയ്ക്കലും നിലയ്ക്കാതെ ചലിച്ചുകൊണ്ടിരിയ്ക്കും.... എന്റെ മനസ്സിലെ ഫോഗ്‌ ഏരിയായില്‍ സുഖനൊമ്പരത്തിന്റെ മണല്‍ത്തരികള്‍ വാരിയെറിഞ്ഞ്‌ രസിയ്ക്കുന്ന ചിന്തകള്‍ക്കും വേഗം കൂടുകയായിരുന്നു അപ്പോള്‍...

"മാഷെന്താ ഞങ്ങളുടെ നാട്ടില്‍"

കഴിഞ്ഞ വെക്കേഷന്‍ സമയത്തൊരുദിവസം ഏറെ പരിചയമില്ലാത്ത ടൗണിലെ ഠാണ ജംക്ഷനില്‍ ആലേങ്ങടാന്‍ വെസ്സല്‍സ്സിനു മുമ്പില്‍ ഒരു സുഹൃത്തിനേയും കാത്തു പഴയ വായനോട്ടത്തിന്റെ ബാലപാഠങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ ശ്രമിയ്ക്കുകയായിരുന്ന ഞാന്‍ ആ ചോദ്യംകേട്ട്‌ ഞെട്ടിയുണര്‍ന്നു.

നെറ്റിയുടെ മുകളില്‍ ഇരുവശവും മുടി നരയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു....വലിയ വട്ടകണ്ണട..ഭംഗിയായി ഞൊറിനുടുത്ത സാരി ബ്ലൗസിനോട്‌ ചേര്‍ത്തുവെച്ച്‌ സേഫ്റ്റിപിന്നുകുത്തി ഭദ്രമായി വെച്ചിരിയ്ക്കുന്നു.ഒറ്റനോട്ടത്തില്‍ ഒരു ടീച്ചറിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ മധ്യവയസ്സിലേയ്ക്കു പ്രവേശിയ്ക്കാനൊരുങ്ങുന്ന സുന്ദരിയായൊരു സ്ത്രീ തൊട്ടുമുന്നില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു..!

ഒരു നിമിഷം പകച്ചുനിന്നുപോയി.!

"മാഷക്ക്‌ എന്നെ മനസിലായില്ല...! ഞാന്‍ ശാലിനി....അനുപമ കോളേജില്‍ മാഷുടെ ആദ്യ പ്രീഡിഗ്രി ബാച്ചിലെ ശാലിനി,..!.ഒരുപാടു മാറിപോയി അല്ലേ മാഷെ....മാഷക്കും ഉണ്ട്‌ അല്ലറചില്ലറ മാറ്റങ്ങള്‍"

വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല.....വിടര്‍ന്ന ചുണ്ടില്‍ വശ്യമായ പുഞ്ചിരിയും കടക്കണ്ണുകളിലൊളിപ്പിച്ച കൊല്ലുന്ന നോട്ടവുമായി, ഉയര്‍ന്ന മാറിടം ഡെസ്ക്കിനോടു ചേര്‍ത്തുവെച്ച്‌ പൊലിപ്പിച്ചുകാണിച്ച്‌ അലസലാസ്യവിലാസവതിയായി മുന്‍ബെഞ്ചില്‍ ചാഞ്ഞിരുന്ന്‌ താനടക്കമുള്ള യുവസാറുമാരുടെ മനസാന്നിധ്യം തെറ്റിച്ച്‌..,വിയര്‍പ്പില്‍കുളിപ്പിച്ചുകിടത്താറുള്ള ആ പഴയ പവാടക്കാരി കാന്താരിമുളകാണോ ഈശ്വരാ ഇത്‌....

ശാലിനിയെന്താ ഇവിടെ,...

ഞങ്ങളിവിടെയാ മാഷെ സെറ്റില്‍ ചെയ്തിരിയ്ക്കുന്നത്‌,,,നടവരമ്പില്‍ ചേട്ടന്റെ തറവാടിനടുത്ത്‌..ചേട്ടന്‍ ഇപ്പോഴും മസ്ക്കറ്റില്‍തന്നെ...പ്രീഡിഗ്രി തോറ്റ്‌ അധികം വൈകാതെ എന്റെ കല്യാണം കഴിഞ്ഞു....മൂത്ത മോന്‍ എഞ്ചിനിയറിങ്ങിന്‌... ഇപ്പോള്‍ അവസാന സെമസ്റ്ററ്‌ എക്സാം നടക്കുന്നു....ഇളയത്‌ പെണ്‍കുട്ടി,..അവള്‌ പ്ലസ്‌ വണ്ണിനു പഠിയ്ക്കുന്നു...

വൃശ്ചികമാസത്തില്‍ ഓലക്കുടിപുഴയൊഴുകുന്ന താളത്തില്‍ വിശേഷങ്ങള്‍ പറയുന്ന ആ നിമിഷങ്ങളില്‍ അവള്‍ വീണ്ടും പഴയ പ്രീഡിഗ്രികാരിയായി മാറി... "

"കൂടെ പഠിച്ച ആരെയെങ്കിലുമൊക്കെ കാണാറുണ്ടോ ശാലിനി...".

ആരെകാണാനാ മാഷെ, കാലം ഒരുപാടയില്ലെ....എല്ലാരും ഓരോരോ വഴിയ്ക്കു പിരിഞ്ഞുപോയില്ലെ...

"കുറെനാള്‍മുമ്പ്‌ ഒരു ദിവസം ആലുക്കാസില്‍ വെച്ച്‌ സണ്ണിയെ കണ്ടിരുന്നു.....അവിനിപ്പോള്‍ അവിടെ സെയില്‍സുമാനാണ്‌,..പിന്നെ ദേവസ്സി ഫെഡറല്‍ ബാങ്കില്‍ കയറി....പ്രവീണ്‍ ഗള്‍ഫില്‍ പോയി....ലോനപ്പന്‍ സ്ക്കൂള്‍ മാഷായി ഇതൊക്കെ അവന്‍ പറഞ്ഞറിഞ്ഞതാ....ഓര്‍മ്മയില്ലെ മാഷക്ക്‌ ആ നാല്‍വര്‍ സംഘത്തെ.

ഓര്‍ക്കുന്നു "നിറക്കൂട്ട്‌" റിലീസായ ദിവസം മമ്മുട്ടിയെപോലെ മുടി മൊട്ടയടിച്ചു ക്ലാസ്സില്‍ വന്നവര്‍..ഒരുപാടു അവസരങ്ങളില്‍ തന്നേയും ധാരാളം വെള്ളം കുടിപ്പിച്ചിട്ടുണ്ട്‌ അവര്‌...

പക്ഷെ,..എന്റെ ചോദ്യത്തിലെ ജിജ്ഞാസയും ധ്വനിയും പൂര്‍ണ്ണമായി മനസ്സിലായ്ക്കിയിട്ടും ശാലിനി മനപൂര്‍വം നിസ്സംഗത നടിയ്ക്കുകയാണെന്ന സത്യം എന്നെ അസ്വസ്ഥനാക്കുകയായിരുന്നു അപ്പോള്‍.....

"ജയന്തിയെ കാണാറുണ്ടോ ശാലിനി" ഒട്ടും കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാതെ, എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട ആ നിമിഷത്തില്‍ അല്‍പ്പം ജാള്യതയോടെയാണെങ്കിലും ചോദിയ്ക്കാതിരിയിയ്ക്കാന്‍ കഴിഞ്ഞില്ലെനിയ്ക്ക്‌..

ശാലിനി ചിരിച്ചു..ഒരു പാടു അര്‍ത്ഥതലങ്ങളുള്ള ചിരിയായിരുന്നു അത്‌..അതിലടങ്ങിയിരിക്കുന്നത്‌ പരിഹാസമായിരിയ്ക്കം...കുറ്റപ്പെടുത്തലാവാം.,അല്ലെങ്കില്‍ അതു തന്റെ വെറും തോന്നലുമാവാം.. ആരുമറിഞ്ഞിട്ടുണ്ടാകില്ല... ശാലിനിപോലും....

മാഷെന്താ അവളെക്കുറിച്ചു ചോദിയ്ക്കാഞ്ഞെ എന്നത്ഭുതപ്പെടുകയായിരുന്നു ഞാന്‍..ഞങ്ങളെയൊക്കെ മറന്നാലും മാഷക്ക്‌ അവളെ അത്രപെട്ടന്ന്‌ മറക്കാന്‍ കഴിയില്ലല്ലൊ അല്ലെ....!!

അവളിപ്പോള്‍ ഗുജറാത്തിലാണ്‌ മാഷെ.സകുടുംബം സുഖമായിട്ടിരിയ്ക്കുന്നു...എല്ലാ സമ്മര്‍വെക്കേഷനു വരുമ്പോളും ഞനാനവളെകാണാറുണ്ട്‌.ചിലപ്പോഴോക്കെ ഞങ്ങളുടെ വര്‍ത്തമാനത്തില്‍ മാഷും കടന്നുവരാറുണ്ട്‌.ഇപ്പോളും മാഷെക്കുറിച്ചു ഒരു വാക്കുപോലും കുറ്റപ്പെടുത്തി സംസാരിയ്ക്കാന്‍ അവളെന്നെ അനുവദിയ്ക്കില്ല. അത്രയ്ക്കിഷ്ടമായിരുന്നു മാഷെ,... നിങ്ങളെ അവള്‍ക്ക്‌.എന്നിട്ടും മാഷ്‌...!

മാഷയ്ക്കറിയോ ഈ ലോകത്ത്‌ എന്റെ മുമ്പില്‍ മാത്രമെ ആ മനസ്സ്‌ ഇതുവരെ പൂര്‍ണ്ണമായും തുറന്നിട്ടുള്ളു.അന്ന്‌ താങ്ങായി ഞാനില്ലായിരുന്നെങ്കില്‍ തകര്‍ന്നുപോയേനെ അവള്‌..

മാഷുടെ കപടനാട്യങ്ങള്‍ക്കു മുമ്പില്‍ എല്ലാം മറന്നു സ്വയം സമര്‍പ്പിച്ച ആ പഴയ പാവം പാവാടക്കാരി പെണ്‍കുട്ടിയൊന്നുമല്ല അവളിപ്പോള്‍....കഴിഞ്ഞ തുലാത്തില്‌ അവളുടെ മോളുടെ കല്യാണമായിരുന്നു..മാസങ്ങള്‍ക്കകം ജയന്തി അവളൊരമ്മൂമ്മയാകും...!!

ശാലിനിയുടെ കണ്ണുകളില്‍ അഗ്നി ജ്വലിയ്ക്കുകയായിരുന്നു.വാക്കുകളെ മയപ്പെടുത്തി സ്വയം നിയന്ത്രിയ്ക്കാന്‍ പാടുപെടുകയായിരുന്നു അവളെന്നു ആ അംഗചലനങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

തലകുനിച്ചില്ല...മുഖം വിവര്‍ണ്ണമായില്ല,.തല കുനിയ്ക്കാനും,..ജീവിതത്തില്‍ നിന്നും ഒളിച്ചോടാനും ആ പഴയ ഇരുപ്പത്തിമൂന്നു വയസ്സുകാരനല്ലല്ലോ താനിപ്പോള്‍.

പ്രഭാതവും മധ്യാഹ്നവും കടന്ന്‌ എത്ര പെട്ടന്നാണ്‌ ജീവിതം അപരാഹ്നത്തിലെത്തിചേര്‍ന്നത്‌.!!..ജയന്തി ആ "കുട്ടി" ഒരമ്മൂമ്മയാകാന്‍ പോകുന്നു..!

ജീവിതത്തിന്റെ നൈമിഷികമായ അസ്തിത്വം അടിത്തറയാക്കി അതില്‍ ആകാശകോട്ട പടുത്തുയര്‍ത്താന്‍ വൃഥാ വ്യാമോഹിയ്ക്കുന്ന ആസക്തിനിറഞ്ഞ മനുഷ്യമനസ്സുകള്‍ പുഴയുടെ മാറില്‍നിന്നും നിര്‍ദാക്ഷ്യണ്യം ഊറ്റിയെടുക്കുന്ന മണല്‍ത്തരികളുംപേറി ചുറ്റിലും പൊടിപറത്തി കുതിച്ചുപായുന്ന ലോറികളെ പോലെ കടന്നുപോകുന്ന വര്‍ഷങ്ങള്‍.. ആ ആഘാതത്തില്‍ പുഴയില്‍ രൂപപ്പെടുന്ന മരണചുഴികള്‍. ബലികൊടുക്കപ്പെടുന്ന മോഹങ്ങള്‍, സ്വപ്നങ്ങള്‍...ഉന്മാദാവസ്ഥയില്‍ ദിശ മാറിയൊഴുകുന്ന പുഴ കവര്‍ന്നെടുക്കുന്ന മണ്‍ത്തിട്ടകള്‍. മലവെള്ളത്തില്‍ അലങ്കോലമാകുന്ന പുഴക്കരയിലെ വീട്ടുമുറ്റങ്ങള്‍, പൂന്തോട്ടങ്ങള്‍...എന്ന്നിട്ടും ചീയ്യാതെ,തളരാതെ പിടിച്ചു നിന്ന്‌ വീണ്ടും തളിര്‍ക്കുന്ന കുറ്റിമുല്ലകള്‍.

ഇടുങ്ങിയ ഒരു ഓലഷെഡ്ഡയിരുന്നു അന്ന്‌ പ്രീഡിഗ്രി ഫോര്‍ത്ത്‌ ഗ്രൂപ്പിന്റെ ക്ലാസ്‌റൂം..നിറയെ കുട്ടികള്‍..തിങ്ങിഞ്ഞെരുങ്ങുന്ന ക്ലാസ്സ്‌ റൂമുകള്‍.."അനുപമയുടെ" സുവര്‍ണ്ണകാലഘട്ടങ്ങളിലൊന്നായിരുന്നു അത്‌..എക്കൗന്റന്‍സിയും ബേസിക്‌ മാത്തമാറ്റിക്സും അതായിരുന്നു എന്റെ വിഷയം..


തലനിറയെ എണ്ണതേച്ച്‌.ഇടതൂര്‍ന്ന നീണ്ടമുടിയില്‍ മുല്ലപ്പൂമാലയും ചൂടി ഏറ്റവും പുറകിലെ ബെഞ്ചിന്റെ അറ്റത്താണ്‌ ജയന്തിയിരിയ്ക്കാറ്‌... മാന്‍പേടയുടെ നിഷ്ക്കളങ്കത.മുയല്‍ക്കുഞ്ഞിന്റെ ലാളിത്യം...ഗ്രാമീണസൗന്ദര്യം തുള്ളിതുളുമ്പുന്ന ആ അമ്പലവാസിപെണ്‍കുട്ടിയെ ആദ്യ ദിനങ്ങളിലെ ശ്രദ്ധിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.

ബോഡില്‍ കണക്കുമിട്ടുകൊടുത്ത്‌ ഇടവേളകളുണ്ടാക്കി ജയന്തിയുടെ പുറകിലായി ഓലഷെഡ്ഡിന്റെ ചുവരും ചാരി നില്‍ക്കുന്നതില്‍ രസം കണ്ടെത്താന്‍ തുടങ്ങുകയായിരുന്നു ഞാന്‍....ആ ചുരുണ്ട മുടിയിഴകളില്‍ നിന്നുമുതിരുന്ന പച്ചവെളിച്ചെണ്ണയുടേയും മുല്ലപ്പൂവിന്റേയുംസമ്മിശ്രഗന്ധത്തിന്‌ അത്രയേറേ ആകര്‍ഷണമായിരുന്നു..വല്ലാത്തൊരു അനുഭൂതിയായി ഹൃദയത്തില്‍ പടരുകയായിരുന്നു...ക്രമേണ,. എന്റെ ഉയരുന്ന ഹൃദയസ്പന്ദനങ്ങളുടെ സ്പര്‍ശമേറ്റിട്ടെന്നവണ്ണം അവളും തിരിഞ്ഞു നോക്കാന്‍ തുടങ്ങി....ആ നിമിഷങ്ങളില്‍ അവളുടെ കണ്ണുകളില്‍ കവിത വിരിയുമായിരുന്നു.......

അങ്ങിനെ ഞങ്ങളറിയാതെ ഞങ്ങളുടെയിടയില്‍ ഉടലെടുത്ത ആ ആകര്‍ഷണം വളരുകയായിരുന്നു..ബസ്സ്റ്റോപ്പില്‍,..സ്റ്റാഫ്‌റൂമില്‍ ,..കോളേജിന്റെ ഇടനാഴികളില്‍....ഒരു നോട്ടത്തില്‍...ഒരു പുഞ്ചിരിയില്‍..അപൂര്‍വ്വമായി വീണുകിട്ടുന്ന സ്വകാര്യ നിമിഷങ്ങളിലെ കുശലങ്ങളില്‍ മാത്രം ഒതുങ്ങിന്നു പൊതുവെ സൗമ്യശീലരായ ഞങ്ങളുടെ ആ അടുപ്പം... അനുപമയുടെ അന്നത്തെ ആ സെറ്റ്‌ അപ്പില്‍ അത്രയൊക്കയെ നടക്കുമായിരുന്നുള്ളു..

പെണ്‍കുട്ടികളുമായി ഒരു തരത്തിലുള്ള അഫയേര്‍സോ ഇഷ്യൂസൊ പാടില്ല എന്ന്‌ ആദ്യം മുതലെ ഞങ്ങള്‍ യുവ അധ്യാപകര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം തന്നിരുന്നു പ്രിന്‍സിപ്പാള്‍...കര്‍ശനമായ അച്ചടക്കം അതുതന്നെയായിരുന്നു "അനുപമയുടെ" വിജയരഹസ്യവും...

ഏതെങ്കിലും വിഷയത്തില്‍ പുറകിലായ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ആവശ്യമനുസരിച്ച്‌ ഞായാറഴ്ചകളില്‍ സ്പെഷ്യല്‍ കോച്ചിംഗ്‌ നല്‍കുക എന്നതു അന്ന്‌ "അനുപമയുടെ" മാത്രം പ്രത്യേകതയായിരുന്നു...പക്ഷെ ഒരു കാരണവശാലും പെണ്‍കുട്ടികള്‍ ഒറ്റയ്ക്കു വരാന്‍ പാടില്ല എന്നു പ്രിന്‍സിയ്ക്കു നിര്‍ബന്ധമായിരുന്നു.....വീട്ടില്‍നിന്നും ആരെയെങ്കിലും കൂട്ടിയൊ,..അല്ലെങ്കില്‍ ഒന്നലധികം പെണ്‍കുട്ടികള്‍ കൂട്ടമായോ മത്രമെ വരാന്‍ പാടുള്ളു എന്നായിരുന്നു നിബന്ധന.

ആ ഞായറാഴ്ച എന്റെ ഊഴമായിരുന്നു..എന്റെ മാത്രം ഊഴം..തലേ ദിവസം കോളേജിന്റെ താക്കോലുമായിട്ടാണ്‌ ഞാന്‍ മടങ്ങിയത്‌.

ശാലിനിയും ജയന്തിയുമായിരുന്നു ആ ഞായാറഴ്ചയിലെ സ്പെഷല്‍ ക്ലാസ്സിനുള്ള വിദ്യാര്‍ത്ഥിനികള്‍....അവരങ്ങിനെയാണ്‌.ഊണിലും ഉറക്കത്തിലും ഇണപിരിയാത്ത കൂട്ടുകാരികള്‍.പക്ഷെ,..സ്വഭാവത്തിന്റെ കാര്യത്തിലാകട്ടെ ഇരുവരും വ്യത്യസ്ഥ ധ്രുവങ്ങളിലും..പുലിക്കുട്ടിയും മിണ്ടാപ്പൂച്ചയും..

അന്ന്‌ ആ ശപിയ്ക്കപ്പെട്ട ഞായറഴ്ച ജയന്തിയ്ക്കു താങ്ങും തണലുമായി ശാലിനി വന്നില്ല....

"എന്താ ജയന്തി ഒറ്റയ്ക്ക്‌....ഇവിടത്തെ നിയമങ്ങള്‍ അറിയില്ലെ കുട്ടിയ്ക്ക്‌"? ഒരധ്യാപകന്റെ ഗൗരവം നിറഞ്ഞ മുഖമൂടി എടുത്തണിയുകയായിരുന്നു ഞാന്‍.

"സോറി മാഷെ രാവിലെ എഴുന്നേറ്റപ്പോള്‍ ശാലിനിയ്ക്ക്‌ തീരെ സുഖമില്ലായിരുന്നു...അതോണ്ട വരാഞ്ഞത്‌."..ജയന്തിയുടെ മുഖം വാടി..

എന്തുപറ്റി ശാലിനിയ്ക്ക്‌..ഇന്നലെവരെ ഒന്നുമില്ലായിരുന്നല്ലൊ.നുണ പറയുകയാണ്‌ ജയന്തി അല്ലെ..?....വെറുതെ ഒരു രസത്തിന്‌ ഗൗരവത്തിന്റെ കടുപ്പം കൂട്ടുകയായിരുന്നു ഞാന്‍..

"സത്യമാണ്‌ മാഷെ,..നിങ്ങള്‍ ആണ്‍കുട്ടികളെപൊലെയണൊ ഞങ്ങള്‍ പെണ്‍കുട്ടികളുടെ കാര്യം,..മാസത്തില്‍ രണ്ടുമൂന്നു ദിവസം പിരീഡ്‌സിന്റെ വയ്യായ വരില്ലെ.....അതെപ്പോഴാ,.ഏതു ദിവസാ വരാന്ന്‌ പലപ്പോഴും പറയാന്‍പറ്റില്ല..ശാലിനിയ്ക്കാണെങ്കില്‍ ആ സമയത്ത്‌ ഭയങ്കര വയറുവേദനയുമായിരിയ്ക്കും"...

ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കതയോടെ വിശദീകരണം നല്‍കുമ്പോള്‍ ആ മിഴികള്‍ നനയാന്‍ തുടങ്ങിയിരുന്നു..

ചിരിയൊതുക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍...എങ്കിലും പാവം തോന്നി എനിയ്ക്കപ്പോള്‍.....

അതു പോട്ടെ, ജയന്തിയുടെ കയ്യില്‍ എന്താ ഒരു പാക്കറ്റ്‌.....ഞാന്‍ വിഷയം മാറ്റി..

"അതില്‍ അപ്പവും അടയും അവിലുമാണ്‌ മാഷെ,..അമ്പലത്തിലിന്ന്‌ വിശേഷാല്‍ പൂജയുണ്ടായിരുന്നു....മാഷയ്ക്കായി കൊണ്ടുവന്നതാ ഞാന്‍" അവളുടെ മുഖം വീണ്ടും വിടര്‍ന്നു...

പതിവിലുമേറെ അണിഞ്ഞൊരുങ്ങിയിരുന്നു അവള്‍.കിളിപച്ചനിറത്തിലുള്ള പട്ടുപാവടയും മഞ്ഞബ്ലൗസും അവള്‍ക്കു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു...നെറ്റിയില്‍ ചാര്‍ത്തിയ ചാലിച്ച ചന്ദനത്തിന്റെ ഈര്‍പ്പം വറ്റിയിരുന്നില്ല...മുല്ലപ്പൂവിന്റെ ഗന്ധം ആ കൊച്ചുക്ലാസ്‌ മുറിയിലാകെ വ്യാപിയ്ക്കാന്‍ തുടങ്ങിയിരുന്നു.

നിത്യവും തല നിറയെ ചൂടാന്‍ എവിടെ നിന്നാ ജയന്തിയ്ക്ക്‌ ഇത്രയേറെ മുല്ലപ്പൂക്കള്‍ കിട്ടുന്നത്‌..ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.

"എന്റെ വീട്ടുമുറ്റത്തൊരു കൊച്ചു പൂന്തോട്ടുമുണ്ട്‌ മാഷെ, അവിടെ ഞാനൊരുപാടു കുറ്റിമുല്ലകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌..ഒരു ദിവസം മാഷ്‌ ആ വഴിയ്ക്കിറങ്ങു...ശാലിനിയുടെ വീട്‌ എന്റെ വീടിന്റെ തൊട്ടു വടക്കേതാണ്‌.". അതിനപ്പുറത്താണ്‌ അമ്പലം പിന്നെ പുഴയും നല്ല രസാ മാഷെ ഞങ്ങളുടെ കടവു കാണാന്‍."

ആ ചോദ്യത്തിനായി കാത്തിരുന്നതുപോലെ.അവള്‍ വാചാലയായി.

"മുല്ലപ്പൂവിന്റെ മണം ഭയങ്കര ഇഷ്ടാണല്ലെ മാഷക്ക്‌....അതോണ്ടല്ലെ ഒരുപാടു പഠിയ്ക്കാനുണ്ടെന്നു നുണപറഞ്ഞ്‌ സന്ധ്യക്ക്‌ മുത്തശ്ശിയുടെ കൂടെ അമ്പലത്തില്‍ മാലക്കെട്ടാന്‍ പോകാതെ ഞാന്‍ മുല്ലമൊട്ടുകള്‍ കോര്‍ത്തൊരുക്കാന്‍ സമയം കണ്ടെത്തുന്നത്‌..വെള്ളം തളിച്ചുവെച്ച വാഴയിലചീന്തിന്റെ കുളിരില്‍സ്വപ്നം കണ്ടുറുങ്ങുന്ന മുല്ലമൊട്ടുകള്‍ വെളുപ്പിനുണരുമ്പോഴേയ്ക്കും ചന്തമുള്ള പൂക്കളായി മാറിയിട്ടുണ്ടാകും..ആ പൂക്കളുടെ മണവും തേടി ക്ലാസ്സില്‍ മാഷെന്റെ പുറകില്‍ വന്ന്‌ ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുമ്പോള്‍ ഞാനനുഭവിയ്ക്കുന്ന സുഖം അതെങ്ങിന്യാ പറയാന്നെനിനിയ്ക്കറിയില്ല.ദേഹം മുഴോനും കുളിരുകോരിയിടുന്നതുപോലെ തോന്നും.. എനിയ്ക്കപ്പോള്‍...മാഷെന്നെ..." ആ വാചകം മുഴിപ്പിയ്ക്കാതെ അവള്‍ നാണിച്ചുതലതാഴ്ത്തി..

വിടരാന്‍ വെമ്പുന്ന ഒരായിരം മൊട്ടുകള്‍ നിറഞ്ഞ ഒരു കുറ്റിമുല്ല പോലെ അവള്‍ എന്റെ മുന്നില്‍ തിളങ്ങി നിന്നു... ചുമന്നുതുടുക്കാന്‍ തുടങ്ങിയിരുന്ന ആ ചുണ്ടുകള്‍ക്കിടയിലും ഒരുപാടു മുല്ലമൊട്ടുകള്‍ ചന്തത്തോടെ നിരന്നു നിന്നിരുന്നു.

"മാഷ്‌ ഈ പ്രസാദം ഇനിയും കഴിച്ചില്ലല്ലോ.." അതും പറഞ്ഞ്‌ നൈവേദ്യത്തിന്റെ പൊതിയഴിച്ച്‌ അവള്‍ എന്നോടു ചേര്‍ന്നു നിന്നു.

മുല്ലപ്പൂവിന്റെയും കാച്ചിയവെളിച്ചെണ്ണയുടെയും സമ്മിശ്രഗന്ധം എന്റെ സിരകളെ മത്തുപിടിപ്പിയ്ക്കാന്‍ തുടങ്ങി.....ഈശ്വരാ....ദിവ്യപ്രണയം പൂത്തുലയേണ്ട ഈ നിമിഷങ്ങളില്‍ ഉള്ളില്‍ മൃഗതൃഷ്ണ ചുരമാന്തിയുണരാന്‍ തുടങ്ങുന്നുവെന്ന സത്യം ഞെട്ടലൊടെ ഞാന്‍ തിരിച്ചറിഞ്ഞു.

കൗമാരനാളുകളില്‍,കൂട്ടുകാരുമൊത്ത്‌ ശിവന്റെ അമ്പലത്തിനു പുറകില്‍ ഒളിച്ചിരുന്ന്‌ കൗതുകത്തോടെ നോക്കികണ്ടു സായുജ്യമടയാറുള്ള കുളിസീനും കഴിഞ്ഞ്‌ ഈറനുടുത്ത്‌ അമ്പലകുളത്തിന്റെ പടവുകള്‍ കയറിവരുന്ന "ഗ്രാമയക്ഷി" ദേവുവിന്റെ ലാവണ്യവും,.,പ്രസരിപ്പും, വശ്യതയും,. മദാലസഭാവങ്ങളും അപ്പാടെ ജയന്തിയിലും നിറയുന്നതുപോലെ വെറുതെ തോന്നുകയായിരുന്നു എനിയ്ക്കപ്പോള്‍.!

ഒരു പൂജാപുഷ്പം പോലെ പവിത്രയായ ഈ പെണ്‍കുട്ടിയെക്കുറിച്ച്‌ അങ്ങിനെയൊക്കെ ചിന്തിയ്ക്കുന്നതുതന്നെ പാപമാണ്‌....അരുത്‌ വെറുതെ ശാപം ഏറ്റുവാങ്ങരുത്‌... മനസ്സ്സിലിരുന്നാരോ വിലക്കി..!!

"അരുത്‌ മാഷെ പ്ലീസ്‌" എന്നൊരപേക്ഷ ആ കുട്ടിയുടെ ചുണ്ടുകളില്‍നിന്നുമുതിര്‍ന്നു വീണിരുന്നെങ്കില്‍.!.

പക്ഷെ,പുറമെ.ഒരാണ്‍പ്രാവിന്റെ വെളുത്തചിറകകളും,സൗമ്യതയും,.കൗമാരത്തിന്റെ ഓമനത്വം വിട്ടുമാറാത്ത മുഖഭാവങ്ങളുമുള്ള എന്റെയുള്ളിലെ കഴുകന്‍ ഉണര്‍ന്നു ചിറകുവിടര്‍ത്തി കൂര്‍ത്ത കൊക്കുകളുമായി പറന്നടുക്കുന്നു എന്നറിയുന്ന നിമിഷങ്ങളിലും ഭീതിയ്ക്കും അമ്പരപ്പിനും പകരം അനിര്‍വചനീയമായ കൗതുകവവും അടക്കാനാവാത്ത അഭിവാഞ്ഛയുമാണ്‌ അവളുടെ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ എന്ന്‌ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു ഞാന്‍..!

ആ അറിവു നല്‍കിയ ആത്മബലത്തിന്റെ കരുത്തില്‍,.. ഉള്‍പ്രേരണകളുടെ കുത്തൊഴുക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട ആ ഉന്മാദനിമിഷങ്ങളില്‍ ഗുരുശിഷ്യബന്ധത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയപ്പെടുകയായിരുന്നു...സഭ്യതയുടെയും മാന്യതയുടെയും ഉടയാടകള്‍ ഓരോന്നായി അഴിഞ്ഞുവീഴുകയായിരുന്നു..

അവിടെ,..ആ ഗ്രഹണനിമിഷങ്ങളില്‍ എല്ലാം തീരുകയായിരുന്നു .ജീവിതത്തിലെ വര്‍ണ്ണാഭമായ ഒരു കാലഘട്ടത്തിന്റെ അസ്തമയം...തിരസ്കാരത്തിന്റെ തിക്തത,..വേര്‍പ്പാടിന്റെ തീവൃത ഇതൊന്നുമോര്‍ക്കാതെ .ആ കുരുന്നുപൂവിന്റെ ചതരഞ്ഞ ഹൃദയത്തിലേയ്ക്ക്‌ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ തിടുക്കത്തില്‍ പ്രവാസത്തിന്റെ മരുപ്പറമ്പിലേയ്ക്കുള്ള പലായനത്തിനു ഒരുങ്ങുകയായിരുന്നു...

ദിവസങ്ങള്‍ക്കകം മരവിച്ച മനസുമായി സെക്കന്‍ഡുക്ലാസു കമ്പാര്‍ട്ടുമെന്റില്‍ തളര്‍ന്നിരുന്ന എന്നേയും വഹിച്ചുകൊണ്ട്‌ "ജയന്തിജനത" ചെറുതുരുത്തിപാലം കടക്കുമ്പോള്‍ നിളയുടെപടിഞ്ഞാറെ ചക്രവാളത്തില്‍ ലജ്ജകൊണ്ട്‌ചുവന്നുതുടുത്ത സന്ധ്യയുടെ മടിത്തട്ടില്‍ പൊന്നുരുക്കികളിച്ചുമദിച്ചു മതിവന്ന സൂര്യന്‍ ഒരു യാത്രമൊഴിപോലും പറയാതെ പടിയിറങ്ങുകയായിരുന്നു...ഒരു കന്യകയുടെ മരണം കൂടി..!!

ഭീരു...! സ്വാര്‍ത്ഥന്‍.!...ബന്ധങ്ങളുടെ വിലയറിയാത്ത ഒറ്റയാന്‍..! .സ്വയം ശപിച്ചുകൊണ്ടിരുന്ന ആ നിമിഷിങ്ങളില്‍ സൂര്യനോടും വല്ലാത്ത വെറുപ്പു തോന്നി..ഒപ്പം പുച്ഛവും..!
.......................................................................

പെട്ടന്ന്‌,,,,ഏതോ ബാഹ്യശക്തിയുടെ പ്രേരണായാലെന്നവണ്ണം ബ്രേക്കില്‍ കാലമരുകയായിരുന്നു..

ഞെട്ടിയുണര്‍ന്നു..! ഈശ്വരാ,..കുറച്ചു സെക്കന്‍ഡുകള്‍കൂടി വൈകിയിരുന്നെങ്കില്‍..!

"ബാലകൃഷ്ണന്‍ (47)........."നാളത്തെ ഗള്‍ഫ്‌മാധ്യമങ്ങളിലെ ഒറ്റവരികോളത്തില്‍ ഒതുങ്ങേണ്ടതായിരുന്നു എന്റെ ജീവിതയാത്രയുടെ അന്ത്യം.!...

ചിതറിക്കിടക്കുന്ന നിവേദ്യത്തിനും ചതരഞ്ഞ മുല്ലപ്പൂക്കള്‍ക്കും ഇടയില്‍നിന്നും വര്‍ത്തമാനക്കാലയാഥര്‍ത്ഥ്യങ്ങളിലേയ്ക്ക്‌ തിരിച്ചുവന്നു മനസ്സ്‌...

സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്ന എന്റെ നിഷ...ഇനിയും കൗമാരപ്രായം പിന്നിടാത്ത ഉണ്ണി....വല്ലാത്തൊരു നടുക്കത്തൊടെ ആ മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു നിന്നു...

".ഇയ്യിടെയായി ഡ്രൈവ്‌ ചെയ്യുമ്പോള്‍ ബാലേട്ടന്‍ വല്ലാതെ ആബ്‌സന്റ്‌ മൈന്‍ഡടാവുന്നുണ്ടുട്ടൊ..."കഴിഞ്ഞ വെള്ളിയാഴ്ച ലുലുവില്‍നിന്നും മടങ്ങുമ്പോള്‍ ദമ്മാം കോര്‍നീഷ്‌ റോഡില്‍ വെച്ച്‌ നിഷ ഓര്‍മ്മിപ്പിച്ചിരുന്നു...

പക്ഷെ ഇന്നന്റെ കുറ്റമായിരുന്നില്ല..വലതുവശത്തുകൂടി പോയ്കൊണ്ടിരുന്ന കണ്ടൈനര്‍ കയറ്റിയ ട്രയിലര്‍ ഒരു സിഗ്നല്‍ പോലു തരാതെ എത്ര പെട്ടന്നാണ്‌ ട്രാക്ക്‌ മാറി മുമ്പിലേയ്ക്കു കയറിവന്നത്‌...

അല്ലെങ്കിലും വലിയ വാഹനങ്ങള്‍ എന്നും എവിടെയും അങ്ങിനെയാണ്‌ ട്രാക്ക്‌ തെറ്റിച്ചു മുന്നില്‍കയറി ചെറിയ വാഹനങ്ങളെ കെണിയില്‍ കുടുക്കും.. അവര്‍ക്കതൊരു വിനോദമാണ്‌.ഏതു ദുരന്താന്ത്യത്തിലും ഒന്നും നഷ്ടപ്പെടാതെ അല്‍പ്പനേരത്തെ അനിശ്ചിതത്വത്തിനുശേഷം വീണ്ടു സുഗമമായി യാത്ര തുടരാമെന്ന ആത്മവിശ്വാസം നല്‍കുന്ന അഹങ്കാരം .പലപ്പോഴും മനപൂര്‍വ്വമായിരിക്കണമെന്നില്ല. തികച്ചും യാദൃഛികമായി വന്നു ഭവിയ്ക്കുന്നതായിരിയ്ക്കാം......

എന്നാലും എപ്പോഴും കരുതല്‍ വേണ്ടത്‌ ചെറിയ വാഹനങ്ങള്‍ക്കു തന്നെയാണ്‌..എന്നും എവിടെയും നഷ്ടം അവയ്ക്കു മാത്രമായിരിയ്ക്കും. എത്രതേച്ചുമിനുക്കി വിളക്കിയെടുത്താളും ഒരിയ്ക്കലും മായാതെ അവശേഷിയ്ക്കും ആ മുറിപ്പാടുകളുമായി,നഷ്ടപരിഹാരം പോലും അപ്രാപ്യമായ വിധം തകര്‍ന്നടിഞ്ഞ്‌ ചിന്നഭിന്നമായി പോകുന്നത്‌ അതിനകത്തെ ജീവിതങ്ങളായിരിയ്ക്കും..

റോഡിലെ തിരക്കൊഴിഞ്ഞിരുന്നു....അന്തരീകഷം ശാന്തമായിരുന്നു..പക്ഷെ ,.മനസ്സുമാത്രം ശാന്തമായില്ല.

"ഈ മനസ്സിന്റെ ചലനങ്ങളറിഞ്ഞ്‌ എല്ലാം നിയന്ത്രിയ്ക്കുന്നത്‌ എന്റെ ഈ നാലു ചക്രങ്ങളല്ലെ,..ഒരാപത്തും വരാതെ ഞാന്‍ മുന്നോട്ടു നയിയ്ക്കും എന്നുറപ്പിലെ ഇത്ര നാളായിട്ടും .. എന്നിട്ടും വെറുതെ ഈ അശുഭചിന്തകള്‍.!" എന്നുപദേശിയ്ക്കുന്ന മട്ടില്‍ പാര്‍ത്ഥസാരഥിയുടെ ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയുമായി പൊടിക്കാറ്റൊഴിഞ്ഞ ഇളംവെയിലില്‍,.പുതിയ പെയിന്റിന്റെ തിളക്കത്തില്‍ ഒരു ചാഞ്ചല്യവും കൂടാതെ വീണ്ടും മുന്നോട്ടു കുതിയ്ക്കുകയായിരുന്നു അപ്പോള്‍ എന്റെ പ്രിയപ്പെട്ട വെളുത്ത ടൊയോട്ട കൊറോള.....