Tuesday, March 30, 2010

ഞങ്ങള്‍ ചില പാവം ഓലക്കുടിക്കാര്‍ - നാലാമത്തെ പെഗ്‌..

ഇത്‌ മാര്‍ച്ച്‌മാസത്തിന്റെ മനസ്സ്‌...

ഒരുപാടു പരീക്ഷണങ്ങളിലൂടെ കടന്നു പോയ അത്യപൂര്‍വ്വമായ ഒരു വെള്ളിയാഴ്ചയുടെ ക്ഷീണത്തിലായിരുന്നു ഞാന്‍ .ശരിയ്ക്കും തളര്‍ന്നുപോയി മാനസ്സികമായും ശാരിരികമായും..

ഇന്നലെ ശനിയാഴ്ച ഓഫീസിലെ ജോലികളെപോലും അതു സാരമായി ബാധിച്ചു.

ഇതിനിടെ ശോശാമ്മയെ ഒരുപാടുതവണ വിളിച്ചു.....ഒറ്റദിവസംകൊണ്ട്‌ അവളാകെ മാറിപോയിരിയ്ക്കുന്നു...ഇന്നലെ രാവിലെ എഴുനേറ്റപ്പോള്‍ അവള്‍ക്കു മോര്‍ണിങ്ങ്‌ സിക്‍നെസ്‌..! ഓക്കാനം ഛര്‍ദ്ദി....

ഇതിനിടെ അപ്പുറത്തെ വീട്ടിലെ ദയനീയ ദൃശ്യങ്ങള്‍..റോബിന്‍ മോന്റെ സംസ്ക്കാരചടങ്ങുകള്‍....അതു നല്‍കുന്ന മാനസികാഘാതം....

"നീ അതിലൊന്നും പങ്കെടുക്കാന്‍ പോകേണ്ടാ മോളെ, വെറുതെ മനസ്സു വിഷമിപ്പിയ്ക്കാതെ ഒരിടത്തു അടങ്ങിയിരുന്നു വിശ്രമിച്ചോളു....."

അതിനെങ്ങിനെ കഴിയും അച്ചായോ..എങ്ങിനെ കാണാതിരിയ്ക്കും .തൊട്ടയല്‍വക്കമായിപോയില്ലെ...".....ആര്‍ദ്രമായിരുന്നു ആ സ്വരം..

വൈകീട്ടു വിളിച്ചപ്പോള്‍ അവള്‍ കുറെക്കൂടി ഉത്സാഹത്തിലായിരുന്നു...

"അച്ചായോ സന്ധ്യയ്ക്ക്‌ ഞാന്‍ വെറുതെ പറമ്പിലൊക്കെ ഇറങ്ങി നടന്നു..തെക്കുഭാഗത്തെ നമ്മുടെ മുവാണ്ടന്‍മാവില്ലെ,.. അതില്‍ നിറയെ മാങ്ങയുണ്ടായിട്ടുണ്ട്‌..അതും നല്ല പുളിപരുവത്തില്‍...ഇത്തവണ മാവു പൂക്കാന്‍ വൈകിയത്രെ....ഞാന്‍ ഒരു പുളിമാങ്ങ മുഴുവന്‍ ഒറ്റയിരിപ്പിനു തിന്നു അതുകണ്ട്‌ അമ്മച്ചി ആദ്യം ദേഷ്യപ്പെട്ടു,...പിന്നെ അടുത്തുവിളിച്ചിരുത്തി സ്നേഹത്തോടെ ഒരുപാടുപദേശിച്ചു...ഇനിയുള്ള ദിവസങ്ങളില്‍ ഓരോരൊ കാര്യങ്ങളു ചെയ്യുമ്പോളും ഏറെ സൂക്ഷിയ്ക്കണം എന്നു പറഞ്ഞുമനസ്സിലാക്കി..ഗര്‍ഭിണികള്‍ സന്ധ്യനേരത്തൊന്നും പുറത്തിറങ്ങി നടക്കാന്‍ പാടില്ലത്രെ....

അവര്‍ക്കൊക്കെ എന്തു സന്തോഷമായന്നൊ ....അപ്പച്ചന്‍ വൈകീട്ട്‌ ബാറില്‍പോയി തിരിച്ചുവരുമ്പോള്‍ മസാലദോശ വാങ്ങികൊണ്ടുവരാമെന്നു പറഞ്ഞിട്ടുണ്ട്‌ അതും കാത്തിരിയ്ക്കുകയാണ്‌ ഞാനിപ്പോള്‍...!!.

ഏതായാലും ഇനി ഞാന്‍ രണ്ടുദിവസം ഓലക്കുടിയില്‍ നിന്നിട്ടെ നാട്ടില്‍ പോകുന്നുള്ളു..നാളെ ഞായാറഴ്ച...പോട്ടയിലും മുരിങ്ങൂരുമുള്ള ധ്യാനകേന്ദ്രങ്ങളില്‍ പോകണം.....കര്‍ത്താവിനോട്‌ മാപ്പുപറഞ്ഞ്‌` പ്രാര്‍ത്ഥിയ്ക്കണം...".

എത്ര പറഞ്ഞിട്ടും, എന്തൊക്കെ പറഞ്ഞിട്ടും മതിവരുന്നിണ്ടായിരുന്നില്ല അവള്‍ക്ക്‌.വല്ലാതെ തരളിതയായിരുന്നു അവള്‍.അതുവരെ കേള്‍ക്കാത്ത സ്ത്രൈണത ആ സ്വരത്തില്‍ നിറഞ്ഞു നിന്നിരുന്നു..സന്തോഷം കൊണ്ടു എന്റെ മനം കുളിര്‍ത്തു...

ഇതാണ്‌..ഇതാണ്‌... ഇത്രയും കാലം ശോശാമ്മയില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ചിരുന്നത്‌...

വൈകീട്ടു ഉറങ്ങുന്നതിനുമുമ്പ്‌ അവളോട്‌ ഒന്നുകൂടി സംസാരിയ്ക്കണമെന്നുണ്ടായിരുന്നു...നടന്നില്ല...അപ്പോളാണ്‌ രാജേട്ടന്റെ ഫോണ്‍..."ഒന്നാശുപത്രിവരെപോകണം സാബു.. വണ്ടിയുമായി നീ പെട്ടന്നു വരണം.."

നല്ല ക്ഷീണമുണ്ടായിരുന്നു,.എന്നാലും പോകാതിരിയ്ക്കന്‍ കഴിഞ്ഞില്ല...പാവം രാജേട്ടന്‍ ഒരുപാടു നാളായി വയറുവേദനയുമായി അലയാന്‍ തുടങ്ങിയിട്ട്‌...

അല്ലെങ്കിലും ഉടുത്തൊരുങ്ങി ഹോസ്പിറ്റലിലേയ്ക്കു രോഗിയ്ക്കു കൂട്ടുപോകുന്നത്‌ ഉത്സവപറമ്പിലെ കാഴ്ച കാണാന്‍ പോകുന്നതിനു സമാനമല്ലെ..അതിലും ആനന്ദകരമല്ലെ ഇവിടുത്തെ സെറ്റപ്പില്‍...പ്രത്യേകിച്ചും ബാച്ചിലേര്‍സിന്‌...

അങ്ങിനെ പെട്ടന്നുതട്ടികൂട്ടിയെടുത്ത ഒരു ബാച്ചിലറുടെ മനസ്സുമായി അല്‍ ബദേര്‍ ഡിസ്പെന്‍സറിയിലെ നയനമനോഹരമായ കാഴ്ചകളില്‍ മുഴുകി സ്വയം മറന്നിരുന്നു... സമയം പോയതറഞ്ഞില്ല...ശോശാമ്മായ്ക്ക്‌ ഫോണ്‍ ചെയ്യേണ്ട കാര്യം മനസില്‍നിന്നും വിട്ടുപോയി..ഓര്‍മ്മവന്നപ്പോഴേയ്ക്കും ഒരുപാടു വൈകിയിരുന്നു...നാട്ടില്‍ സമയം പാതിരാവായിട്ടുണ്ടായിരുന്നു....

ആ പ്രയാസത്തില്‍ കിടന്നതുകൊണ്ടാണൊ എന്നറിയില്ല ഉറക്കം വല്ലാതെ മുറിഞ്ഞുപോയി...നാലുമണിയായപ്പോഴെയ്ക്കും പൂര്‍ണ്ണമായും ഉണര്‍ന്നു...

മൊബെയിലിലെ അലാമിന്റെ അകമ്പടിയോടെ ദിവസം ആരംഭിയ്ക്കുവാന്‍ ഇനിയും രണ്ടുമണിക്കൂര്‍ ബാക്കി....

ശോശാമ്മയെ വിളിച്ചാലോ...വേണ്ട...നാട്ടിലിപ്പോള്‍ മണി ആറര ആവുന്നതെയുള്ളു..പാവം ക്ഷീണിച്ചു നല്ല ഉറക്കത്തിലായിരിയ്ക്കും.....

ഒരു സുലൈമാനിയുമായി സിസ്റ്റം തുറന്നു...ഞായാറഴ്ച പതിവില്ലാത്തതാണ്‌..നെറ്റിലെയ്ക്കു കയറാന്‍ അല്ലെങ്കില്‍ വരമൊഴി തുറക്കാന്‍ ഒരുത്സാഹവും തോന്നുന്നില്ല..
വല്ലാത്തൊരു മനാസികവസ്ഥ ..!എന്തൊക്കയോ ഒരുപാടു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ബാക്കിയുള്ളതുപോലെ..! പെട്ടന്ന്‌ വല്ലാതെ ഉത്തരവാദിത്വം കൂടിയതുപോലെ...

മെല്ലെ എഴുന്നേറ്റു, ചുമരില്‍ തൂക്കിയിട്ടിരുന്ന മനോരമ കലണ്ടറെടുത്തു.....നാടുവിട്ടതിനുശേഷം കലണ്ടര്‍ നോക്കുന്ന ശീലം ഇല്ലാതായിരിയ്ക്കുന്നു..എല്ലാ ദിവസങ്ങളും ഒരുപോലെയായ ഇവിടെ കലണ്ടറിനെന്തു പ്രസക്തി....എന്നിട്ടും ഒരു ചടങ്ങുപോലെ എല്ലാവര്‍ഷവും ഒരെണ്ണം വാങ്ങി ചുമരില്‍ തൂക്കിയിടും..

ഒരുവര്‍ഷത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിന്റേയും പ്രതീകമായി ചുവരില്‍ തൂങ്ങികിടക്കുന്ന മനോരമ കലണ്ടര്‍ കാണുന്നതുതന്നെ ഒരു സുഖമാണ്‌..!..

അതൊരു ശീലമായി മാറി..അപ്പച്ചനില്‍നിന്നും കിട്ടിയ ശീലം....ഒരോദിവസവും രാവിലെ മനോരമ പത്രം വായനയോടെ തുടങ്ങണം..അതപ്പച്ചനു നിര്‍ബ്ബന്ധമായിരുന്നു..

കലണ്ടറിലെ പേജുകള്‍ മറിച്ചുനോക്കി,..മനസിലും, കൈവിരലുകളിലും മാറിമാറി കണക്കുകൂട്ടി..ഒക്ടോബര്‍ അവസാന വാരം അല്ലെങ്കില്‍ നവംബര്‍ ആദ്യം....ശോശാമ്മയുടെ ഡേറ്റ്‌.!.

മനസില്‍ വല്ലാത്തൊരനുഭൂതി നിറയുന്നതുപോലെ....ഒപ്പം അത്ഭുതവും....

മയില്‍പീലിതുണ്ട്‌ പുസ്തകത്തിനുള്ളിലൊളിപ്പിച്ചുവെച്ച്‌,..അപ്പൂപ്പന്‍താടിയ്ക്കു പുറകെ മടികൂടാതെ അലയാന്‍ കൊതിയ്ക്കുന്ന ബാല്യം,.. വളപ്പൊട്ടിന്റെ ചന്തത്തിന്റെ പൊരുള്‍ തേടിയലയാന്‍ വെമ്പുന്ന കൗമാരകൗതുകം.. ഇതൊന്നും ഇനിയും കെട്ടടങ്ങാത്ത എന്റെ മനസ്സ്‌ പുതിയതയായി ഒരു പാടു തയ്യാറെടുപ്പുകള്‍ക്ക്‌ വിധേയമാകേണ്ടിയിരിയ്ക്കുന്നു...കുറേക്കൂടി പക്വത കൈവരിയ്ക്കേണ്ടിയിരിയ്ക്കുന്നു.. അതിനായി ഗൃഹപാഠം ചെയ്യേണ്ടിയിരിയ്ക്കുന്നു..

നോക്കു...! ഇപ്പോള്‍തന്നെ എന്താ സംഭവിയ്ക്കുന്നതെന്ന്‌....!

പുതുവര്‍ഷം പിറന്നു മാസം രണ്ടു കഴിഞ്ഞിട്ടും മായാതെ ശേഷിയ്ക്കുന്ന കലണ്ടറിലെ പുതുമണം പോലും എത്ര പെട്ടന്നാണ്‌ ഗൃഹാതുരത്വമായി എന്റെ മനസില്‍ പടര്‍ന്നിറങ്ങിയത്‌...!..

ഇതാണെന്റെ കുഴപ്പം....!

ചഞ്ചലമാകാന്‍ തുടങ്ങിയ മനസ്സ്‌ എല്ലാ നിയന്ത്രണവും കൈവിട്ട്‌ ഭൂതക്കാലസ്മരണകളുടെ സുഖാലസ്യത്തില്‍ മുഴുകിക്കഴിഞ്ഞു.....

ഇനി ഏതോ ഉള്‍പ്രേരണായാലെന്നപോലെ മാസങ്ങളെ ഒന്നൊന്നായി വിരല്‍മീട്ടിയുണര്‍ത്താന്‍ വൃഥാ പാഴ്‌ശ്രമം നടത്താന്‍ തുടങ്ങും..!

വാരികകളില്‍ പഴയക്കാല സര്‍വീസ്‌ സ്റ്റോറികള്‍ ഒരൗചിത്യവും കൂടാതെ പൊടിപ്പും തൊങ്ങലും വെച്ച്‌ നീട്ടിപരത്തി വിളമ്പുന്ന ഒരു റിട്ടയേഡ്‌ സിവില്‍ സര്‍വിസ്‌ മേധാവിയെപോലെ, വായനക്കാരുടെ വിരസതയെ ഗൗനിയ്ക്കാതെ,സമയത്തെ മാനിയ്ക്കാതെ ഇനിയെന്റെ ടൈപ്പിങ്ങിന്‌ ആവേശം കൂടും....പേജുകളുടെ നീളം കൂടും.....

കലണ്ടറിലെ അവസാനപേജില്‍ നിന്ന്‌...അവസാനമാസത്തില്‍നിന്ന്‌ തുടക്കം... അതു മനോരമയിലെ ബോബനും മോളിയും നല്‍കിയ ശീലം..

ക്രിസ്മസ്‌കരോള്‍ പാടിയലയുന്ന തണുത്തുറഞ്ഞ ഡിസംബര്‍ രാവുകള്‍...

ആഘോഷമാസങ്ങള്‍ക്കിടയില്‍ ഒരിയ്ക്കലും തീരാത്ത നഷ്ടബോധവുമായി തരിച്ചു നില്‍ക്കുന്ന പാവം നവംബര്‍.

ശാന്തമായൊഴുകുന്ന ഓലക്കുടിപുഴയില്‍ കൂട്ടുകാരോടൊത്തു നീന്തിതുടിച്ചുത്തിമിര്‍ത്ത ഒക്ടോബര്‍സായഹ്നങ്ങള്‍..

പാലത്തിനുമുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയിലെ യാത്രക്കാര്‍ ശ്രദ്ധിയ്ക്കുന്നു എന്ന തോന്നലില്‍ പുറത്തെടുക്കുന്ന അഭ്യാസപ്രകടനങ്ങള്‍..

അങ്ങിനെ എല്ലാവരുടെയും മുമ്പില്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങിയ ബാല്യത്തിലൂടെ,... നിഗൂഡ്‌ഠ സ്വപ്നങ്ങളുടെ ആരവത്തില്‍ മുങ്ങിപോയ കൗമാരത്തിലൂടെ.. കലണ്ടറിന്റെ താളുകള്‍ മെല്ലെ മറിഞ്ഞുകൊണ്ടിരുന്നു...

ആമോദത്തിന്റെ ആരവുമായി കടന്നുവന്ന്`കുറെ ആഡംബരനിമിഷങ്ങള്‍ സമ്മാനിച്ച്‌ നൊടിയിടയ്ക്കിടയില്‍ ഒരു സ്വപ്നം പോലെ കടന്നുപോകുന്ന സെപ്തംബറും ആഗസ്റ്റും..

തിരുവാതിര ഞാറ്റുവേലയിലെ തോരാത്തപെരുമഴയില്‍..തോരാനപെരുന്നാളിന്റെ നിറവില്‍ കാട്ടിലെ മരവും കടപുഴുക്കിയെടുത്ത്‌ കലിതുള്ളിയൊഴുകുന്ന ഓലക്കുടിപുഴയ്ക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന ജൂണ്‍-ജൂലൈ മാസങ്ങള്‍...

കളിപന്തിന്റെ താളത്തില്‍ നിഷ്കളങ്കമായി ഓടിചാടിത്തിമര്‍ത്തു നടന്നിരുന്ന ബാല്യം പെട്ടന്നൊരുനാള്‍ അയലത്തു പൂത്തു നിന്നിരുന്ന വിഷുകണിക്കൊന്നയില്‍ അതുവരെ കാണാത്ത ചന്തം കണ്ടമ്പരന്നതും... പിന്നെ അതു വല്ലാത്തൊരു മോഹമായി,..അസ്വസ്ഥതയായി മാറി മനസ്സില്‍ നീറ്റല്‍ പടര്‍ത്താന്‍ തുടങ്ങിയതും പൊടിമീശ മുളയ്ക്കുന്ന പ്രായത്തിലെ ഒരു മധ്യവേനലവധിക്കാലത്തായിരുന്നു..

മാര്‍ച്ചുമാസത്തെക്കുറിച്ചു പറയാന്‍ ആയിരം നാക്കായിരിയ്ക്കും നമ്മള്‍ ഓരോരുത്തര്‍ക്കും അല്ലെ...

മാര്‍ച്ചുമാസം കലാലയഹൃദയങ്ങള്‍ വേനല്‍ചൂടില്‍ വെന്തുരുകുന്ന കാലം... വേര്‍പ്പാടിന്റെ കനല്‍പൂക്കള്‍ കത്തിജ്വലിയ്ക്കുന്ന കാലം...

മുല്ലപ്പൂവും...ജമന്തിപൂവും ചൂടി..അതിന്റെ ഗന്ധം ചുറ്റിലും പരത്തി പുറമേ ഒരുപാടുത്സാഹംനടിച്ച്‌ ഓടിനടക്കുമെങ്കിലും പാവം മാര്‍ച്ചുമാസത്തിന്റെ മനസ്സ്‌ എപ്പോഴും വിരഹാര്‍ദ്രമായിരിയ്ക്കും...

കണ്ണീരില്‍ നനഞ്ഞുകുതിരുന്ന വേര്‍പ്പാടിന്റെ നിമിഷങ്ങള്‍ക്കു ഒരിയ്ക്കല്‍കൂടി സാക്ഷ്യം വഹിയ്ക്കാന്‍ വേദനയോടെ ഒരുങ്ങുകയായിരിയ്ക്കും മാര്‍ച്ചുമാസത്തിലെ കലാലയാന്തരീക്ഷം...

പുഴക്കല്‍ പാടത്തുനിന്നു കുളിരുംകോരിവരുന്ന കുസൃതികാറ്റിനുപോലും വല്ലാത്ത വിഷാദഭാവമായിരിയ്ക്കും മാര്‍ച്ചിലെ പകലുകളില്‍..വേനല്‍ചൂടില്‍ കത്തിയെരിയുന്ന കലാലയമനസിലെ കനല്‍ എത്ര ശ്രമിച്ചിട്ടും അണയ്ക്കാന്‍ കഴിയാത്ത നിരാശയില്‍ ഒരു ഭ്രാന്തിയെപോലെ വെറുതെ അവിടെയൊക്കെ നെടുവീര്‍പ്പോടെ അലഞ്ഞുതിരിയും ആ പാവം..

ഇങ്ങിനെ ഓര്‍ത്തെടുത്താല്‍ കലാലയാങ്കണത്തിലെ മണല്‍ത്തരികള്‍ക്കുപോലും പാറയാനുണ്ടാകും കണ്ണീരു വീണു കുതിര്‍ന്നു തരിച്ചുപോയ ഒരു പാടു നിമിഷങ്ങളുടെ കഥകള്‍..

80 കളിലെ താരം നാദിയമൊയ്തുവിനെ അനുസ്മരിപ്പിയ്ക്കുന്ന രീതിയില്‍ പിന്നോട്ടു കോതിയൊതുക്കിവെച്ച ഇടതൂര്‍ന്ന തലമുടി....ഇടുങ്ങിയ നെറ്റിയ്ക്ക്‌ തീരെ ചേര്‍ച്ചയില്ലാത്ത മെറൂണ്‍നിറത്തിലുള്ള വലിയ ശിങ്കാര്‍പൊട്ട്‌...തിളക്കമുള്ള കണ്ണുകള്‍...നീണ്ടമൂക്കിന്‍തുമ്പില്‍ തിളങ്ങുന്ന വെള്ളക്കല്‍മൂക്കുത്തി...ഇളം ചുവപ്പുള്ള ചുണ്ടുകളില്‍ എപ്പോഴും മന്ദസ്മിതബഹിര്‍സ്‌ഫുരണങ്ങള്‍.....

മഞ്ഞയുടെ വിവിധ കോംബിനേഷനുകളിലുള്ള വടിവൊത്ത കോട്ടണ്‍ ചുരിദാറുകളില്‍ പാറിപറക്കുന്ന അവന്റെ പാവം മഞ്ഞക്കിളി..

ഇന്നും ഓര്‍മ്മകളില്‍ വിരുന്നു വരുന്ന അവളുടെ സാമീപ്യസുഗന്ധം അവനെ ഉന്മത്തനാക്കും...

വിടപറയുന്ന നിമിഷങ്ങളില്‍ നിറഞ്ഞുതുളുമ്പിയ ആ കരിനീലമിഴികള്‍ക്കു നേരേ അറിയാതെ നീണ്ടുപോയി അവന്റെ വിറയ്ക്കുന്ന കരങ്ങള്‍..

അന്ന്‌ ആ കണ്ണീര്‍ത്തുള്ളികളുടെ ചൂടില്‍ പൊള്ളിപോയി അവന്റെ വിരല്‍തുമ്പ്‌.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഇന്നും ശംഖിനുള്ളിലെ തിരയിളക്കം പോലെ മനസില്‍ അലയടിച്ചുയരുന്നു ആ ഗദ്ഗദനാദം.

നെഞ്ചില്‍ ഇന്നും പൂര്‍ണ്ണമായും വറ്റാതെ ഘനീഭവിച്ചു കിടക്കുന്ന കണ്ണുനീര്‍ത്തുള്ളികളുടെ ഈര്‍പ്പം..

ഒരുത്തമ കാമ്പസ്‌ പൗരനെന്ന നിലയില്‍ പ്രണയത്തിന്റെ സമ്മതിദാനം വിനിയോഗിച്ചതിന്റെ അടയാളമായി അവന്റെ വിരല്‍തുമ്പില്‍ ഇനിയും പൂര്‍ണ്ണമായും മായാതെ നില്‍ക്കുന്നു വേര്‍പ്പാടിന്റെ ചൂടുകണ്ണീര്‍ സമ്മാനിച്ച ആ പാടുകള്‍...

ഒരു കാലഘട്ടത്തിലെ ബാക്കിപത്രമായ ഗൃഹാതുരത്വം നിറഞ്ഞ കുറെ പൈങ്കിളി സ്മരണകളുടെ തനിയാവര്‍ത്തനമായി തോന്നാം ഈ വാചകങ്ങള്‍....

പക്ഷെ,.. ഇത്‌ പോയ്‌മറഞ്ഞ ഏതോ ഒരു കാലഘട്ടത്തിന്റെ മാത്രം കാര്യമല്ല.. .എല്ലാ കാലത്തേയും മാര്‍ച്ചുമാസകാമ്പസ്സിന്റെ നേര്‍ക്കാഴ്ചയാണ്‌.

കാലം മാറുന്നു.....ആചാരോപചാരങ്ങള്‍.പരിഷ്ക്കാരങ്ങള്‍...രീതികള്‍ എല്ലാം മാറുന്നു.....അപ്പോഴും കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമാകാതെ ഒന്നു മാത്രം നിലനില്‍ക്കുന്നു...മനുഷ്യമനസ്സുകള്‍...അവയിലെ വിചാരവികാരതലങ്ങള്‍...

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ തീന്‍മേശകളെ സമ്പന്നമാക്കത്തിടത്തോളം കാലം...അവ നമ്മുടെ ജീനുകള്‍ക്ക്‌ കാര്യമായ വൈകല്യം പ്രദാനം ചെയ്യാത്തിടത്തോളം കാലം മനുഷ്യമനസ്സുകളിലെ പ്രണയഭാവങ്ങള്‍ നിലനില്‍ക്കും... തലമുറയിനിന്നും തലമുറയിലേയ്ക്കു പടര്‍ന്നിറങ്ങും.. ഭൂമിയില്‍ വസന്തത്തിന്റെ മാരിവില്ലു കുലയ്ക്കും....

കാമ്പസ്സുകാലം ജീവിതത്തില്‍ കൊടുംകാറ്റിനു മുമ്പുള്ള ശാന്തതയുടെ കാലമാണ്‌.

പരുപരുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ വഴിത്താരയിലേയ്ക്കു ചുവടുവെയ്ക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ ഒരു വരദാനം പോലെ വീണു കിട്ടുന്ന,..ക്ഷണികമെങ്കിലും മധുരാര്‍ദ്രമായ കുറെ നാളുകള്‍.

കുംഭമാസത്തിലെ പൊള്ളുന്ന വെയിലിനു പോലും പൂനിലാമഴയുടെ കുളിരുണ്ടെന്നു തോന്നുന്ന ആ പ്രായത്തില്‍ കാമ്പസ്സിന്റെ നാലുചുവരുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചിലപ്പോള്‍ ചെറിയ അഹങ്കാരമായി മാറുന്നു... വാകമരങ്ങള്‍ പൂവാരിവിതറി തണല്‍ വിരിയ്ക്കുന്ന വഴിത്താരയുടെ മൃദുസ്പര്‍ശത്തില്‍ സ്വയം മറന്നു യാത്ര ചെയ്യുന്നു പലപ്പോഴും........

ഒടുവില്‍ എല്ലാം കഴിഞ്ഞ്‌ വാടാന്‍ തുടങ്ങിയ മുല്ലപൂക്കളും,..വളപ്പൊട്ടുകളും.ചോക്ലേറ്റുകടലാസുകളും മാത്രം ശേഷിയ്ക്കുന്ന കലാലയാങ്കണത്തില്‍നിന്നും കലങ്ങിചുവന്ന കണ്ണുകളും,.. ശൂന്യമായ മനസ്സുമായി, വിശാലമായ ലോകത്തിന്റെ പരുപരുത്ത പ്രതലത്തിലേയ്ക്ക്‌ ഒരനാഥനായി വീണ്ടും പിറന്നുവീണത്‌ ഏപ്രിലിലെ ആദ്യദിനത്തിലായിരുന്നു എന്നത്‌ തികച്ചും യാദൃശ്ചികമായ മറ്റൊരു സത്യം.

മൊബെയിലിലെ കുട്ടി പരിഹാസത്തോടെ പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി..

ഞെട്ടിത്തെറിച്ചു...സമയം ആറുമണി...!.ദേഷ്യത്തോടെ അലാം ഓഫ്‌ ചെയ്തു.

പാവം മനുഷ്യന്റെ നിസ്സഹായവസ്ഥയെ യന്ത്രങ്ങള്‍പോലും പരിഹസിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു....

കര്‍ത്താവെ..! നാട്ടില്‍ മണി എട്ടര..ശോശാമ്മയെ ഇതുവരെ വിളിച്ചില്ല...!!

ഓരോന്നോര്‍ത്തും ടൈപ്പ്‌ ചെയ്തും നേരം പോയതറിഞ്ഞില്ല....ആദ്യം അവളെ വിളിയ്ക്കാം എന്നിട്ടാവാം മറ്റു കാര്യങ്ങള്‍.....

അല്ലെങ്കില്‍ വേണ്ടാ.. ബാത്ത്‌റൂമില്‍ വെച്ചാകട്ടെ ഫോണ്‍ചെയ്യല്‍...ഒട്ടും സമയം നഷ്ടപ്പെടുത്താതെ രണ്ടുകാര്യവും ഒന്നിച്ചു നടത്തമല്ലോ...

മൊബെയിലും ബാത്‌ടവലുമെടുത്ത്‌, ഊടുതുണി ഊരിയെറിഞ്ഞ്‌ ഒരു നാണവുമില്ലാതെ,,..തീര്‍ത്തും നഗ്നനായി,..മൂന്നു വയസ്സുകാരന്റെ കുറുമ്പു നിറഞ്ഞ മനസ്സുമായി "ഉണ്ണിപൂവും" ആട്ടിയാട്ടി മെല്ലെ ബാത്ത്‌ റൂമിലേയ്ക്കു നടന്നു...

ഒരോ ദിവസത്തേയും അങ്കത്തിനു ഹരിശ്രീ കുറിയ്ക്കുന്നത്‌ അവിടെ നിന്നാണല്ലൊ...
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നല്ലെ പ്രമാണം.......

(തുടരും)

അടുത്ത പെഗ്ഗില്‍ ശോശാമ്മയെ അടുത്തിരുത്തി സൂസിമോളുടെ കല്യാണവിശേഷം എഴുതും ഞാന്‍......

കാത്തിരിയ്ക്കു....

കൊല്ലേരി തറവാടി

Sunday, March 14, 2010

ഞങ്ങള്‍ ചില പാവം ഓലക്കുടിക്കാര്‍... മൂന്നാമത്തെ പെഗ്ഗ്‌....

സങ്കട നിമിഷങ്ങളിലൂടെ......

ആളും ആരവവുമായി ആഘോഷങ്ങള്‍ ഒരിയ്ക്കലും കൂട്ടിനെത്താത്ത പാവം ഒരു ഫെബ്രുവരി കൂടി ആരോരുമറിയാതെ കടന്നുപോയി......

നവവല്‍സരത്തിന്റെ കടിഞ്ഞൂല്‍പുത്രിയും, ശിശിരകാല സുന്ദരിയും ആഘോഷപ്രിയരുടെ മാനസപുത്രിയുമായ ജനുവരിയുടെ തൊട്ടുപുറകെ,..അഴകും തേജസ്സുമില്ലാതെ,..സ്വന്തമായി ഒരു പ്രത്യേകതയും ഉന്നയിയ്ക്കാനില്ലാതെ പിറന്നുവീഴുന്ന ഫെബ്രുവരി,..

മുപ്പത്തിയൊന്നു പോയീട്ട്‌ മുപ്പതു ദിനങ്ങള്‍ പോലും തികച്ചെടുക്കാനില്ലാതെ,... പൂര്‍ണ്ണവളര്‍ച്ചയെന്തെന്നറിയാന്‍ യോഗമില്ലാതെ... കടന്നു പോകാന്‍ വിധിയ്ക്കപ്പെടുന്ന ഒരു പാവം മാസം.... മാസങ്ങളില്‍ എറ്റവും ചെറിയ മാസം...

ആരുടേയൊ ഔദാര്യം പോലെ നാലുവര്‍ഷത്തിലൊരിക്കല്‍ മാത്രം കിട്ടുന്ന ഒരു അധികദിനത്തിനായി... ഒരുപാട്‌ പ്രതീക്ഷകളും അതിലേറെ അപകര്‍ഷതാബോധവും മനസ്സില്‍പേറി കാത്തിരിയ്ക്കാനാണ്‌ അതിന്റെ നിയോഗം....അതും ഓര്‍മ്മകളുടെ കണക്കുപുസ്തകത്തില്‍ നഷ്ടങ്ങളുടെ നിമിഷങ്ങള്‍ മാത്രം എഴുതിച്ചേര്‍ത്ത ഒരു ദിവസത്തിനായി.

ഞാനോര്‍ത്തിരുന്നു അണ്ണാ..ഈ വര്‍ഷവും ആ ദിനം...

അന്ന്‌ എന്താണെഴുതണ്ടത്‌ അറിയില്ലയിരുന്നു....ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും മനസനുവദിച്ചില്ല.....

ഇപ്പോള്‍ ഇതെന്തിനാണ്‌ എഴുതുന്നതെന്നും എനിയ്ക്കറിയില്ല ..

അതെപ്പോഴും അങ്ങിനെയല്ലെ... ഉള്ളില്‍തട്ടുന്ന വിഷയങ്ങള്‍ എഴുതേണ്ടി വരുമ്പോള്‍ വാക്കുകള്‍ തേടി വല്ലാതെ ദാഹിച്ചലയേണ്ടി വരും...എന്തെങ്കിലും ചമച്ചെഴുതുന്ന നേരങ്ങളില്‍ പലപ്പോഴും ഒരു പ്രളയപ്രവാഹം പോലെ ഒഴുകിയെത്തുന്ന സ്ഥിരം വാക്കുകള്‍ പോലും പിണങ്ങി മാറി നില്‍ക്കും..

ഈ നിമിഷം,... ശൂന്യമായ എന്റെ മനസ്സ്‌ വാചകങ്ങള്‍ക്കുവേണ്ടി എങ്ങോട്ടൊക്കയോ അലയുകയാണ്‌....

ഒന്നോര്‍ത്താല്‍ ഈ ജീവിതം തന്നെ വലിയൊരു അലച്ചിലല്ലെ...മാരീചനുപുറകെ,.. മരിചികയില്‍ നിന്നും മരീചിയകയിലേയ്ക്ക്‌,..ഇടയ്ക്കൊരു മരുപ്പച്ചപോലുമില്ലാതെ..സ്വപ്നസാക്ഷത്‌കാരവും തേടി അന്തമില്ലാത്തൊരു യാത്ര....

ഒടുവില്‍,..തളര്‍ന്ന മനസ്സുമായി തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും..നിറം മങ്ങാന്‍ തുടങ്ങിയ പ്രതീക്ഷകളുടേയും, നഷ്ടസ്വപ്നങ്ങളുടേയും വലിയ മാറാപ്പും പേറി ഒരുപാടു ദൂരം താണ്ടിയിരിയ്ക്കും ... അപ്പോഴേയ്ക്കും വഴിയിലുപേക്ഷിയ്ക്കാന്‍ കഴിയാത്തവിധം ഹൃദയത്തില്‍ അള്ളിപ്പിടിച്ചിരിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും ആ ഭാണ്ഡക്കെട്ട്‌.....

അതിനിടയില്‍ തപ്തനിശ്വാസങ്ങളുതിര്‍ക്കാനായി വേര്‍പ്പാടിന്റെ കുറെ വിരഹനിമിഷങ്ങളും....ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരുപിടി ചുമന്ന പനിനീര്‍പ്പൂക്കളും ഹൃദയത്തില്‍ വാരിയെറിഞ്ഞ്‌...ഒരോരോ ഘട്ടങ്ങളില്‍..ഓരോരുത്തരായി പിരിഞ്ഞു പോയിട്ടുണ്ടാകും..പലപ്പോഴും യാതൊരു മുന്‍ഗണനാക്രമവും നോക്കാതെ..ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ..

ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ മനസ്സിനെ മൂടിപൊതിയുന്ന ഗ്രഹണനിമിഷങ്ങളിലാണ്‌ നാം സ്നേഹത്തിന്റെ തീവ്രത പൂര്‍ണ്ണമായും തിരിച്ചറിയുന്നത്‌ ....ബന്ധങ്ങളുടെ വ്യാപ്തിയും ആഴവും മനസ്സിലാക്കുന്നത്‌ .

പിരിഞ്ഞു പോകുന്നവര്‍ മനസ്സില്‍ സൃഷ്ടിയ്കുന്ന ശൂന്യത...

ഉറ്റവരുടെ വേദന ഹൃദയത്തിലുണ്ടാക്കുന്ന ചലനങ്ങള്‍..

തരിച്ചുപോകുന്ന നിമിഷങ്ങളുടെ അവസാനം മരവിച്ചു പോകുന്ന മനസ്സുകള്‍ പരസ്പരം പകര്‍ന്നുനല്‍കാന്‍ ശ്രമിയ്ക്കുന്ന സ്വാന്തനത്തിന്റെ ഊഷ്മളത..

ആ അനന്യ നിമിഷങ്ങളില്‍ കൈതാങ്ങായി എത്തുന്ന,... ജീവിതത്തില്‍ പിന്നെടൊരിയ്ക്കലും മറക്കാന്‍ കഴിയാത്ത സൗഹൃദങ്ങള്‍...

ഇങ്ങിനെ പിന്നീട്‌ ഓര്‍ത്തെടുത്തയവിറക്കാന്‍ എത്രയെത്ര അനുഭവങ്ങള്‍ സമ്മാനിയ്ക്കുന്നു ഇത്തരം മുഹൂര്‍ത്തങ്ങള്‍.

പക്ഷെ, ജീവിതത്തിന്റെ മറുവശത്ത്‌ നേട്ടങ്ങളുടെ കൊടുമുടിയില്‍,ആനന്ദത്തിന്റെ ഉച്ചസ്ഥായിയില്‍ ആറാടിനില്‍ക്കുന്ന കാലങ്ങളില്‍ ഉതിര്‍ന്നു വീഴുന്ന നിശ്വാസത്തിന്‌ ആത്മവിശ്വാസത്തെക്കാളേറെ,..അഹങ്കാരത്തിന്റെ ചൂടും ചൂരുമാണുണ്ടാകുക...അവിടെ ബന്ധങ്ങളുടെ പൂനിലാവെട്ടത്തെ അസൂയയുടെ..തന്‍പ്രമാണത്വത്തിന്റെ കാര്‍മേഘങ്ങള്‍ വന്നു മറയ്ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌....

"തത്വമസി" മന്ത്രമുതിര്‍ന്ന നാവിന്‍തുമ്പില്‍ നിന്നുമുതിരുന്ന തരംതാണ ജല്‍പ്പനങ്ങള്‍ നമ്മെ അതിശയിപ്പിയ്ക്കുന്നു....

ശരണമന്ത്രമോതി ശാന്തി പകരേണ്ട സന്യാസി ശ്രേഷ്ഠന്മാര്‍ ആസക്തി നിറഞ്ഞ മനസ്സുമായി ലൗകികതയുടെ മുന്തിരിക്കുലകള്‍ മുത്തിനുകര്‍ന്ന്‌ കേളിയാടുന്ന രംഗങ്ങള്‍ കാണേണ്ടി വരുമ്പോള്‍ ലജ്ജകൊണ്ട്‌ ശിരസ്സ്‌ കുനിഞ്ഞുപോകുന്നു...

സമ്പന്നത,.സ്ഥാനമാനങ്ങള്‍..ഇവയ്ക്കൊപ്പം സ്തുതിപാഠകരുടെ അകമ്പടിയോടെ സുഖലോലുപതയില്‍ രമിയ്ക്കുമ്പോള്‍ സ്വയം മറക്കുന്നു. പാവം കലിയുഗജന്മങ്ങള്‍...

മഹാഭാരതത്തിലെ ഒരു സന്ദര്‍ഭം ആണ്‌ പെട്ടന്ന്‌ മനസ്സില്‍ ഓര്‍മ്മ വരുന്നത്‌..

ഒന്നാന്തരം നസ്രാണിയായ ഈ സാബുവിന്റെ മനസ്സില്‍ മഹാഭാരതം കഥകളോ.....അണ്ണന്റെ നെറ്റി ചുളിയുന്നു അല്ലെ.......

ബോംബെയില്‍ വെച്ചു ബാലു പറഞ്ഞു കേട്ടതാണ്‌ അണ്ണാ ഇതെല്ല്ലാം.. ....

ബാലുവിന്റെ പ്രത്യേകതയായിരുന്നു അത്‌.. ഒരു മൂന്നുനാലു പെഗ്ഗ്‌ അകത്തുചെന്നാല്‍ അവന്റെ നാക്കില്‍നിന്നും പിന്നെ മഹാഭാരതത്തിലെ കഥാസന്ദര്‍ഭങ്ങള്‍ മാത്രമെ ഒഴുകിയെത്തു...അതും വളരെ രസകരമായി,..അവന്റെ സ്വന്തം വ്യാഖ്യാനത്തോടെ.

അതൊരു കാലമായിരുന്നു....സ്വാതന്ത്രത്തിന്റെ കാലം...ആഘോഷങ്ങളുടെ കാലം...

കുട്ടേട്ടന്‍, ബാലു, അലക്സ്‌, ശശിനായര്‍, തോമാസ്സുട്ടി....ഇങ്ങിനെ ഞങ്ങള്‍ നാലഞ്ചുപേര്‍ വാരന്ത്യങ്ങളില്‍ അലക്സ്‌ താമസിയ്ക്കുന്ന അന്ധേരിയിലെ LIC കോളനിയിലെ ഏഴുനില ബില്‍ഡിങ്ങിന്റെ മുകളിലെ ടെറസ്സില്‍ ഒത്തുകൂടും....

കൂട്ടത്തില്‍ കുട്ടേട്ടനായിരുന്നു ഇത്തിരി സീനിയര്‍..പിന്നെ അലക്സും......ബാക്കി ഞങ്ങളെല്ലാം പൊടിപിള്ളേരായിരുന്നു..

ചെറുപ്പത്തിലെ LICയില്‍ ഡെവലപ്പ്‌മന്റ്‌ ഓഫീസറാകാന്‍ ഭാഗ്യം സിദ്ധിച്ച അലക്സിനൊഴികെ ബാക്കിയെല്ലാവര്‍ക്കും ഗള്‍ഫ്‌യാത്രയ്ക്കുമുമ്പുള്ള ഇടത്താവളം മാത്രമായിരുന്നു ബോംബേ..... .

ഒരു തുള്ളിപോലും കഴിയ്ക്കില്ലെങ്കിലും എല്ലാം ഒരുക്കാനും കമ്പനി കൂടാനും കൂട്ടത്തില്‍ ഏറ്റവും മിടുക്കാന്‍ കുട്ടേട്ടനായിരുന്നു..

ദൂരെ പടിഞ്ഞാറ്‌ ജുഹുവിലെ നക്ഷത്രബംഗ്ലാവുകളെ തഴുകിയെത്തുന്ന കടല്‍കാറ്റിന്റെ കുളിരില്‍,..അധികം ദൂരെയല്ലാതെ കിഴക്ക്‌ സഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറബിക്കടലിന്റെമുകളിലേയ്ക്ക്‌ കുതിച്ചുപൊങ്ങുന്ന ഫ്ലൈറ്റുകളേയും നോക്കി പെഗ്ഗുകള്‍ക്കൊപ്പം മനസ്സുകളും,,,സ്വപ്നങ്ങളും പരസ്പരം പങ്കുവെച്ചു.... രാവേറുവോളം... പലപ്പോഴും വെളുക്കുവോളം വരെ നീണ്ടുനില്‍ക്കുമായിരുന്നു രസകരമായ ആ ഒത്തുചേരലുകള്‍...

അന്നു ആ നാളുകളില്‍ അങ്ങിനെ പറഞ്ഞറിഞ്ഞതും പറയാതെ പോയതുമായ എത്രയെത്ര കഥകള്‍.. കഥയില്ലായ്മകള്‍..അവയില്‍ പലതും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു...

ഒരിയ്ക്കല്‍..കുന്തിദേവിയോട്‌ ഇഷ്ടമുള്ള വരം ചോദിയ്ക്കാന്‍ ഭഗവാന്‍ കൃഷണന്‍ ആവശ്യപ്പെട്ടു....

ഒരു നിമിഷം ചിന്താമഗ്നയായി ദേവി...പിന്നെ മെല്ലെ മൊഴിഞ്ഞു......"ദുഃഖം മാത്രം മതി ഭഗവാനെ.. എനിയ്ക്ക്‌..മറ്റൊന്നും വേണ്ടാ "

മനുഷ്യമനസ്സുകളിലെ മനോവ്യാപാരങ്ങള്‍ മനതാരിലിട്ടു മനനം ചെയ്തുരസിയ്ക്കുന്നതു വിനോദമാക്കിയ സാക്ഷാല്‍ ഭഗവാന്‍ ആ മറുപടി കേട്ട്‌ ഒരു നിമിഷം അമ്പരന്നു.

"മനസ്സിനെ ദുഃഖങ്ങളില്‍ കടഞ്ഞെടുക്കുന്ന നിമിഷങ്ങളില്‍ മാത്രമെ ഈ ലൗകികജീവിതം അതെത്ര ക്ഷണികമാണെന്നും,.. നിസ്സാരമാണെന്നുമുള്ള സത്യം തിരിച്ചറിയുകയുള്ളു..മാനവികതയുടേയും....മനുഷ്യത്വത്തിന്റേയും മഹത്വം തിരിച്ചറിയുകയുള്ളു...കലഹവാസനയും കാപട്യവും ചിന്തകളില്‍ നിന്നും അകലകയുള്ളു......വചനങ്ങളിലും,.കര്‍മ്മങ്ങളിലും വിനയവും ലാളിത്യവും നിറയുകയുള്ളു....തെളിഞ്ഞ മനസ്സോടെ..നിഷ്കളങ്ക ഹൃദയത്തോടെ ഭഗവാനെ സ്മരിയ്ക്കാനാവൂ.."

അതായിരുന്നു കുന്തിദേവിയ്ക്ക്‌ ഭഗവാനോട്‌ പറയാനുണ്ടായിരുന്ന ന്യായീകരണം..

അമൃത്‌ നിറച്ച കുടമാണെങ്കില്‍ പോലും അതിന്റെ വായ്‌ ദുരാനുഭവങ്ങളുടെ നേര്‍ത്ത ശീലകൊണ്ടെങ്കിലും മൂടിക്കെട്ടണം.. അല്ലെങ്കില്‍ അതു ഒരു നിമിഷമെങ്കിലും അറിയാതെ തുളുമ്പിപോകും....പ്രത്യേകിച്ചും പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും പിടിച്ചുനില്‍ക്കാനാവാത്ത വിധം ആടിയുലമ്പോള്‍...

വര്‍ത്തമാനകാലത്തില്‍ പരസ്പരം മല്‍സരിച്ചു നിര്‍ത്താതെ മല്‍സരിച്ചു തുളുമ്പുന്ന പല നിറക്കുടങ്ങളേയും കാണുമ്പോള്‍ ഇത്രയുംകാലം ഇവരെയാണല്ലൊ ബഹുമാനിച്ചിരുന്നതെന്നോര്‍ത്ത്‌ മനസ്സില്‍ വിസ്മയം നിറഞ്ഞു തുളുമ്പുന്നു.

കെട്ടു പൊട്ടിയ പട്ടം പോലെ,..ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന ജീവിതം പോലെ എങ്ങോട്ടൊക്കയൊ ഒഴുകിപോകുന്നു ഈ വെള്ളിയാഴ്ചയിലെ എന്റെ എഴുത്ത്‌.

എവിടെ നിന്നോ തുടങ്ങി,..ലക്കും ലഗാനുമില്ലാതെ എവിടെയൊക്കയൊ അലഞ്ഞു..അവസാനം എവിടേയും എത്തുന്നുമില്ല....

അതെന്റെ കുറ്റമല്ല..കുറച്ചുദിവസമായി ഞാന്‍ വല്ലാത്തൊരു മാനസ്സികാവസ്ഥയിലാണ്‌..ആരോടും പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത,... ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായ അവസ്ഥ.....

ഇന്നു രാവിലത്തെ എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ ശോശാമ്മ നാട്ടില്‍ പോയി...ഒരു എമര്‍ജന്‍സി വെക്കേഷന്‍........

അവളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടു വന്ന ഉടനെ ഒറ്റയിരിപ്പു ഇരുന്നതാണ്‌ ഞാന്‍..പിന്നെ എന്തോ ഒരാവേശത്തില്‍ സ്വയം മറന്നു ടൈപ്പ്‌ ചെയ്യുകയായിരുന്നു....

ഒരന്തവുമില്ലാതെ ഇത്രയൊക്കെ ടൈപ്പ്‌ ചെയ്തിട്ടും എന്റെ മനസ്സ്‌ ശാന്തമാവുന്നില്ല.

സത്യത്തില്‍ ഈ നിമിഷങ്ങളില്‍ ഞാനവളെ വെറുക്കെണ്ടതാണ്‌...ശപിയ്ക്കേണ്ടതാണ്‌...പക്ഷെ എനിയ്ക്കതിനു കഴിയുന്നില്ല...

അവളുടെ പുഞ്ചിരിയ്ക്കുന്ന മുഖം... ദേഷ്യം,മുന്‍കോപം, പിണക്കം ഇതെല്ലാം ഒന്നിച്ചടച്ചുപൂട്ടി ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ചിരിയ്ക്കുന്ന അവളുടെ തീക്ഷ്ണമായ സ്ണേഹത്തിന്റെ വ്യാപ്തി.....അവള്‍ക്കുവേണ്ടി എന്തെങ്കിലും പാചകം ചെയ്യുമ്പോഴുള്ള ഞാനനുഭവിയ്ക്കുന്ന സംതൃപ്തി...അവസാനം എല്ലാം കഴിഞ്ഞ്‌ കുളിരുള്ള ചൂടിന്റെ തണലില്‍ പരസ്പരം തലചായ്ച്ചുറങ്ങുന്ന നിമിഷങ്ങളിലനുഭവിയ്ക്കുന്ന ശാന്തി അതെല്ലാം ഓര്‍ക്കുമ്പോള്‍ മനസ്സു നിറഞ്ഞുതുളുമ്പുന്നു...

ഇപ്പോഴും,...ഈ അവസ്ഥയിലും അവളോടുള്ള സ്നേഹത്തിന്റെ തീവൃതയ്ക്ക്‌ തെല്ലും കുറവു വരുന്നില്ല എന്ന സത്യം ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിയുന്നു.

ആദ്യമായിട്ട്‌,.. അതും ഇങ്ങിനെ ഒരു സാഹചര്യത്തില്‍ പിരിഞ്ഞിരിയ്ക്കേണ്ടി വന്നന്നതുകൊണ്ടാവാം യാത്ര പറയുന്ന സമയത്ത്‌ സഹിയ്ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല..

അവളുടേയും അവസ്ഥ അതു തന്നെയായിരുന്നു..

"അച്ചായന്റെ പിണക്കം ഇതുവരെ മാറിയില്ല അല്ലെ...അച്ചായാനും എന്റെ കൂടെ വരാമായിരുന്നു..."

എയര്‍പോര്‍ട്ടില്‍വെച്ചവള്‍ വിതുമ്പി...

ആദ്യമായിട്ടാണ്‌ അവളുടെ മിഴികള്‍ നിറഞ്ഞുകാണുത്‌.....

മുന്‍കോപവും എടുത്തുചാട്ടവും മുഖമുദ്രയായ എന്റെ ശോശാമ്മ ഉള്ളിന്റെയുള്ളില്‍ എത്ര പാവമാണ്‌....എന്നിട്ടും ഇങ്ങിനെ ഇങ്ങിനെയൊരു തീരുമാനം എടുക്കാന്‍ എവിടെനിന്നും കിട്ടി അവള്‍ക്കിത്രയും ധൈര്യം .....!

പതിനഞ്ചു ദിവസത്തെ കാര്യമല്ലെ ഉള്ളു മോളെ...സമാധാനത്തോടെ പോയിട്ടു വാ..പക്ഷെ,.. ഒറ്റയ്ക്കിരിയ്ക്കുന്ന സമയത്ത്‌ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച്‌ തിരിച്ചും മറിച്ചും ഒന്നു കൂടി ചിന്തിച്ചു നോക്കു..എന്നിട്ടുമതി ഫൈനലായി ഒരു തീരുമാനമെടുക്കാന്‍..കര്‍ത്താവു നിനക്ക്‌ നേര്‍വഴി കാണിച്ചുതരാതിരിയ്ക്കില്ല.....

ഒരപേക്ഷയുടെ സ്വരത്തില്‍ അതു പറയുമ്പോള്‍ എന്റെ ശബ്ദവും വല്ലാതെ ഇടറാന്‍ തുടങ്ങിയിരുന്നു......

അവള്‍ നാട്ടില്‍പോയിരിയ്ക്കുന്നതെന്തിനാണെന്ന്‌ ഞാന്‍ ഇനിയും പറഞ്ഞില്ല അല്ലെ!

മടി തോന്നുന്നു...ദൈവത്തിനു നിരക്കാത്ത ആ കാര്യത്തെകുറിച്ചു അണ്ണനോടുപോലും പറയാന്‍ ഇപ്പോഴും എനിയ്ക്കു മടി തോന്നുന്നു...

ഒരുദിവസം.. സ്നേഹം പതിവുവിട്ടു പാരമ്യത്തിലെത്തിയ വേളയില്‍, ഒരു നിയോഗംപോലെ പതിവുനിയന്ത്രണോപാധികളൊക്കെ വലിച്ചെറിഞ്ഞ്‌ ഞങ്ങള്‍ പരസ്പരം......അതെ.. അതു തന്നെ സംഭവിച്ചു.... അവള്‍ക്കു വിശേഷമായി..

നോക്കണെ കര്‍ത്താവിന്റെ ഓരോരൊ കളികള്‍..!

ഉള്ളുകൊണ്ടു സന്തോഷിയ്ക്കുകയായിരുന്നു ഞാന്‍..മനസ്സ്‌ ആഘോഷങ്ങള്‍ക്ക്‌ ഒരുക്കം കൂട്ടുകയായിരുന്നു...

പക്ഷെ,... അവളുടെ പ്രതികരണം തീര്‍ത്തും അമ്പരപ്പിയ്ക്കുന്നതായിരുന്നു...ആസ്ട്രേലിയന്‍ വിസ ഒന്നു രണ്ടുമാസത്തിനുള്ളില്‍ ശരിയാവാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു അവള്‍....ആ സമയത്ത്‌ ഇങ്ങിനെയൊരു തടസ്സം അവള്‍ക്കു ഓര്‍ക്കാനെ വയ്യായിരുന്നു......!

"ഇപ്പോ നമുക്കിതു വേണ്ടച്ചായോ,.നമ്മള്‍ രണ്ടുപേരും ചെറുപ്പമല്ലെ,..പേടിയ്ക്കേണ്ട കാര്യമില്ല...കര്‍ത്താവനുഗൃഹിച്ച്‌ ഇനിയും നമുക്കൊരുപാട്‌ അവസരങ്ങള്‍ ഉണ്ടാകും....ഇതിപ്പൊ നമ്മള്‍ മാത്രം അറിഞ്ഞാ മതി...വീട്ടുകാരുപോലും അറിയേണ്ട..പണ്ടത്തെപോലെയല്ലന്നെ...ഇന്നത്തെകാലത്ത്‌ ഇതൊക്കെ വെറും നിസ്സാരം..!.എല്ലാരും ചെയ്യുന്നതാ..!!

ഇവിടെയാണെങ്കില്‍ ഈ വക കാര്യങ്ങള്‍ക്ക്‌ ഒരു സൗകര്യവുമില്ല. അതുമാത്രമാണൊരു പ്രശ്നം....ഞാനൊന്നു നാട്ടില്‍ പോയി വരാം...എറണാകുളത്ത്‌ ഞാന്‍ വര്‍ക്കു ചെയ്തിരുന്ന ഹോസ്പിറ്റലില്‍ തന്നെ പോകാം ...എന്റെ ചില കൂട്ടുകാരികള്‍ ഇപ്പോഴും അവിടെയുണ്ട്‌..അപ്പൊപിന്നെ വലിയ ഫോര്‍മാലിറ്റികളുടെ ആവശ്യം വരില്ല."...

ഒരാവേശത്തില്‍,..ഒറ്റശ്വാസത്തില്‍ എത്ര ലാഘവത്തോടെ പറയാന്‍ കഴിഞ്ഞു അവള്‍ക്ക്‌`......

വിശ്വസിയ്ക്കാന്‍ കഴിയാതെ തരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.....

പ്രകൃതി ഓരോ സ്ത്രീയേയും ആദ്യം മുതലെ അടിമുടി വളര്‍ത്തിയൊരുക്കിയെടുക്കുന്നത്‌ അമ്മയാകാന്‍ വേണ്ടിയല്ലെ..മറ്റേതു സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള സംവരണത്തേക്കാള്‍ അവള്‍ കൊതിയ്ക്കുന്നതും..കൊതിയ്കേണ്ടതും മാതൃത്വത്തിന്റെ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടിയല്ലെ....

ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിയുന്ന നിമിഷങ്ങള്‍...ഏതൊരു സ്ത്രീയും ആനന്ദം കൊണ്ടു മതി മറക്കുന്ന ജീവിതസായുജ്യത്തിന്റെ അനുപമ നിമിഷങ്ങള്‍.

എന്നിട്ടും എന്റെ ശോശാമ്മ മാത്രം എന്തെ ഇങ്ങിനെയായി പോയി........

ആസ്ട്രേലിയന്‍-അയര്‍ലന്റു ജ്വരം കയറിയ അവള്‍ക്ക്‌ സ്വയംബോധം നഷ്ടപെട്ടിരിയ്ക്കുന്നു...എല്ലാം മറക്കുന്നു..

എനിയ്ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല,..സഹിയ്ക്കാന്‍ കഴിഞ്ഞില്ല..എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു...ജീവിതത്തില്‍ ആദ്യമായി അവളെന്റെ കൈത്തരിപ്പിന്റെ ചൂടറിഞ്ഞു.

അവള്‍ അലറിവിളിച്ചില്ല...തിരിച്ചു രൂക്ഷമായി പ്രതികരിച്ചില്ല....പിണക്കം ..നിസ്സഹകരണം...മൗനം ......വീണ്ടും പഴയകാലസമരമുറകള്‍....

"ചെയ്യുന്നതു ശരിയാണെന്ന്‌ സ്വന്തം മനസാക്ഷിയ്ക്ക്‌ ഉത്തമബോധ്യമുണ്ടെങ്കില്‍ ...നാളെ അതിന്റെപേരില്‍ കുറ്റബോധം തോന്നാനും പശ്ചാത്തപിയ്ക്കാനും ഇടവരില്ല എന്നുറപ്പുണ്ടെങ്കില്‍ നിനക്ക്‌ എന്തു തീരുമാനം വേണമെങ്കിലും എടുക്കാം.. അച്ചായന്‍ എതിരു നില്‍ക്കില്ല...."

അങ്ങിനെ അവസാനം അവളുടെ പിണക്കതിനും വാശിയ്ക്കും മുമ്പില്‍ എന്റെ ലോലഹൃദയം ഒരിയ്ക്കല്‍കൂടി തോറ്റു....

ആ നിശ്ചയദാര്‍ഢ്യത്തിന്റെയും മനക്കരുത്തിന്റേയും മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു ഞാന്‍ എന്നതാണ്‌ സത്യം..

മൊബൈലില്‍ പല്ലി ചിലച്ചു....നാട്ടില്‍ നിന്നും ശോശാമ്മ...അവള്‍ നെടുമ്പാശേരിയില്‍ എത്തിയിരിയ്ക്കുന്നു.

ഇനി നേരെ ഓലക്കുടിയിലുള്ള എന്റെ വീട്ടിലേയ്ക്ക്‌ ...പിന്നെ നാളെ എറണാകുളത്ത്‌ കൂട്ടുകാരികളുടെ അടുത്തേയ്ക്ക്‌..."എല്ലാം കഴിഞ്ഞ്‌" അവളുടെ വീട്ടില്‍ വിശ്രമം... എത്ര കൃത്യമായി എല്ലാം പ്ലാന്‍ ചെയ്തിരിയ്ക്കുന്നു അവള്‍...!!

കര്‍ത്താവെ,...അഞ്ചുമണിക്കൂറിലേറേയായി ഞാനീ സിസ്റ്റത്തിനുമുമ്പില്‍ കുത്തിയിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌.!...

മെല്ലെ എഴുന്നേറ്റു...കിച്ചണിലേയ്ക്കു നടന്നു....സ്റ്റൗവ്‌ കത്തിയ്ക്കാന്‍ പോലും മടി തോന്നുന്നു...ഒന്നു കുളിയ്ക്കാം...തണുത്ത വെള്ളം എത്ര കോരൊയൊഴിച്ചിട്ടും മതിവരുന്നുണ്ടായിരുന്നില്ല പതിവില്ലാത്തതാണ്‌..പനി വരുമെന്നുറപ്പാണ്‌...എന്നിട്ടും അങ്ങിനെ ചെയ്യാനാണ്‌ തോന്നിയത്‌..ഒന്നു വൃത്തിയായി തോര്‍ത്തിയതുപോലുമില്ല.....

ഹസ്സനിക്കയുടെ ബൂഫിയില്‍ പോയി സാന്‍ഡ്‌വിച്ചും ചായയും വാങ്ങി കഴിച്ചു...

പിന്നെ,..വ്യാഴാഴ്ചയിലെ ആഘോഷത്തിമര്‍പ്പിന്റെ ആലസ്യത്തില്‍ മയങ്ങുന്ന ആളൊഴിഞ്ഞ വീഥികളിലൂടെ എങ്ങോട്ടിന്നില്ലാതെ വെറുതെ നടന്നു...

ഒരു തണുപ്പുക്കാലം കൂടി തീരുന്നു..വെയിലിനു ചൂടേറുന്നു....എങ്കിലും വീശിയടിയ്ക്കുന്ന കാറ്റിന്റെ കരങ്ങളില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു പിരിഞ്ഞുപോകുന്ന ശിശിരകാലത്തിന്റെ കുളിരുള്ള സ്മരണകള്‍...!

വിജനമായ വീഥികളും...തണുത്ത കാറ്റും മനസില്‍ വിഷാദം നിറയ്ക്കുന്നതുപോലെ....ഒരുതരം ഡിപ്രെഷന്‍ മൂഡ്‌......റൂമിലേയ്ക്കു മടങ്ങി...ഒരു പനഡോളെടുത്തു കഴിച്ചു....

വീണ്ടും നെറ്റിന്റെ ലോകത്തേയ്ക്ക്‌....വിഷാദമുണര്‍ത്തുന്ന ചിന്തകളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിയ്ക്കാനും രക്ഷപ്പെടാനുമുള്ള എളുപ്പവഴിയായി മാറിയിരിയ്ക്കുന്നു ഇന്റര്‍നെറ്റും,ചാറ്റിങ്ങും....സത്യം ...

മൊബൈലില്‍ വീണ്ടും പല്ലി ചിലച്ചു..

"അച്ചായൊ ഞാന്‍ ഓലക്കുടിയിലെ തറവാട്ടു വീട്ടില്‍ എത്തി....കയറിവന്നപ്പോഴെ കേള്‍ക്കേണ്ടി വന്ന വാര്‍ത്ത....വല്ലാത്തൊരു സങ്കടമായി പോയി "വല്ലാതെ ആര്‍ദ്രമായിരുന്നു അവളുടെ ശബ്ദം.

"നമ്മുടെ തെക്കെ വീട്ടിലെ,.. RTO ഓഫീസില്‍നിന്നും റിട്ടയര്‍ ചെയ്ത ജോസഫ്‌സാറിന്റെ മകള്‍ ആലീസ്‌ചേച്ചിയില്ലെ...അച്ചായന്റെ കൂടെ പത്താംക്ലാസ്സു വരെ ഒന്നിച്ച്‌ പഠിച്ചത്‌...ആ ചേച്ചിയുടെ മകന്‍ റോബിന്‍ ഇന്നു രാവിലെ മരിച്ചുപോയി...ആക്സിഡന്റ്‌...സൈക്കിളില്‍ സ്ക്കൂളില്‍ പോകുകയായിരുന്നു...കോയമ്പത്തൂരില്‍ നിന്നും കള്ളു കയറ്റി പാഞ്ഞുവന്നിരുന്ന ഒരു മിനിലോറിയുടെ ബ്രേക്ക്‌പോയി, സുരഭിതിയറ്റര്‍ ജങ്ക്ഷനിലെ സിഗ്നലും കട്ട്‌ ചെയ്ത്‌ നേരെ അവന്റെ സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നു....

അവരുടെ വീട്ടിലൊക്കെ ഇപ്പോ അറിഞ്ഞതേയുള്ളു..കണ്ടുനില്‍ക്കാന്‍ വയ്യ അച്ചായാ ആലീസ്‌ചേച്ചിയുടെ കരച്ചിലും കണ്ണുനീരും....കുവൈറ്റിലുള്ള പോളേട്ടനെ ഇതുവരെ വിവരം അറിയിച്ചിട്ടില്ല.. എങ്ങിനെ അറിയിയ്ക്കും......ഒറ്റമോനല്ലെ ഉള്ളു അച്ചായാ അവര്‍ക്ക്‌.. അവരിതെങ്ങിനെ സഹിയ്ക്കും.....

കര്‍ത്താവ്‌ തരുമ്പോള്‍ രണ്ടുകയ്യും നീട്ടി സ്വീകരിയ്ക്കുക....കൂടുതലിഷ്ടം തോന്നി തിരിച്ചെടുക്കാനിടവന്നാല്‍ വിധിയെന്നോര്‍ത്ത്‌ സഹിയ്ക്കാനും സമാധാനിയ്ക്കാനും ശ്രമിയ്ക്കുക ...ഇത്രയൊക്കയല്ലെ പാവം നമ്മള്‍ മനുഷ്യര്‍ക്ക്‌ ചെയ്യാന്‍ കഴിയൂ...അതിനുമപ്പുറം നമ്മുടെ പ്ലാനിങ്ങിനൊക്കെ എന്തുവിലയാണുള്ളത്‌ അല്ലെ അച്ചായാ.!...

എന്നിട്ടും മൂഢന്മാരെപോലെ,.. ഒരന്തവുമില്ലതെ എന്തൊക്കെ പ്ലാന്‍ ചെയ്യുന്നു നമ്മള്‍...!!"

ഒരു നിമിഷം വാക്കുകള്‍ കിട്ടാതെ അവള്‍ വിതുമ്പി....

നമ്മുടെ കുഞ്ഞിനെ നമുക്കു വേണം അച്ചായൊ ...പൊന്നുപോലെ വളര്‍ത്തണം...എന്നോടു പൊറുക്കണം...എന്റെ തെറ്റുകള്‍ ഞാന്‍ മനസ്സിലാക്കുന്നു..എത്ര അവിവേകിയാണ്‌,..എത്ര പാപിയാണ്‌ ഞാന്‍........................
റോബിന്‍മോന്‍...പാവം ആലീസ്‌ചേച്ചി...ചേച്ചിയുടെ കണ്ണുനീര്‍... ഇനിയുള്ള ജീവിതം....

പിന്നെയും, പിന്നെയും എന്തൊക്കയൊ പറഞ്ഞ്‌.. നിയന്ത്രണംവിട്ട്‌ തേങ്ങികരയുകയായിരുന്നു ശോശാമ്മ..വാക്കുകള്‍ മുറിയുകയായിരുന്നു....അവളിലെ മാതൃത്വം ഉണരുകയായിരുന്നു...

ആശ്വസിപ്പിയ്ക്കാന്‍ പോയില്ല...കരയട്ടെ അവള്‍...മനസ്സിലെ അഴുക്കുകള്‍ മുഴുവന്‍ ഒഴുകിതീരട്ടെ..അവളിലെ സ്ത്രീത്വം അതിന്റെ പൂര്‍ണ്ണതയിലെത്തട്ടെ...

ക്രമേണ ആ കണ്ണുനീര്‍ എന്റെ കണ്ണുകളും ഏറ്റുവാങ്ങുകയായിരുന്നു...കീബോഡിലെ അക്ഷരങ്ങളേയും നിറച്ച്‌ അതു മെല്ലെ ടേബിളിലേയ്ക്ക്‌ ഒഴുകിയിറങ്ങി....

കണ്ണുനീരൊപ്പിയില്ല.... ഒഴുകട്ടെ.. ഒഴുകിയൊഴുകി ഈ മുറിമുഴുവന്‍ നിറയട്ടെ..ആ കണ്ണുനീര്‍തടാകത്തില്‍ എനിയ്ക്കു മതിവരുവോളം,..ശ്വാസംമുട്ടുവോളം മുങ്ങിനിവരണം.. പിറക്കുന്നതിനുമുമ്പെ സ്വന്തം രക്തത്തെ കുരുതികൊടുക്കാന്‍ നിസ്സഹായതയോടെ. അതിലേറേ നിസ്സംഗതയോടെ മൗനാനുവാദം നല്‍കിയതിന്റെ പാപഭാരം മുഴുവന്‍ കഴുകി കളയണം..

മനുഷ്യമനസ്സുകളില്‍ ഇതു നൊമ്പരത്തിന്റെ പ്രളയകാലം....സങ്കടപ്പെരുമഴ മനസ്സില്‍ തോരതെ പെയ്തിറിങ്ങുന്ന കാലം...

നൊമ്പരത്തിന്റെ നിമിഷങ്ങള്‍ എപ്പോഴും തിരിച്ചറിവിന്റെ നിമിഷങ്ങളായി മാറും... ആകാശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേയ്ക്ക്‌ പറന്നുയരാന്‍ തുടങ്ങുന്ന വ്യാമോഹങ്ങളുടെ ചിറകുകള്‍ നനഞ്ഞുകുതിരും.. ഭൂമിയുടെ,.. അമ്മയുടെ മടിത്തട്ടിലെ സുരക്ഷിതത്വത്തിലേയ്ക്ക്‌ മടങ്ങാന്‍ നിര്‍ബന്ധിതരാകും...മനസ്സില്‍ നന്മയുടെ നാമ്പുകള്‍ പൊട്ടിമുളയ്ക്കും...ലാളിത്യത്തിന്റെ സഹജീവനത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ അവസരമേകും....

പെയ്യട്ടെ,.....സങ്കടപെരുമഴ നിര്‍ത്താതെ പെയ്യട്ടെ..ആ അഗ്നിജലപ്രവാഹത്തില്‍ മനുഷ്യമനസ്സുകള്‍ നനഞ്ഞുകുതിരട്ടെ.ആ പ്രളയപ്രവാഹത്തില്‍ അഹന്തയും...അജ്ഞതയും..ലൗകികാസക്തിയും അലിഞ്ഞലിഞ്ഞില്ലാതാകട്ടെ...കത്തിചാമ്പലാകട്ടെ...

ഇതുതന്നെയായിരിയ്ക്കല്ലെ ഒരുപക്ഷെ ,..പുരാണങ്ങളില്‍പറഞ്ഞിട്ടുള്ള കലികാലാന്ത്യത്തിലെ പ്രളയകാലം...

അറിയില്ല..എനിയ്ക്കറിയില്ല..വല്ലാതെ തളര്‍ന്നിരിയ്ക്കുന്ന ശൂന്യമായ എന്റെ മനസ്‌...

എനിയ്ക്കൊന്നുറങ്ങണം..... എല്ലാം,മറന്ന്‌.എല്ലാമെല്ലാം മറന്ന്‌ സ്വസ്ഥമായി ഞാനൊന്നുറങ്ങട്ടെ.....

സൂസിമോളുടെ കല്യാണവിശേഷം എഴുതാനുള്ള ഒരു മാനസ്സികാവസ്ഥയില്‍ അല്ലാ ഞാനെന്ന്‌ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലൊ.........

ശോശാമ്മ തിരിച്ചുവരട്ടെ...വീണ്ടും ഞാന്‍ വരാം.... നല്ല മൂഡോടെ.... സൂസിമോളുടെ കല്യാണ വിശേഷങ്ങളുമായി....

കൊല്ലേരി തറവാടി.

Wednesday, March 3, 2010

ഞങ്ങള്‍ ചില പാവം ഓലക്കുടിക്കാര്‍... രണ്ടാമത്തെ പെഗ്ഗ്‌.......

സൂസ്സിമോളുടെ കല്യാണം...അതൊരു സംഭവം തന്നെയായിരുന്നു ഓലക്കുടിയില്‍... പ്രത്യേകിച്ചും ഞങ്ങള്‍ യുവാക്കള്‍ക്ക്‌ ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ദിനം.... ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരിയ്ക്കും ഒരു കരിദിനം.........

സൂസിമോളുടെ കല്യാണം വീട്ടുമുറ്റത്തു പന്തലൊരുക്കി... വടക്കെമുറ്റത്ത്‌ അടുക്കളപന്തലൊരുക്കി തനി നാടന്‍രീതിയില്‍ ആര്‍ഭാടമായിത്തന്നെ നടത്താന്‍ മാഷ്‌ തീരുമാനിച്ചു...

'അതൊക്കെ വലിയ പാടല്ലെ അപ്പച്ചാ....വീടും പരിസരവും വൃത്തികേടാകും,..പിന്നെ എത്ര ശ്രദ്ധിച്ചാലും മഴ പെയ്താല്‍ ആകെ അലമ്പാവും....നമുക്ക്‌ ആ ടൗണില്‍ പള്ളിക്കടുത്തു പൂക്കോടന്മാര്‍ പുതിയതായി പണിത ഏ സി ഓഡിറ്റോറിയം തന്നെ അങ്ങു ബുക്ക്‌` ചെയ്യാം...."

സണ്ണിക്കുട്ടിയും ജോണികുട്ടിയും അപ്പന്റെ മനസ്സു മാറ്റാന്‍ പരമാവധി ശ്രമിച്ചു നോക്കി...

പക്ഷെ മാഷുടെ തീരുമാനം ഉറച്ചതായിരുന്നു..

എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്‌ സ്വന്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു... അതിന്റേതായ ന്യായീകരണങ്ങളുമുണ്ടായിരുന്നു..

കാറു വീടും വലിയ ബംഗ്ലാവും വിശാലമായ മുറ്റവുമൊക്കെയുള്ള വലിയ പണക്കാര്‍ പോലും സ്വന്തമായി ഒരു സെന്റു ഭൂമിപോലുമില്ലാത്തവരെ പോലെ ആരാന്റെ കല്യാണമണ്ഡപം പാട്ടെത്തിനെടുത്ത്‌ ആര്‍ഭാടത്തോടെ സ്വന്തം മക്കളുടെ കല്യാണം നടത്തുമ്പോള്‍ ചിന്തിയ്ക്കാതെ പോകുന്ന ഒരുപാടു കാര്യങ്ങള്‍....

ആഘോഷനിമിഷങ്ങളില്‍ അനാഥമാകുന്ന തറവാടും പരിസരവും....ആര്‍പ്പുവിളിയ്ക്കും ആരവത്തിനും കാതോര്‍ത്തു തളരുന്ന ചുവരുകള്‍..... ബന്ധുക്കളുടെയും നാട്ടുക്കാരുടെയും കാലടിപാടുകള്‍ക്കായി കൊതിച്ചു നിരാശരാകുന്ന മുറ്റത്തെ മണ്‍ത്തരികള്‍....പ്രിയപ്പെട്ടവരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ കഴിയാതെ തറവാടിനകത്ത്‌ ഒറ്റപ്പെടുന്ന വൃദ്ധമനസ്സുകളുടെ ആത്മനൊമ്പരങ്ങള്‍...അതുകണ്ടുകേഴുന്ന മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍....ഇതൊക്കെ ഓര്‍ക്കുമ്പോള്‍ പലപ്പോഴും സങ്കടം വരാറുണ്ട്‌ മാഷിന്റെ പഴയ മനസ്സിന്‌...

കാറ്ററിംഗ്‌ സര്‍വ്വീസുക്കാര്‍ എണ്ണിചുട്ട അപ്പം പോലെ കൊണ്ടുവരുന്ന വിഭവങ്ങള്‍.. ബീവറേജസിന്റെയും മുന്നിലും, പരലോകത്തേയ്ക്കുള്ള ക്യൂവിലും ഒഴികെ മറ്റെല്ലായിടത്തും ഒരച്ചടക്കവുമില്ലാതെ "ഞാനാദ്യം..ഞാനാദ്യം" എന്ന തിടുക്കത്തൊടെ തന്‍പ്രമാണിത്വം കാണിയ്ക്കുന്ന നാട്ടുകാര്‍ക്ക്‌ കൂട്ടത്തോടെ കയ്യിട്ടു വാരി തിന്നാന്‍ അവസരമുണ്ടക്കിക്കൊടുക്കുന്ന ബുഫേ സിസ്റ്റം എന്ന ഏര്‍പ്പാടിനോടും മാഷക്ക്‌ ആദ്യം മുതലെ വെറുപ്പായിരുന്നു...

രാവിലത്തെ ഒറ്റ സിറ്റിങ്ങില്‍തന്നെ രണ്ടു രണ്ടരയിടങ്ങഴി വിസര്‍ജിച്ചു ശീലമുള്ള മലയാളികള്‍ ഏതെങ്കിലുമൊരു ദിവസം അതിന്റെ അളവില്‍ ഒന്നോ രണ്ടോ കഴിഞ്ചു കുറവുവന്നാല്‍ "അയ്യോ രണ്ടു ദിവസമായി ശോധന ശരിയായില്ല"... എന്നു പറഞ്ഞു അടുത്തുള്ള വൈദ്യശാലയിലേയ്ക്കോടുന്നു... വയിറിളക്കാന്‍ മരുന്ന് വാങ്ങി കഴിയ്ക്കുന്നു......

അങ്ങിനെ ഒരറ്റത്ത്‌ അത്തരത്തില്‍, അതിനനുയോജ്യമായ ഭക്ഷണക്രമം തലമുറകളായി പിന്തുടരുന്ന നമ്മള്‍ ആധുനികതയുടെ പേരില്‍ കാക്കകാഷ്ടത്തിന്റെ അളവിനു സമാനമായി ഒരു റ്റിഷ്യൂ പേപ്പറില്‍ കാര്യങ്ങളൊതുക്കാന്‍ വേണ്ടി കത്തിയും മുള്ളും ഉപയോഗിച്ചു അളന്നു മുറിച്ചു ആഹാരം കഴിയ്ക്കുന്ന സായ്പ്പിന്റെ തീന്‍മേശയിലെ ആചാരങ്ങളും രീതികളും പിന്തുടരാന്‍ വൃഥാ ശ്രമിയ്ക്കുന്നു..

ഇത്തരത്തില്‍ തനതുപാരമ്പര്യവും സംസ്ക്കാരവും നിലനിര്‍ത്താന്‍ മോഹിയ്ക്കുന്നതിനോടൊപ്പം ആധുനികതയെ വാരിപുണരാന്‍ ശ്രമിയ്ക്കുന്ന മലയാളിമനസ്സിന്റെ ഇരട്ടത്താപ്പിനെ അവജ്ഞയോടെ വീക്ഷിയ്ക്കാനെ തികഞ്ഞ ഗാന്ധിയനായ മാഷക്ക്‌ കഴിയാറുള്ളു.....

അങ്ങിനെ മാഷുടെ വീക്ഷണങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമനുസരിച്ച്‌ തറവാട്ടുമുറ്റത്തുത്തന്നെ കല്യാണപന്തലുയര്‍ന്നു...കലവറ തുറന്നു...വടക്കുവശത്തെ അടുക്കളപന്തലില്‍നിന്നും പുകചുരുളുകള്‍ വിശാലമായ തറവാട്ടുപറമ്പിലെ അന്തരീക്ഷത്തില്‍ ഒഴുകി നടക്കാന്‍ തുടങ്ങി.......

മറ്റു പ്രദേശങ്ങളിലെന്നപൊലെ ഓലക്കുടിയിലും ഏതൊരു വീട്ടില്‍ കല്യാണമുണ്ടായാലും കല്യാണതലേന്ന്‌ ഉച്ചമുതല്‍ പിറ്റേന്ന്‌ കല്യാണസദ്യക്ക്‌ അവസാനപന്തിയ്ക്ക്‌ ഇലയിടുന്നതു വരെയും ആ വീട്ടില്‍ ഓലക്കുടിയിലെ യുവജനങ്ങളുടെ സജീവസാന്നിധ്യമുണ്ടാകും...

അടുക്കളപന്തല്‍ മുതല്‍ മണിയറയുടെ അലങ്കാരം വരെ ഏല്ലാത്തിന്റെ പുറകിലും അവരുടെ കയ്യും മെയ്യും മനസ്സുമുണ്ടാകും...

മറ്റു ദേശങ്ങളിലെ യുവാക്കാളെപ്പൊലെ ഓസിനു ഓസിയാറടിച്ചു മത്തു പിടിച്ചുവാളുവെയ്ക്കാനുള്ള അവസരങ്ങള്‍ക്കുള്ള മോഹനങ്ങളൊന്നുമായിരുന്നില്ല ഇതിന്റെ പുറകില്‍..

ആണ്‍കുട്ടികള്‍ പതിനാറു തികഞ്ഞ പിറ്റേ ദിവസം മുതല്‍ രാവിലെ മുഖം കഴുകാനും ദാഹിയ്ക്കുമ്പോള്‍ വെള്ളത്തിനു പകരം കുടിയ്ക്കാനും ലാവിഷായി പട്ടയുപയോഗിയ്ക്കുന്ന ഓലക്കുടിയിലെ യുവാക്കള്‍ക്ക്‌ അങ്ങിനെ പ്രത്യേകിച്ചൊരവസരത്തിനുവേണ്ടി കൊതിയോടെ കാത്തിരിയ്ക്കേണ്ട കാര്യമില്ലല്ലൊ....

പിന്നെ, എന്താന്നുവെച്ചാല്‍.. ഒരു രസം... സ്വയം മറന്നാഘോഷിയ്ക്കാനുള്ള ഒരവസരം..

ഒരു വീട്ടിലെ കല്ല്യാണമെന്നു പറയുന്നത്‌ ആ വീട്ടുകാരുടെ മാത്രമല്ല ആ ദേശത്തെ ചെറുപ്പക്കാരുടെ കൂടി ആഘോഷമാണ്‌.. നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ അത്‌ ആബാലവൃദ്ധം ജനങ്ങളുടെയും ആഘോഷമായി മാറും..........

റിക്കോര്‍ഡുകളില്‍നിന്നും റിക്കോഡുകളിലേയ്ക്കു കുതിച്ച്‌ ആഗോളപ്രശസ്തി നേടുമ്പോഴും,...... ലാളിത്യം കൈവിടാന്‍ മടിയ്ക്കുന്ന,.. ഒരുപാടു കൊച്ചുകൊച്ചു ഗ്രാമങ്ങളുടെ സമന്വയമായ ഓലക്കുടിപട്ടണത്തിന്‌ പലകാര്യങ്ങളിലും ഇന്നും പഴയ നാട്ടിന്‍പുറത്തിന്റെ ശീലങ്ങളാണ്‌...

ആഹ്ലാദോന്മത്തരായി ഒത്തുചേരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പരസ്പരം സൗഹൃദം പങ്കുവെയ്ക്കാനുതകുന്ന സുഖമുള്ള കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിയ്ക്കുന്നു ഇത്തരം ഉത്സവനിമിഷങ്ങള്‍..

വിവാഹിതര്‍ക്ക്‌ ഹൃദയത്തിന്റെ മണിചെപ്പില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള മഹത്തായ ആ ദിനത്തിന്റെ സുന്ദരനിമിഷങ്ങള്‍ ആലേഖനം ചെയത ആല്‍ബം പൊടിതട്ടിയെടുത്ത്‌ മധുരസ്മരണകള്‍ അയവിറക്കി രസിയ്ക്കാനുള്ള ഒരസുലഭാവസരം.....

അവിവാഹിതര്‍ക്ക്‌ തങ്ങളുടെ ജീവിതത്തിലും കടന്നുവരാന്‍പോകുന്ന മഹത്തായ ആ ദിനത്തെക്കുറിച്ച്‌ സുഖമുള്ള ഓര്‍മ്മപ്പെടുത്തല്‍..എല്ലാം നീരിക്ഷിച്ചു മനപാഠമാക്കാനുള്ള ഒരവസരം...

കൂട്ടുകാരിയുടെ വിവാഹനാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന സായാഹ്നം. അവിവാഹിതകളായ യുവതികളെ സംബന്ധിച്ച്‌ തികച്ചും അവിസ്മരണീയമായ നിമിഷങ്ങളായിരിയ്ക്കും സമ്മാനിയ്ക്കുക.........

മണവാട്ടിപ്പെണ്ണിനൊപ്പം നാളെ അവളുടെ ആദ്യരാവിലെ സുന്ദരമുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ പോകുന്ന മുറിയില്‍ ചിലവഴിയ്ക്കുന്ന നിമിഷങ്ങള്‍..!

തൃശൂരില്‍ പൂരത്തലേന്ന്‌ അലങ്കരിച്ചൊരുക്കിവെയ്ക്കുന്ന ആനചമയങ്ങള്‍പോലെ പ്രദര്‍ശിപ്പിയ്ക്കുന്ന പുത്തന്‍ ആഭരണങ്ങളുടെ തിളക്കം,...!

പുതുവസ്ത്രങ്ങളുടെ വര്‍ണ്ണചാരുത,..!.

മംഗല്യദിനം സുരഭിലസുന്ദരമാക്കാന്‍ കരുതലോടെ പൊതിഞ്ഞ്‌ ഭദ്രമായി സൂക്ഷിച്ചുവെച്ച വിടരാന്‍ വെമ്പിനില്‍ക്കുന്ന ഈര്‍പ്പമുള്ള മുല്ലപ്പൂമൊട്ടുകളുടെ മാദകഗന്ധം ..!

സ്വര്‍ഗതുല്യമായ ആ അന്തരീക്ഷത്തില്‍ രാജകുമാരിയെപോലെ വിലസി വിരാജിയ്ക്കുന്ന നവവധു.....!

ആ മാസ്മരികക്കാഴ്ചകള്‍ പാവം അവരിലുറങ്ങികിടക്കുന്ന മൃദുമോഹങ്ങളെ... അവയുടെ മര്‍മ്മസ്ഥാനത്തുതന്നെ വിരല്‍മീട്ടിയുണര്‍ത്തും..!

അടുത്തത്‌ എന്റെ നമ്പര്‍...എന്റെ നമ്പര്‍....എന്ന ചിന്തയില്‍ ആ ലോലഹൃദയങ്ങള്‍ വികാരഭരിതകമാകും...!

മണിയറയുടെ കിളിവാതിലൂടെ താഴെ പന്തലിലില്‍ ചുറുചുറുക്കോടെ ഓടിനടക്കുന്ന യുവാക്കളെ സ്വയം മറന്നുനോക്കിനില്‍ക്കുമ്പോള്‍ അതുവരെ ഇല്ലാതിരുന്ന എന്തോ ഒരു ആകര്‍ഷണം...ഒരടുപ്പം...എന്തിനോവേണ്ടിയുള്ള തൃഷ്ണ...ആ മനസ്സുകളില്‍ ചുരമാന്തിയുണരും..!

ഇതേ സമയം, ഇത്തരം സന്ദര്‍ഭങ്ങളില്‍ യുവാക്കളുടെ രീതികളും ചിന്തകളും കുറെകൂടി വിശാലമായിരിയ്ക്കും.പ്രായോഗികമായിരിയ്ക്കും......

കിട്ടുന്ന ഓരോ അവസരങ്ങളും പറ്റുന്ന വിധത്തിലൊക്കെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരിയ്ക്കും അവരുടെ പ്രധാന ലക്ഷ്യം....

അടുക്കളപന്തലില്‍ പാത്രം കഴുകുന്ന പാവം വാത്തി രാധ മുതല്‍ നാല്‍പ്പതു കഴിഞ്ഞിട്ടും മുപ്പതിന്റെ മൂപ്പും മുഴപ്പും ത്രസിപ്പുമായി...കടക്കണ്ണില്‍ കത്തിയെരിയുന്ന കാമംനിറച്ച കുസൃതിയും,.. മുറുക്കിചുവപ്പിച്ച ചുണ്ടുകളില്‍ ശൃംഗാരചിരിയും വാരിവിതറി... ചുറുചുറുക്കോടെ പന്തലില്‍ ഓടി നടക്കുന്ന ആലീസ്‌ചേട്ടത്തി വരെ വിവിധ രീതികളും.... രൂപഭാവങ്ങളുമുള്ള മഹിളാമണികളുമായി കൊഞ്ചാനും കുഴയാനും ഇത്തിരി കളിപറയാനും.. ഒത്തുകിട്ടിയാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ ഒന്നു തട്ടാനും മുട്ടാനും കിട്ടുന്ന ചില സുന്ദരനിമിഷങ്ങള്‍..!

പിന്നെ ഇത്തിരി തഞ്ചവും കുറെ ലക്കും ഒത്തു വരുകയാണെങ്കില്‍ .. അന്യദേശങ്ങളില്‍ നിന്നും കല്യാണം കൂടാന്‍ വരുന്ന മുഖക്കുരു പരുവത്തിലുള്ള നല്ലൊരു നരന്തുപെണ്ണിനെ വലയിലാക്കി ചെത്തൊരു ലൈനുണ്ടാക്കി ഭാവിജീവിതം നിറമുള്ളതാക്കി മാറ്റാനുള്ള സുവര്‍ണ്ണവസരങ്ങള്‍.....

ഞങ്ങളുടെ ചുള്ളന്‍സംഘത്തിലെ തലമുതിര്‍ന്ന മെംബറും പോലീസുകാരനും കൂട്ടത്തില്‍ ഏറ്റവും രസികനും, സര്‍വ്വോപരി സുന്ദരനുമായ കുട്ടിക്കല്‍ മോഹനേട്ടന്‍ രണ്ടുവര്‍ഷം മുമ്പ്‌ ഇതുപോലെ ഒരു ദിവസം മോതിരക്കണ്ണിയിലെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ അവന്റെ പെങ്ങളുടെ കല്യാണത്തിനു പോയതായിരുന്നു..... നല്ല അടുപ്പുമുള്ള ചങ്ങാതിയായതുകൊണ്ട്‌ തലേദിവസം ദിവസം രാവിലെ തന്നെ മോഹനേട്ടന്‍ അവിടെ എത്തി.

നല്ല എരിവും മസാലയും ചേര്‍ത്തു വരട്ടിയെടുത്ത കാട്ടുപന്നിയിറച്ചിയുടെയും, പുഴുങ്ങിയ വേളാംകണ്ണികൊള്ളികിഴിങ്ങിന്റെയും സപ്പോര്‍ട്ടില്‍ വലിച്ചു കയറ്റിയ നാടന്‍ കശുമാങ്ങചാരായത്തിന്റെ ലഹരിയില്‍ കല്യാണവീടിനു മുമ്പിലൂടെ നിറഞ്ഞു തുളുമ്പിയൊഴുകുന്ന കനാലിന്റെ തീരത്തു കൂടി മോതിരക്കണ്ണിയുടെ സായാഹ്ന സൗന്ദര്യവും ആസ്വദിച്ച്‌ ഒറ്റയ്ക്കൊന്നു നടക്കാനിറങ്ങി പാവം മോഹനേട്ടന്‍.

കല്യാണവീടിന്‌ എതിര്‍വശത്ത്‌ കനാലിനക്കരെയുള്ള ഓടിട്ട രണ്ടുനിലവീടിന്റെ മുറ്റത്ത്‌ പോക്കുവെയിലിന്റെ സ്വര്‍ണ്ണകിരങ്ങളില്‍ ശോഭിച്ച്‌ എന്തൊക്കയൊ സ്വപ്നങ്ങളില്‍ മുഴുകി ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ അലസലാസ്യ വിലാസവതിയായി മുടി കോതിയൊതുക്കികൊണ്ടിരിയ്ക്കുകയായിരുന്നു നീണ്ടുവിടര്‍ന്ന ഒരു നാടന്‍സുന്ദരി അപ്പോള്‍.... ....

ഒരു നിമിഷം...ഒരു ദുര്‍ബല നിമിഷം പാവം മോഹനേട്ടന്റെ മിഴികള്‍ അറിയാതെ അവളിലേയ്ക്കു തെന്നി വീണു...

തികച്ചും യാദൃശ്ചികമായി,.. കൃത്യം ആ സമയത്തുതന്നെ മുടിയുടെ ജട പിടിച്ച ഭാഗത്തു പേന്‍ചീപ്പു കുടുങ്ങിയ വേദനയില്‍ അവളും മുഖം തിരിച്ചു..... ഒരു നിമിത്തം പോലെ ...നിയോഗം പോലെ..മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടെന്നപോലെ.. ഇത്തിരിപോലും ഉന്നം തെറ്റാതെ..ആ മിഴികള്‍ മോഹനേട്ടനുനേരെ നീണ്ടു....

സൈറ്റടിയ്ക്കുകയാണൊ എന്നുതോന്നിയ്ക്കുന്ന വിധം അവ ആദ്യം ചിമ്മിയടഞ്ഞു.. പിന്നെ വിടര്‍ന്നു തിളങ്ങി........

മിഴികള്‍ പരസ്പരം കൂട്ടിമുട്ടിയ ആ നിമഷം... ശാകുന്തളത്തിലെ ആദ്യാനുരാഗനിമിഷത്തിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു......

ആ വിടര്‍ന്നു ചാഞ്ചാടുന്ന മിഴികളുടെ മാന്ത്രികതയില്‍... മനം മയക്കുന്ന ആ സൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ചയില്‍.. ചാരായം നല്‍കിയ വീര്യത്തിന്റെ ബലത്തില്‍..... പാവം മോഹനേട്ടന്‍ എല്ലാം മറന്ന്‌... പരിസരം മറന്ന്‌ ഉച്ചത്തില്‍ നീട്ടിപാടി...

"ചിത്തിരതോണിയില്‍ അക്കരെ പോകാന്‍ എത്തിടാമോ പെണ്ണെ,...ചിറയിന്‍കീഴിലെ പെണ്ണെ കാലില്‍ ചിലങ്ക കെട്ടിയ പെണ്ണെ...."......!!!!

ആ പെണ്ണു ചിറയിന്‍കീഴുകാരിയായിരുന്നില്ല...!

കാലില്‍ ചിലങ്കയും കെട്ടിയിരുന്നില്ല......!

പരിശുദ്ധയായ അവള്‍ ജീവിതത്തിലൊരൊയ്ക്കലും "ചിത്തിരതോണി" കണ്ടിട്ടില്ലായിരുന്നു..! അത്തരം അവസരങ്ങളെക്കുറിച്ചൊന്നും ആ പാവം ഏറെ ചിന്തിച്ചിട്ടില്ലായിരുന്നു...

പക്ഷെ,...പെട്ടന്നൊരാവേശത്തില്‍,... അറിയാതെ പാടിയതായിരുന്നെങ്കിലും... ശ്രുതി, ലയം,.. താളം തുടങ്ങിയ സംഗതികളൊന്നും കൃത്യമായി ഇല്ലായിരുന്നുവെങ്കിലും... ആ പാട്ടിലുടനീളം വല്ലാത്തൊരു"ഫീല്‍"ഉണ്ടായിരുന്നു.

ആ പെണ്‍കുട്ടിയ്ക്ക്‌ അതു പെട്ടന്നുതന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു... പഴയപാട്ടിന്റെ പുതിയ റീമിക്സ്‌ വേര്‍ഷന്‍ ആ മനസ്സു പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു....

എടുക്കുമ്പോള്‍ ഒന്ന്‌... തൊടുക്കുമ്പോള്‍ പത്ത്‌... എന്ന കണക്കില്‍ അവളുടെ ഹൃദയത്തില്‍ നിന്നും ആയിരക്കണക്കിനു എസ്സെമ്മെസ്സുകള്‍ പറന്നെത്തി മോഹനേട്ടനെ വീര്‍പ്പുമുട്ടിച്ചു...

അവിടെ...മോഹനേട്ടന്റെ ജീവിതത്തിലെ പുതിയൊരദ്ധ്യയത്തിനു തുടക്കം കുറിയ്ക്കുകയായിരുന്നു ...

ഐഡിയയില്‍ നിന്നും ഐഡിയയിലേയ്ക്ക്‌... .എസ്സെമ്മെസ്സുകളിലൂടെ... മിസ്‌ഡ്‌ കോളുകളിലൂടെ.. പ്രണയസല്ലാപങ്ങളിലൂടെ.. മൊബൈല്‍ റേഞ്ചിന്റെ പരിധികള്‍ക്കപ്പുറത്തേയ്ക്കു ആ ബന്ധം വളര്‍ന്നു..

കാത്തിരുന്നു... കാത്തിരുന്നു വിവശമാകാന്‍ തുടങ്ങിയ അവരുടെ മനസ്സുകള്‍ പോലെ.....ചാര്‍ജുചെയ്ത്‌ ചാര്‍ജുചെയ്തു മതിവരാതെ ഇരു മൊബൈലുകളിലേയും ബാറ്ററികളും തളരാന്‍ തുടങ്ങിയിരുന്നു...

കൂടുതലെന്തു പറയാന്‍...ഒടുവില്‍ സംഭവിയ്ക്കേണ്ടതുതന്നെ സംഭവിച്ചു..!!..

സംഭാവാമി യുഗേ യുഗേ ..!!

ആറു മാസത്തിനകം തൃസന്ധ്യയ്ക്കു കണ്ട ആ പെണ്ണ്‌.. സന്ധ്യ... മോഹനേട്ടന്‌ സ്വന്തമായി..... പട്ടുചേലയുടെ കാന്തിയില്‍... കത്തിച്ച്‌ നിലവിളക്കിന്റെ ശോഭയില്‍... സീമന്തരേഖയില്‍ നവസിന്ദൂരതിലകത്തിന്റെ ഐശ്വര്യവുമായി അവള്‍ ആദ്യം വലതുകാലുവെച്ചു...

പിന്നെ, ഇരുവരുംചേര്‍ന്ന്‌ കരുതലോടെ.. അടക്കത്തോടെ,... ഒതുക്കത്തോടെ,.... അതിലേറെ ഒരുമയോടെ വലതുകാലും ഇടതുകാലും മാറിമാറി വെച്ച്‌.. മെല്ലെ ജീവിതയാത്രയുടെ പടവുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി....

അങ്ങിനെയങ്ങിനെയങ്ങിനെ ..... കല്യാണകഴിഞ്ഞ്‌` കൃത്യം പത്തുമാസം കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങളുടെ "ചുള്ളാധിച്ചുള്ളന്‍" മോഹനേട്ടന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനുമായി.... !!!.

നോക്കണേ...എങ്ങിനെ അടിച്ചുപൊളിച്ചുനടന്നിരുന്നിരുന്നതാണ്‌ മോഹനേട്ടന്‍... ആ പാവത്തിന്‌ എത്ര പെട്ടന്നാണ്‌ ഇങ്ങിനെയെല്ലം വന്നു ഭവിച്ചത്‌.....!...

വിധിയുടെ വിളയാട്ടം.....അല്ലാതെന്തുപറയാന്‍...!!

ഇങ്ങിനെ ഒരു ബന്ധം ഊട്ടിയുറപ്പിയ്ക്കന്ന വിവാഹവേളകള്‍....എത്രയെത്ര പുതിയ ബന്ധങ്ങളുടെ തുടക്കത്തിനു നിദാനമാകുന്ന വേദികളായി മാറുന്നു... മനുഷ്യരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നു...

കെട്ടുപ്രായമെത്തിയ മക്കളുള്ള ചില മാതാപിതാക്കള്‍ കന്നുകാലിചന്തയിലെത്തുന്ന തരകുകാരന്റെ കൗശലം നിറഞ്ഞ കണ്ണുകളുമായി പരതിനടന്ന്‌ തങ്ങള്‍ക്കനുയോജ്യരായ മരുമക്കളെ പലപ്പോഴും ഇത്തരം വേദികളില്‍നിന്നും കണ്ടെത്തുന്നു...

************************************************************************************


കര്‍ത്താവെ... നേരം പന്ത്രണ്ടു മണി കഴിഞ്ഞിരിയ്ക്കുന്നു!....

ശോശാമ്മ നൈറ്റ്‌ ഡ്യൂട്ടിയിലാണെന്നുള്ള ധൈര്യത്തില്‍ ഞാന്‍ എല്ലാം മറന്നിരുന്നിഴുതുകയാണ്‌... നാളെ രാവിലെ എനിയ്ക്കു ഡ്യൂട്ടി ഉണ്ടെന്നുള്ള കാര്യം പോലും മറന്ന്‌......

ഡാഡിയും മമ്മിയും ജോലിയ്ക്കുപോകുമ്പോള്‍ ഫ്ലാറ്റില്‍ ഒറ്റയ്ക്കാവുന്ന ഒരു കൗമാരക്കാരന്‍ അനുഭവിയ്ക്കുന്ന ധെര്യവും.. സ്വാതന്ത്രവും തുളുമ്പുന്ന പ്രത്യേകതരം മാനസ്സികാവസ്ഥയില്ലെ... ഏതാണ്ട്‌ അതേ അവസ്ഥ ശോശാമ്മ ജോലിയ്ക്കു പോകുന്ന സമയങ്ങളില്‍ എനിയ്ക്കും ഫീല്‍ ചെയ്യാറുണ്ട്‌..

ഇന്റര്‍നെറ്റില്‍ ചാറ്റ്‌ റൂമിലെ കറക്കങ്ങളിലായാലും.....ഓഫീസിലെ മുരുഗനണ്ണാച്ചിയുടെ കയ്യില്‍നിന്നും ആരും കാണാതെ, മാന്യതയ്ക്കു കോട്ടം തട്ടാതെ,.. ചുളുവില്‍ സംഘടിപ്പിയ്ക്കന്ന കുസൃതിസീഡികള്‍ കാണുന്ന കാര്യത്തിലായാലും.. അങ്ങിനെ എല്ലാത്തിലും വല്ലാത്ത ഉത്സാഹം...

ഇപ്പോള്‍തന്നെ ഇതു ടൈപ്പ്‌ ചെയ്യുമ്പോള്‍ അവളിവിടെ ഉണ്ടായിരുന്നെങ്കില്‍ കലിതുള്ളി അലറുമായിരുന്നു...

എന്തിനവളെ പറയണം.....എന്നോ ഒരുകാലത്ത്‌ വെറും പരിചയം മാത്രമുള്ള ഒരു നാട്ടുകാരിപെണ്ണിനെക്കുറിച്ചോര്‍ത്തു ഇത്രയേറെ വികാരം കൊള്ളുന്ന,.. ആ വികാരത്തിന്റെ പുറത്ത്‌ എന്തൊക്കയൊ എഴുതിപ്പിടിപ്പിയ്ക്കുന്ന ഒരു ഭര്‍ത്താവിനെ ഏതു ഭാര്യയ്ക്കാണ്‌ ക്ഷമയോടെ കണ്ടുനില്‍ക്കാന്‍ കഴിയുക....

ക്ഷമയുടെ... സഹനത്തിന്റെ.. ത്യാഗത്തിന്റെ... സ്നേഹത്തിന്റെ പര്യായമായ പഴയ "സ്ത്രീ" സീരിയിലെ നായിക ഇന്ദുവിനുപോലും കഴിയില്ല......!!

പിന്നേയല്ലെ ക്ഷമ, സഹനശക്തി ഇതൊന്നും നാലയലത്തുകൂടിപോലും പോകാത്ത.. മുന്‍കോപം മുഖമുദ്രയായ എന്റെ പാവം ശോശാമ്മയുടെ കാര്യം..!!

പക്ഷെ,...എത്ര ശ്രമിച്ചിട്ടും എഴുതാതിരിയ്ക്കാന്‍ കഴിയുന്നില്ല...

എന്റെ മാത്രം കുഴപ്പമല്ല ഇത്‌,...സൂസ്സിമോളെകുറിച്ചോര്‍ക്കുന്ന നിമിഷങ്ങളില്‍ അക്കാലത്ത്‌ ഓലക്കുടിയിലുണ്ടായിരുന്ന ഓരോ യുവാവിന്റേയും മാനസികാവസ്ഥ ഇപ്പോഴും ഇതൊക്കെതന്നെയായിരിയ്ക്കും....

പറയുന്നതില്‍ അതിശോക്തി തോന്നുമെന്നറിയാം...

എന്നാലും പറയാതിരിയ്ക്കാന്‍ കഴിയില്ല.. പ്രത്യേകിച്ചും പള്ളികാര്യങ്ങളില്‍ അതീവതല്‍പ്പരയായിരുന്ന സൂസ്സിമോളുമൊത്ത്‌ സജീവമായി പ്രവര്‍ത്തിയ്ക്കാന്‍ അവസരം ലഭിച്ച ഞങ്ങള്‍ യൂത്ത്‌ മൂവ്‌മന്റ്‌ പ്രവര്‍ത്തകര്‍ക്ക്‌...

പഴകിയ വീഞ്ഞുപോലെ,.. മനസ്സിന്റെ അടിത്തട്ടിലെ നനുത്ത ഓര്‍മകള്‍ സിരകളില്‍ ലഹരിപടര്‍ത്തി പടര്‍ന്നിറങ്ങി വീര്യമുണര്‍ത്താന്‍ തുടങ്ങുന്ന മൂന്നാമത്തെ പെഗ്ഗിന്റെ കിക്കില്‍ നോണ്‍വെജിറ്റേറിയന്‍ കല്യാണസദ്യ ഇത്തിരി കേമായിട്ടുതന്നെ വിളമ്പാം എന്നു കരുതുന്നു....

നാട്ടില്‍,..കമ്പനികൂടി കഴിയ്ക്കാനിരിയ്ക്കുന്ന വേളകളില്‍ ഒന്നു രണ്ടു പെഗ്ഗു കഴിയുമ്പോളെ,...ലഹരിമൂത്ത്‌, സദസ്സറിയാതെ, സഭ്യാസഭ്യ വേര്‍തിരിവില്ലാതെ,..കേള്‍ക്കുന്നവര്‍ക്കു ബോറടിയ്ക്കുന്നുണ്ടോ എന്ന ചിന്ത പോലുമില്ലാതെ ചളുവടിച്ചുകൊണ്ട്‌ ഷൈന്‍ ചെയ്യുക എന്നത്‌ പണ്ടെ എന്റെ ഒരു ശീലമാണ്‌......

അവസാനം കല്യാണാവിരുന്നൂണു നാളുകളില്‍ ഒരു ദിവസം ആ ശീലം ശരിയ്ക്കും വിനയായി മാറി....

അല്ലെങ്കിലും കല്യാണത്തിനു മുമ്പുള്ള പലശീലങ്ങളും തുടര്‍ന്നുള്ള കുടുംബജീവതത്തില്‍ പാരയായി മാറുക പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു പുതുമയുള്ള കാര്യമല്ലല്ലോ...

വെക്കേഷന്‍ തീര്‍ന്നു രണ്ടുപേര്‍ക്കും മടങ്ങാന്‍ ഏതാണ്ട്‌ ഒരാഴ്ച മാത്രം ബാക്കിയുള്ള ഒരു ദിവസം....

അന്നത്തെ അത്താഴവിരുന്ന്‌ അവളുടെ അമ്മച്ചിയുടെ തറവാട്ടുവീട്ടിലായിരുന്നു....സ്ത്രീകളും കുട്ടികളും അടക്കം ഒരുപാടു അംഗങ്ങള്‍ അടങ്ങിയ വലിയൊരു ഒരു കൂട്ടുകുടുംബമായിരുന്നു അത്‌....

പുതുമണവാളന്‍ ഓലക്കുടികാരനാണെന്നാ പരിഗണനകൊണ്ടാണൊ എന്നറിയില്ല വിപുലമായൊരുക്കിയ ഭക്ഷണത്തിനോടൊപ്പം നല്ല ഒന്നാന്തരം സ്കോച്ചും പ്രത്യേകമായി ഒരുക്കിയിരുന്നു...

ഒരു മടിയും കൂടാതെ കമ്പനികൂടാന്‍ സമപ്രായക്കരും തലമുതിര്‍ന്നവരുമായ എന്തിനുപോന്ന കുറെ മച്ചാന്മാരും ...

പോരേ...പൂരം.....!!!

അത്താഴത്തിനുമുമ്പ്‌,.. വിശാലമായ മുറ്റത്തെ നാട്ടുമാവിന്‍ചുവട്ടില്‍,... മണിമലയാറ്റില്‍നിന്നും വീശുന്ന കുളിരുള്ള കാറ്റേറ്റ്‌,....കാഴ്ചക്കാരെപോലെ നിന്നിരുന്ന ആ വലിയ കുടുംബസദസ്സിനു മുന്നില്‍ താനൊരു വിരുന്നുകാരനാണെന്ന കാര്യം പോലും മറന്ന്‌ വീശി.....ശരിയ്ക്കും വീശി...

പതിവിലേറേ വീശിയതുകൊണ്ടാകാം,.., പരിസരബോധമില്ലാതെ ...ആ സദസ്സിലെ അംഗങ്ങള്‍ ആരൊക്കയാണെന്നോര്‍ക്കാതെ,..യാതൊരു ഔചിത്യവുമില്ലാതെ പരിധിവിട്ടു ചളുവടിച്ചു...ഷൈന്‍ ചെയ്തു..

മണിചേട്ടന്റെ നാടന്‍പാട്ടുമുതല്‍ പൂരപ്പാട്ടുവരെ നീണ്ടുപോയി എന്റെ പ്രകടനം..!!
ഒപ്പം ബോധമില്ലതെ ഓവറായി നൃത്തച്ചുവടുകളെന്നപേരില്‍ എന്തൊക്കയൊ കാട്ടികൂട്ടി..!!..
..
പാവം എന്റെ ശോശാമ്മ,... ജീവിതത്തില്‍ ആദ്യമായി അവളുടെ അച്ചായന്‍ തറയാകുന്നതിനു അവള്‍ സാക്ഷിയായി....

അതും അവളുടെ അപ്പാപ്പന്റേയും,..അമ്മാമ്മയുടെയും,.. അമ്മായിമാരുടെയും നാത്തൂന്മാരുടെയും, അവരുടെ മക്കളുടെയും മുമ്പില്‍ വെച്ച്‌..!.... പുതുവസ്ത്രങ്ങളുടെ മണം മാറും മുമ്പെ....!

തൊലിയുരിഞ്ഞുപോകുന്നതുപോലെ തോന്നി അവള്‍ക്ക്‌.

അപമാനഭാരവുമായി തിരിച്ചു വീട്ടില്‍ വന്നപ്പോഴേയ്ക്കും സ്വതവേ ഇരുണ്ട അവള്‍ ഒന്നുകൂടി ഇരുണ്ടിരുന്നു..

പുതുമോടി ആയിരുന്നതുകൊണ്ടാകാം അക്കാലത്തെ അവളുടെ പിണക്കങ്ങള്‍ക്ക്‌ ഇപ്പോഴത്തെയത്ര തീക്ഷ്ണതയോ തീവ്രവാദ ആക്രമണ രീതികളൊ ഉണ്ടായിരുന്നില്ല..

നിസ്സഹകരണം....മൗനവ്രതം തുടങ്ങിയ അഹിംസാധിഷ്ഠിത ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ ആയിരുന്നു പ്രധാന ആയുധങ്ങള്‍....

തിരിച്ചുപോകാന്‍ ഒരാഴ്ച മാത്രം ബാക്കി....

രണ്ടുപേര്‍ക്കും പോകേണ്ടതാകട്ടെ രണ്ടിടങ്ങളിലേയ്ക്കും...

ഞാന്‍ ദമ്മാമിലും,..അവള്‍ ജിദ്ദയിലും ആയിരുന്നു അന്ന്‌ വര്‍ക്ക്‌ ചെയ്തിരുന്നത്‌...

ഒരു ട്രാന്‍സ്‌ഫര്‍ ഒപ്പിച്ചെടുത്ത്‌ ഒന്നിച്ചു ജീവിതം തുടങ്ങാന്‍ എത്ര നാളുകള്‍ കാത്തിരിയ്കേണ്ടി വരുമെന്ന്‌ അറിയാത്ത അവസ്ഥ....

നാട്ടില്‍നിന്നും പിരിഞ്ഞാല്‍ പരസ്പരം ഒന്നു കാണാന്‍ പോലും ചുരുങ്ങിയത്‌ നാലഞ്ചുമാസം കഴിയണം..

എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു....അമ്മച്ചിയെ തൊട്ട്‌..എന്തിന്‌ കര്‍ത്താവിന്റെ പേരില്‍ പോലും ആണയിട്ടു പറഞ്ഞു....അറിയാവുന്ന രീതിയിലൊക്കെ പ്രലോഭിപ്പിയ്ക്കാന്‍ ശ്രമിച്ചു,...എന്നിട്ടും അവള്‍ കുലുങ്ങിയില്ല..വഴങ്ങിയില്ല...ഒന്നു തൊടുവാന്‍ പോലും സമ്മതിച്ചില്ല......തരിച്ചിരുന്നുപോയി ഞാന്‍...!

അവളുടെ മനസ്സിന്റെ കാഠിന്യം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്‌.എന്തിനവളെ പറയണം അത്രയ്ക്കും നാണക്കേടല്ലെ ഞാനവള്‍ക്ക്‌ വരുത്തിവെച്ചത്‌.......

തിരിച്ചു വന്ന ശേഷം നിരന്തരമുള്ള കോളുകള്‍....അറിയാവുന്ന സാഹിത്യഭാഷയില്‍ മൊബൈല്‍ വഴിയുള്ള കൊച്ചുകൊച്ചു പ്രണയസന്ദേശങ്ങള്‍...അങ്ങിനയങ്ങിനെ മെല്ലെ അവളെ തണുപ്പിച്ചെടുത്തു...

അവസാനം രണ്ടുമാസങ്ങള്‍ക്കുശേഷം ചെറിയപെരുന്നാളിന്റെ അവധിയ്ക്ക്‌,.. ജിദ്ദയില്‍ അവളുടെ കൂട്ടുകാരിയുടെ ഫ്ലാറ്റിന്റെ സ്വകാര്യതയില്‍ ആ പിണക്കത്തിന്റെ മൂടുപടം പൂര്‍ണ്ണമായും അഴിച്ചുമാറ്റി ഞങ്ങള്‍ വീണ്ടും ഒന്നായി..കര്‍ത്താവിന്റെ കൃപകൊണ്ട്‌ അധികം വൈകാതെ അവള്‍ക്കു ട്രാന്‍സ്‌ഫറുമായി... .

തുടര്‍ന്നുവന്ന രണ്ടു വെക്കേഷണുകളിലും നാട്ടില്‍വെച്ച്‌ ഞാന്‍ വെള്ളമടിയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ ശോശാമ്മ വളരെ കെയര്‍ഫുള്‍ ആയിരുന്നു...രണ്ടു പെഗ്ഗില്‍ കൂടുതല്‍ കഴിയ്കാന്‍ ഒരിയ്ക്കലും അനുവദിച്ചിരുന്നില്ല.......

ശോശാമ്മെ,.. പാവം ഒരു ഓലക്കുടിക്കാരനായി പോയില്ലേടി ഞാന്‍,.. എനിയ്ക്ക്‌ ചുണ്ടു നനയ്ക്കാന്‍പോലും തികിയയില്ലല്ലൊ രണ്ടുപെഗ്ഗ്‌ ..നാട്ടില്‍ വരുമ്പോള്‍, അതും വല്ലപ്പോഴു മാത്രമല്ലെ ഇങ്ങിനെ കമ്പനികൂടാന്‍ അവസരം കിട്ടുന്നത്‌.....!!...
ബാച്ചിലര്‍ലൈഫിന്റെ കെട്ടു വിടുന്നതിനുമുമ്പ്‌ നടന്ന അന്നത്തെ ആ സംഭവം....നീ അതു മറന്ന് കള...ഇപ്പോ നിന്റെ അച്ചായന്‍ എത്ര മാറിയിരിയ്ക്കുന്നു...മര്യാദക്കാരനായിരിയ്ക്കുന്നു..അറിയാലൊ നിനക്ക്‌"..!

എന്തു പറഞ്ഞാലും എത്ര കാലുപിടിച്ചു പറഞ്ഞാലും ഇപ്പോഴും അവള്‍ക്കു മനസ്സിലാകില്ല..

അവളുടെ കണ്ണുവെട്ടിച്ച്‌ കമ്പനികൂടാനോ, വെള്ളമടിയ്ക്കാനോ ഉള്ള ധൈര്യം ഇപ്പോഴാണെങ്കില്‍ എനിയ്ക്കൊട്ടില്ലതാനും.!

അങ്ങിനെ,..പിന്നെ, എന്താ പറയാ..! കുടുംബസമാധാനം അതൊന്നോര്‍ത്തു മാത്രം.. മറ്റു പലതിനുമൊപ്പം ക്രമേണേ അതും അഡ്‌ജസ്റ്റു ചെയ്യാന്‍ ഞാനങ്ങു പഠിച്ചു...!

"കുടുംബസമാധാനം സര്‍വ്വസമാധാനാല്‍ പ്രധാനം" എന്നണാല്ലൊ പഴമൊഴി..

നോക്കണെ ലഹരിയുടെ പുറത്ത്‌ എല്ലാം മറന്നുള്ള ചളുവടികള്‍ വരുത്തി വെയ്ക്കുന്ന ഒരോരോ വിനകള്‌.....പാവം ഞങ്ങള്‍ ഓലക്കുടിക്കാര്‍ പിടിയ്ക്കുന്ന ഓരോരോ പുലിവാലുകള്‌ !!